അന്ന്, ക്ലാസിൽ പൊതുവായ ചർച്ചയ്ക്കുള്ള സമയത്താണ് അനിരുദ്ധ്, അവൻ നാട്ടിലെ ഉൾഗ്രാമത്തിൽനിന്ന് വന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. ഒരല്പം അനുസരണക്കേടുണ്ടെങ്കിലും പഠിക്കാൻ അവൻ മിടുക്കനാണ്. അന്ന് അവൻ ഇരുന്നിടത്ത് നിന്നെഴുന്നേൽക്കാതെത്തന്നെ ഒരിത്തിരി കളിയാക്കുന്ന സ്വരത്തിൽ ചോദിച്ചു.
ടീച്ചറെ, നിങ്ങൾ നിങ്ങളുടെ മകനുമായി എല്ലാക്കാര്യങ്ങളും പ്രത്യേകിച്ച് ആണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും ശരീരത്തിലെ വ്യതിയാനങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറയുന്ന ഒരമ്മയാണ് എന്നല്ലേ പറയാറ്. സ്ത്രീ ശരീരത്തെക്കുറിച്ച് നിങ്ങൾ മകനോട് സംസാരിക്കുമ്പോൾ നിങ്ങളുടെ മനസ്സിലുള്ള വികാരവിചാരങ്ങൾ എന്തൊക്കെയാണ് എന്നൊന്ന് പറയാമോ.
ഒരു നിമിഷംപോലും പാഴാക്കാതെ അനിരുദ്ധിനോട് ടീച്ചർ പറഞ്ഞു,
ഞാനൊരു കാര്യം ചോദിക്കട്ടെ,
നിനക്കൊരു അനിയത്തിയുണ്ടല്ലോ, അവൾക്ക് പന്ത്രണ്ട് പതിമൂന്ന് വയസ്സായ സമയത്ത് പ്രകൃതിയവളിൽ പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ടാവും അല്ലെ. അവളൊരു തളിർത്ത ഭൂമിയെപ്പോലെ മനോഹരിയാവുകയാണ്, ഒരു വംശം നിലനിർത്താനവൾ പ്രാപ്തയാവുകയാണ്. അപ്പോൾ, നിൻ്റെ കുഞ്ഞുപെങ്ങളെക്കാണുമ്പോൾ
നിനക്കവളോട് എന്ത് വികാരമാണ് തോന്നുക.
കഴിഞ്ഞില്ല, നിൻ്റെ അമ്മ കുളിച്ചു വരുമ്പോൾ അർദ്ധനഗ്നയായ അമ്മയെ കാണുമ്പോൾ നിൻ്റെ മനസ്സിൽ എന്തുവിചാരമാണ് കൂടുകൂട്ടുന്നത് അനിരുദ്ധ്?
നീ കിടന്ന, നിന്നെ സംരക്ഷിച്ച, നിനക്ക് അന്നവും നീരും പ്രാണനും പകുത്തുതന്ന നിൻ്റെ അമ്മയുടെ വയറ് കാണുമ്പോൾ നിനക്ക് എന്താണ് മകനെ തോന്നുക.
പിന്നെ, ചെറുപ്പത്തിൽ നീ അധികസമയവും കടിച്ചുതൂങ്ങി പാൽ വറ്റുന്നത് വരെ കുടിച്ചിരുന്ന നിൻ്റെ അമ്മയുടെ അമ്മിഞ്ഞ കണ്ടാൽ നീ എന്താണ് ചെയ്യുക, നാണിച്ച് ഓടിപ്പോകുമോ?
നിന്നെ താലോലിച്ച അവരുടെ കൈകളും നെഞ്ചും കണ്ടാൽ അതുപോലെ കണ്ണും മുഖവും നിന്നെ തെരുതെരെ ഉമ്മവെച്ച നിൻ്റെ അമ്മയുടെ ചുണ്ടും കണ്ടാൽ നീയെന്ത് ചെയ്യും അനിരുദ്ധ്?
നിനക്ക് അവയോട് വാത്സല്യമല്ലേ തോന്നുക. നീയീ ഭൂമിയിലേക്ക് വരാൻ കാരണഭൂതയായ സ്ത്രീയാണവർ.
ടീച്ചർ ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അനിരുദ്ധ് ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു,
എന്നോട് ക്ഷമിക്കൂ ടീച്ചർ, ഞാൻ വെറുതെ ടീച്ചറെ കളിയാക്കാൻവേണ്ടിയൊരു ചോദ്യം ഉന്നയിച്ചതാണ്, അല്ലാതെയൊന്നുമല്ല.
