ഫ്രഷ് ടു ഹോം ഒക്കെ വരുന്നതിന് കുറേനാള്‍ മുമ്പാണ്. കായലും കടലും തോടും പുഴയും ഒന്നും ഭൂപ്രകൃതിയുടെ ഭാഗമല്ലാത്ത, റബര്‍തോട്ടങ്ങളും കപ്പപ്പറമ്പുകളും ഒക്കെ കൂടുതലായി കണ്ടിരുന്ന ഞങ്ങളുടെ നാട്ടില്‍, പിടക്കുന്ന പച്ചമീന്‍, ഒരു പതിവു കാഴ്ചയേ അല്ലായിരുന്നു. ദിവസങ്ങളോളം ഐസിലിട്ട ചത്ത മീന്‍ സ്കൂട്ടറിലോ, ബൈക്കിലോ മീന്‍ വില്‍ക്കുന്ന ചേട്ടന്മാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒക്കെ കൊണ്ടുവന്നിരുന്നുവെങ്കിലും ഉണക്കമീനും ഉണക്ക ഇറച്ചിയും ഒക്കെയായിരുന്നു മിക്ക വീടുകളിലെയും സാധാരണ കാഴ്ച.
"നല്ല പെടക്കണ മീനുണ്ടാട്ടോ." അത് കേട്ടാല്‍ ഉറപ്പിക്കാം. വൈക്കംകാരി, അരയത്തി ഭവാനിയാണ്. ഞങ്ങളുടെ പച്ചമീന്‍ കാഴ്ചയും പച്ചമീന്‍ അനുഭവവും എല്ലാം ഭവാനി ചേച്ചിയായിരുന്നു. പെടക്കണ മീന്‍ എന്നൊക്കെ ചുമ്മാ പറയുന്നതാണ്. രാവിലെ പിടിച്ച മീന്‍, വൈക്കത്തുനിന്ന് രണ്ടുമൂന്നു ബസ് ഒക്കെ മാറി കയറി തലച്ചുമടായി ഞങ്ങളുടെയൊക്കെ വീടുകളില്‍ എത്തുമ്പോഴേക്കും സമയം പലപ്പോഴും ഉച്ചയൂണിനോട് അടുക്കും. അമ്മ അന്നത്തേക്ക് വേണ്ട കറികളുടെ കാര്യത്തില്‍ ഒക്കെ ഒരു അവസാന ധാരണയിലെത്തി, പണിയൊക്കെ ഒരുവിധം ഒതുങ്ങി എന്ന സമാധാനത്തോടെ ഇരിക്കുമ്പോഴായിരിക്കും പലപ്പോഴും ഭവാനി ചേച്ചി പ്രത്യക്ഷപ്പെടുക.
അത്യാവശ്യം പുഷ്ടിയുള്ള, വടിവൊത്ത, എണ്ണക്കറുപ്പുള്ള ശരീരം. തിളങ്ങുന്ന ചുവന്ന കല്ലിന്‍റെ ഒരു മൂക്കുത്തി. നെറ്റിയില്‍ വട്ടപ്പൊട്ട്, അണ്ടര്‍സ്കേര്‍ട്ടിനു മുകളില്‍ അറ്റം കയറ്റി കുത്തിയ കളംകളം മുണ്ട്. മുന്‍പും പിമ്പുമൊക്കെ നന്നായി വെട്ടിയിറക്കിയ ബ്ലൗസും അതിനു മുകളില്‍ ഒരു തോര്‍ത്തും. തലയില്‍ തോര്‍ത്തിന്‍റെ തിരികയ്ക്കു മുകളിലായി ഒരു വലിയ അലൂമിനിയം ചെരുവം. അതില്‍ മീനുകളും (ചത്തതുതന്നെ) കട്ടിയും ത്രാസും ഒക്കെ കാണും. ചെമ്മീന്‍, കക്ക, ചെമ്പല്ലി, കരിമീന്‍, ആവോലി- പല ദിവസങ്ങളില്‍ പലതരം മീനുമായിട്ടാവും ഭവാനിചേച്ചി വരിക.
തലയിലെ അലൂമിനിയച്ചരുവം താഴെയിറക്കി, തിണ്ണയിലിരുന്ന്, കഴുത്തിലും കൈയിലുമുള്ള വിയര്‍പ്പുതുള്ളികളെ തോര്‍ത്തുകൊണ്ട് ഒപ്പിയെടുത്ത് "സാറേ മീന്‍ എടുക്കട്ടെ?" എന്ന ഭവാനിചേച്ചിയുടെ ചോദ്യം ഉയരും. ചില ദിവസങ്ങളിലൊക്കെ വൈകുന്നേരം അഞ്ചുമണിക്കും ഞങ്ങളുടെ വീട്ടിലെത്തി ഈ ചോദ്യം ചോദിക്കുന്നതില്‍ ഭവാനി ചേച്ചിക്ക് ലേശവും സങ്കോചം ഉണ്ടായിരുന്നില്ല. മീനിനും നാട്ടുവര്‍ത്തമാനങ്ങള്‍ക്കും അപ്പുറം കാഴ്ചയുടെ വസന്തം ആയിരുന്നു എനിക്ക് ഭവാനിചേച്ചി.
