PRAVASI

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

Blog Image

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ 11 മണിക്ക് നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. തമിഴ്നാട്ടിൽ ടി വി കെ സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം തവണയാണ് ഗവർണറെ കാണാൻ വിജയ് ലോക്ഭവനിലെത്തിയത്. ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം എൽ എ മാരുടെ പിന്തുണ കത്ത് എവിടെ എന്ന് ചോദിച്ച ഗവർണർക്ക് മുന്നിൽ 120 എം എൽ എ മാരുടെ പിന്തുണ ഉറപ്പിച്ചാണ് വിജയ് മുന്നാം വട്ടം എത്തിയത്. ഇതിന് ശേഷമാണ് ലോക്ഭവൻ സത്യപ്രതിജ്ഞയ്‌ക്കുള്ള അനുവാദം നൽകിയത്. 108 എം എൽ എ മാരുള്ള ടി വി കെക്ക് കോൺഗ്രസ് 5, സി പി എം 2, സി പി ഐ 2, മുസ്ലിം ലീഗ് 2, വി സി കെ 1, എന്നീ എം എൽ എമാരാണ് പിന്തുണ പ്രഖ്യാപിച്ചത്. ഗവർണർക്ക് പിന്തുണക്കത്ത് കൈമാറിയതോടെ വിജയ് യെ സർക്കാർ രൂപികരിക്കാൻ ഇനിയും വൈകാനാകില്ല. ഇതിനിടെ ഗവർണർ ക്ഷണിക്കാനായി ടി വി കെ സുപ്രീം കോടതിയെയും സമീപിച്ചിട്ടുമുണ്ട്. നാളെ 11 മണിക്ക് സത്യപ്രതിജ്ഞ നടത്താനുള്ള നീക്കത്തിലാണ് വിജയും ടി വി കെയും. ഗവർണറെ കണ്ടിറങ്ങിയ വിജയ്, നന്ദി അറിയിക്കാനായി സി പി എം, സി പി ഐ, ലീഗ്, വി സി കെ ഓഫീസുകളിലേക്ക് എത്തും.
തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 4 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ചാണ് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായത്. 108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ 'കൈ' പിടിച്ചെത്തിയ കോൺഗ്രസിന് പിന്നാലെ ഇന്ന് വിസിലടിച്ച് ഇടത് പാർട്ടികളും വി സി കെയും മുസ്ലീം ലീഗും  ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകനായി വിജയ് മാറുന്നത്. കോൺഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1, മുസ്ലീം ലീഗിന്റെ 1 എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷമായ 118 ടി വി കെയ്ക്ക് സ്വന്തമായത്. ഇതിന് പിന്നാലെയാണ് ലീഗും പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ 120 ലേക്ക് എം എൽ എമാരുടെ അംഗബലം ഉയർന്നു. ഉപാധികളില്ലാത്ത പിന്തുണയാണ് സി പി എമ്മും സി പി ഐയും പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ ബി ജെ പി, ഗവർണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടത് പാർട്ടികൾ പിന്തുണ കത്ത് കൈമാറിയത്. വിജയ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും. അതേസമയം വി സി കെ മന്ത്രിസഭയുടെ ഭാഗമാകും. വി സി കെ നേതാവ് തിരുമാവളവൻ മന്ത്രി യാകുമെന്ന് ഉറപ്പായിട്ടുണ്ട്. ലീഗ് മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോൺഗ്രസ് ചേർന്നാൽ ചേരുമെന്ന നിലപാടിലാണ് ലീഗെന്നാണ് സൂചന.

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.