യുദ്ധം മടുത്ത യുധിഷ്ഠിര ചക്രവർത്തി നമ്മുടെ കിങ്ങിണിക്കുട്ടനെപ്പോലെ എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ പോയതിന്റെ വ്യഥയിൽ കടുത്ത ഡിപ്രഷനിലേക്ക് മൂക്കുകുത്തിവീണു.ചക്രവർത്തിയുടെ രോഗം കലശലാണെന്നു മനസിലാക്കിയ അളിയൻ കൃഷ്ണൻ
ന്യൂറോ സാക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളിലും ഗവേഷണം നടത്തിയിട്ടുള്ള അമേരിക്കയിലെ പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. സണ്ണിക്കുട്ടിയുടെ സഹായം തേടി.പിന്നെ മന്ത്രായി, മരുന്നായി...ചുരുക്കിപ്പറഞ്ഞാൽ യുധിഷ്ഠിര ചക്രവർത്തിക്ക്
ദീർഘനാൾ ഡോ. സണ്ണിക്കുട്ടിയുടെ ചികിത്സയിൽ കഴിയേണ്ടി വന്നു.ഒടുവിൽ ഡോ. സണ്ണിക്കുട്ടിയുടെ ചികിത്സ ഫലിച്ചു.
പാണ്ഡുപുത്രനെ ബാധിച്ച ദുഷ്ടാത്മാവിനെ ഡോ.സണ്ണിക്കുട്ടി ഒഴിപ്പിച്ച് മണിച്ചിത്രത്താഴിട്ടു പൂട്ടി മുദ്രവെച്ചു.
യുധിഷ്ഠിര ചക്രവർത്തി പുതിയൊരു മനുഷ്യനായി ജീവിതം ആരംഭിച്ചു.കാര്യങ്ങൾ ഇത്രയുമായ സ്ഥിതിക്ക് കടിച്ചാൽ പൊട്ടാത്ത യുധിഷ്ഠിരൻ എന്ന പേരുകൂടി മാറ്റാൻ ഡോ. സണ്ണിക്കുട്ടി ഉപദേശിച്ചു.അങ്ങനെ യുധിഷ്ഠിര ചക്രവർത്തി
പുരുഷു എന്ന പുതിയ പേരുസ്വീകരിച്ചു.ഹസ്തിനപുരിയിലെ ഗസറ്റിൽ വിജ്ഞാപനവും പുറപ്പെടുവിച്ചു.
ഒരുദിവസം മഹാഭാരത യുദ്ധത്തിന്റെ നടുക്കമുണർത്തുന്ന ഓർമ്മകൾ അയവിറക്കി പുരുഷു ചക്രവർത്തി
തന്റെ വീടിനു മുന്നിലെ മുറുക്കാൻ കടയുടെ അരികിലുള്ള വെയിറ്റിംഗ് ഷെഡിൽ ഒരു ദിനേശും വലിച്ച് (പുകവലി
ആരോഗ്യത്തിനു ഹാനികരം,പോലീസ് പിടിച്ചാൽ കനത്ത ഫൈൻ നൽകേണ്ടി വരും)
തന്റെ മാതാശ്രീയുടെ സ്മരണാർഥം താൻ തന്നെ തുടങ്ങിയ "കുന്ദീ ദേവീ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിൽ" പോകുന്ന
പെമ്പിള്ളേരുടെ വായിൽ നോക്കി ഇരിക്കുകയായിരുന്നു..!
അപ്പോൾ മീൻ കുട്ടയും തലയിൽ വെച്ച് കൂവിക്കൊണ്ട് മീൻകാരി ശാന്ത അതുവഴി വന്നു..!
അനന്ത വിഹായസ്സിന്റെ വിശാലതയിലേക്ക് ബീഡിപ്പുക ഊതിപ്പറത്തി നിർവാണ നിഷ്കാസിതനായി ഇരിക്കുന്ന
യുധിഷ്ഠിര ചക്രവർത്തിയോട് (പുകവലി ആരോഗ്യത്തിനു ഹാനികരം,പോലീസ് പിടിച്ചാൽ കനത്ത ഫൈൻ
നൽകേണ്ടി വരും)
മീൻകാരി ശാന്തയാണ് ലോകചരിത്രം തിരുത്തിക്കുറിച്ച വിശ്വപ്രസിദ്ധമായ ആ ചോദ്യം ആദ്യമായി ചോദിച്ചത്...!
"അല്ല ...!
പുരുഷുവിനിപ്പൊ യുദ്ധമൊന്നുമില്ലേ"...?
പിന്നീടാ ചോദ്യം കോപ്പിയടിച്ച് ലാൽ ജോസ് മീശ മാധവനിൽ എഴുതി ചേർത്തു.ഈ മോഷണത്തിനെതിരെ ശാന്ത
ഹസ്തിനപുരി മുൻസിഫ് കോടതിയിൽ കോപ്പി റൈറ്റിനു കേസു കൊടുത്തിരിക്കുകയാണ്.എന്നാണ്
ഫേസ് ബുക്കിൽനിന്നും അറിയാൻ കഴിഞ്ഞത്.എന്താ ചെയ്ക.!
വന്നു വന്ന് ഇപ്പൊ ലോകത്തു നടക്കുന്ന എന്തെങ്കിലും ഒരു നാറ്റക്കേസിന്റെ വിവരമറിയണമെങ്കിൽ
സായിപ്പിന്റെ ഫേസ് ബുക്ക് നോക്കണം -ന്നായി.കോട്ടയത്തെ പത്രങ്ങളെല്ലാം ഒരു വഴിക്കായിരിക്ക് ണു...
മുമ്പൊക്കെ നാട്ടീ നടക്കണ വിവരങ്ങളറിയാൻ കുഞ്ഞുക്കുട്ടന്റെ ബാർബർഷോപ്പും ചന്ദ്രൻ നായർടെ
ചായക്കടെമുണ്ടായിരുന്നു.അതു രണ്ടും പൂട്ടീരിക്ക് ല്ലേ! പ്പോ അവറ്റ നിന്നെടത്ത് ഗൾഫീന്നു വന്ന ഏതോ മാപ്ല
വല്യ മാളു പണിയ്യാത്രേ പത്തുപതിനഞ്ചു കൊല്ലംകൊണ്ട് നമ്മടെ നാട് പോയ പോക്കേ ...!
സുകൃതക്ഷയം.....
അല്ലാണ്ടെന്താപ്പോ പറയ് ക! ശംഭോ മഹാദേവാ!!

ഡോ. ബിജു കൈപ്പാറേടൻ