അവരുടെ ഏറ്റവും ചെറിയ ചലനം പോലും എന്തുകൊണ്ടോ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അവരുടെ ശരീരത്തിന്‍റെ വളവുകളും ചലനങ്ങളും, അത് സൃഷ്ടിക്കുന്ന മീന്‍ രുചിയേക്കാള്‍ എത്രയോ ശ്രേഷ്ഠമായിരുന്നു!
സംസാരത്തിന്‍റെ താളത്തില്‍ തുടങ്ങുന്ന ഈ വൈവിധ്യത്തിന്‍റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായിരുന്ന, എന്നെ സംബന്ധിച്ചിടത്തോളം അവരുടെ മൂക്കുത്തി സൃഷ്ടിക്കുന്ന പ്രകാശ കിരണങ്ങള്‍ മുതല്‍ നീണ്ട കറുത്ത ഇടതൂര്‍ന്ന തലമുടി വട്ടത്തില്‍ കെട്ടുമ്പോള്‍ ഉണ്ടാകുന്ന അവരുടെ കൈയിലെ ദ്രുതഗതിയിലുള്ള ചലനങ്ങള്‍ വരെ എല്ലാം പ്രിയപ്പെട്ടതായിരുന്നു. കോട്ടയം പാലാ മധ്യതിരുവിതാംകൂര്‍ സുറിയാനി മലയാളത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായ വൈക്കം അരയഭാഷയുടെ നീട്ടലും കുറുക്കലും ചെരിവും വളവുമെല്ലാം ഞങ്ങള്‍ക്ക് പുതുമയായിരുന്നു. മറ്റൊരു മലയാളത്തിന്‍റെ സാധ്യതകള്‍ കൂടിയായിരുന്നു, ഭവാനിചേച്ചി ഞങ്ങള്‍ക്ക്.
ആദ്യറൗണ്ട് കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഭവാനി ചേച്ചി തനി കച്ചവടക്കാരിയാവും. അലൂമിനിയം ചെരുവത്തില്‍ അവശേഷിക്കുന്ന മീനുകളെല്ലാം ഞങ്ങളുടെ വീട്ടില്‍തന്നെ തീര്‍ക്കുന്നതില്‍ മിക്കവാറും അവസരങ്ങളില്‍ ഒക്കെ അവര്‍ വിജയിച്ചിരുന്നു. 500-1000 റേഞ്ചില്‍ ഉള്ള ഒരു തുകയ്ക്ക് (കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്) കച്ചവടം ഉറപ്പിക്കുന്നതിനുള്ള അവസാന ശ്രമം എന്ന നിലയില്‍ ഭവാനി ചേച്ചി ഒരു ഓഫര്‍ വെക്കും. മീന്‍ മുഴുവന്‍ എടുക്കുവാണെങ്കില്‍ ഞാന്‍ ഫ്രീയായി വെട്ടിത്തന്നോളാം. അമ്മയ്ക്കുപോലും നിരാകരിക്കാന്‍ കഴിയാത്ത ഒരു ഓഫര്‍. അതുവരെ മിക്കവാറും മീന്‍ വേണ്ട, ഇവിടെ കറിയൊക്കെ ഉണ്ട് എന്ന നിലപാടില്‍ ഉറച്ചു നിന്നിരുന്ന അമ്മപോലും ആ ഡയലോഗില്‍ വീഴും.
പിന്നെ കാഴ്ചയുടെ ഒരു വിരുന്നാണ്. മുണ്ടിന്‍റെ അറ്റം എടുത്തു കുത്തി, കുരണ്ടിയിലിരുന്ന് ഞൊടിയിടയില്‍ അലൂമിനിയം ചെരുവത്തിലുള്ള മീന്‍ അത്രയും അവര്‍ വെട്ടി തീര്‍ക്കും. മീന്‍ വെട്ടുക എന്നത് ഒരു കലയാണെന്ന തോന്നല്‍ കാഴ്ചക്കാരില്‍ സൃഷ്ടിക്കുകയായിരുന്നു, അവര്‍ ഓരോ തവണയും. അവരുടെ കൈയുടെ ചെറുചലനങ്ങള്‍ പോലും നൃത്തത്തിലെ മുദ്രകളെ അനുസ്മരിപ്പിച്ചു. എന്തുകൊണ്ടോ ഈ കാഴ്ച എന്‍റെയുള്ളില്‍ കൗതുകത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. മീന്‍ എല്ലാം വെട്ടി, അലൂമിനിയച്ചെരുവും തേച്ചുകഴിയുമ്പോഴേക്കും ഭവാനിചേച്ചി ഉച്ചത്തില്‍ പറയും. "കൊച്ചേ, ആ സോപ്പ് ഇങ്ങെടുത്തേ, ബസ്സില്‍ കയറാനുള്ളതാ, കഴുകിയില്ലെങ്കില്‍ മേലെല്ലാം നാറും." കൈയിലും കാലിലും മുഖത്തും കഴുത്തിലും എല്ലാം സോപ്പ് നന്നായി പുരട്ടി അവര്‍
ഒരു അരക്കുളി പാസാക്കും. മീന്‍മണം പുരണ്ട പഴയ തോര്‍ത്ത് അലൂമിനിയ ചെരുവത്തില്‍ ഇട്ട്, കൈയിലെ കൂടില്‍ സൂക്ഷിച്ച പുതിയ തോര്‍ത്ത് മാറത്തിട്ട്, സമൃദ്ധമായ തലമുടി ഒന്നുകൂടി അഴിച്ചുകെട്ടി, മീനിന്‍റെ കാശ് ബ്ലൗസിനുള്ളിലേക്ക് തിരുകി തിരുകി, "എന്നാ പിന്നെ വരാട്ടോ" എന്നും പറഞ്ഞു വന്നതിനേക്കാള്‍ ഏറെ സുന്ദരിയായി അവര്‍ മടങ്ങും. അപ്പോള്‍ ചാഞ്ഞു തുടങ്ങിയ വെയിലിന്‍റെ വെളിച്ചത്തില്‍ അവരുടെ മൂക്കുത്തി കൂടുതല്‍ തിളങ്ങും.
പിന്നീട് ഒരിക്കല്‍ ഭവാനി ചേച്ചി വന്നപ്പോള്‍ പതിവുള്ള തിളങ്ങുന്ന മൂക്കുത്തി കണ്ടില്ല. പകരം ഒരു ചെറിയ ഈര്‍ക്കില്‍ കഷ്ണം ആ സ്ഥാനത്തുണ്ട്. "മൂക്കുത്തി എവിടെ ഭവാനിചേച്ചി?" എന്ന എന്‍റെ ചോദ്യത്തിന്, "അതെവിടെയോ കളഞ്ഞുപോയി മോളേ" എന്നെനിക്ക് മുഖം തരാതെ അവര്‍ മറുപടി പറഞ്ഞു. പതിവുപോലെ അന്നും അലൂമിനിയചെരുവത്തിലെ മീന്‍ മുഴുവന്‍ അവര്‍ കച്ചവടം ഉറപ്പിച്ച് ഞങ്ങള്‍ക്ക് തന്നു. പോകുന്നതിനു തൊട്ടു മുന്‍പായി കുറച്ച് രൂപ അവര്‍ അച്ചാച്ചനോട് ചോദിച്ചു. അടുത്ത തവണ വരുമ്പോള്‍ ആ തുക തിരിച്ചു നല്‍കാമെന്ന് അവര്‍ പറഞ്ഞെങ്കിലും, ആ തുക മടക്കിവാങ്ങണം എന്ന ഉദ്ദേശ്യം വീട്ടില്‍ ആര്‍ക്കും ഇല്ലായിരുന്നു. ഭവാനിചേച്ചി ഒരുക്കുന്ന മീന്‍കാഴ്ചയുടെ വസന്തത്തെ പ്രതീക്ഷിച്ചിരുന്ന എന്നെ തീര്‍ത്തും നിരാശയാക്കി പിന്നീട് വര്‍ഷങ്ങളോളം അവര്‍ ഞങ്ങളുടെ വീട്ടില്‍ മീനുമായി എത്തിയില്ല. മേടിച്ച തുക തിരിച്ചു തരാന്‍ കഴിയാതിരുന്നതുകൊണ്ടാവണം അവര്‍ ഞങ്ങളുടെ വീടിനെ പൂര്‍ണമായും ഒഴിവാക്കി മീന്‍കച്ചവടം നടത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം പിന്നീട് എപ്പോഴോ അവര്‍ അലൂമിനിയ ചെരുവത്തില്‍ മീനുമായി വന്നപ്പോഴേക്കും, യൗവനം, ബാല്യകൗമാരങ്ങളുടെ കൗതുകങ്ങള്‍ എന്നില്‍ നിന്നും അകറ്റിയിരുന്നു.
കാഴ്ചകളുടെയും അനുഭവങ്ങളുടെയും കുറെ അധികം ചിത്രങ്ങള്‍ ഭവാനിചേച്ചിയുടെ കളഞ്ഞുപോയ മൂക്കുത്തിപോലെ എനിക്കും നഷ്ടമായി. കുറച്ചു നോട്ടുകള്‍ എനിക്ക് നഷ്ടമാക്കിയ മീന്‍കാഴ്ചകള്‍ക്കും മീന്‍ അനുഭവങ്ങള്‍ക്കും ഞാന്‍ ആരോട് പരാതി പറയാനാണ്!
(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)