സാരമില്ല, നിങ്ങളൊക്കെ വലിയ ആളുകളായി. പുതിയ തലമുറയാണ്. സംസ്കാരം മറന്ന് ആരോടും സംസാരിക്കരുത്. നിനക്കറിയാം കാര്യങ്ങൾ, എന്നിട്ടും ഒരു ടീച്ചറായ എന്നോട് നീ വികലമായ ചോദ്യങ്ങൾ ചോദിച്ചു. അതൊക്കെ ശരിയാണോ അനിരുദ്ധ്, ടീച്ചറുടെ സ്നേഹശാസന.
ടീച്ചർ തുടർന്നു, എൻ്റെ അമ്മയ്ക്ക് എഴുപത്തിരണ്ട് വയസ്സിൽ സ്ട്രോക്ക് വന്നു. സമയത്ത് കിട്ടേണ്ട ചികിത്സ കിട്ടാതെ അമ്മയിപ്പോൾ സ്വന്തമായി എഴുന്നേൽക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലാണ്.
ഒരു കാലും കൈയ്യും അനങ്ങുന്നില്ലായിരുന്നു.
അന്ന് അമ്മയെ എൻ്റെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. രണ്ട് ദിവസം കുളിക്കാതെ കിടന്നു. മൂന്നാംനാൾ ഞാനമ്മയെ എഴുന്നേൽപ്പിച്ചു നിർത്തി, അനങ്ങാത്ത കാലിനെ എടുത്ത് എൻ്റെ കാൽപ്പത്തിയിൽ വെച്ച് ഒറ്റയടിവെച്ചു അമ്മയെക്കൊണ്ട് മറ്റേകാൽ കുത്തി ഒരുമിച്ച് ഞാനും അമ്മയും നടന്നു കുളിമുറിയിലേക്ക്. അപ്പോൾ
തലേ ആഴ്ച്ച അമ്മ ഇവിടെനിന്ന് പോയതേയുള്ളൂ. അമ്മ ഒറ്റയ്ക്ക് തന്നെയാണ് ഇങ്ങോട്ടും എങ്ങോട്ടും യാത്ര ചെയ്യാറ്. ഇങ്ങോട്ട് വരുമ്പോൾ, നാട്ടിൽനിന്ന് കിട്ടാവുന്ന സാധനങ്ങളൊക്കെ വാങ്ങും, പിന്നെ സ്റ്റേറ്റ് ബസിൽ കയറി ഇവിടെ വന്നു ഓട്ടോയിൽ വീട്ടിൽ വരും. ഞാൻ. ജോലി കഴിഞ്ഞ് വന്നാൽ അമ്മ കൊണ്ടുവന്ന സാധനങ്ങളൊക്കെ കാണിക്കും, കഴിക്കാനുള്ളത് ഞാനപ്പോൾതന്നെ കഴിക്കും. അമ്മ വീട്ടിൽ വന്നാൽ കറികൾ പ്രത്യേകിച്ച് മീൻകറി വെയ്ക്കുന്നത് അമ്മയാണ്. ഉണ്ടാക്കിക്കഴിഞ്ഞാൽ പറയും, കറി നല്ല രസമുണ്ട് ഒന്ന് കഴിച്ചു നോക്കിയേ എന്ന് പറഞ്ഞിട്ട് ഒരല്പം കറിയെടുത്ത് എനിക്ക് നീട്ടും. നല്ല രസമുണ്ടെന്ന് പറഞ്ഞാ അമ്മയ്ക്ക് നല്ല സന്തോഷമാകും. എന്നാൽ ഞാൻ കറിയുണ്ടാക്കിയിട്ടു അമ്മയോട് ഒന്നു രുചിച്ചു നോക്കാൻ പറഞ്ഞാല്, അമ്മയൊരൽപം കറിയെടുത്ത് നാക്കിൽ വെച്ചിട്ട് ഒന്നും മിണ്ടാതെ പോകും, അതെത്ര നന്നായാലും. ഞാനപ്പോൾ ഒന്നു ചിരിക്കും എന്നിട്ട് മനസ്സിൽപ്പറയും, കുശുമ്പി അമ്മയെന്ന്.
അങ്ങനെയൊക്കെയുള്ള അമ്മയാണ് ഇന്ന് നിസ്സഹായയായി ഇരിക്കുന്നത്. ഞാനമ്മയെ കുളിപ്പിക്കാൻ, ഉടുത്തിരുന്ന വസ്ത്രമഴിച്ച് മാറ്റി തലയിലൂടെ വെള്ളമൊഴിച്ച് കൊടുത്തു. അപ്പോൾ ഞാൻ കണ്ടത്, കുഞ്ഞുകുട്ടിയായ എന്നെയാണ്. കുളിക്കാൻ മടിയായിരുന്ന എന്നെപ്പിടിച്ച് വട്ടളത്തിൽ നിർത്തിയ എന്നെ. തലയിലൂടെ വെള്ളമൊഴിച്ചാൽ നിർത്താതെ ചാടിയിരുന്ന എന്നെ.
അമ്മയുടെ മുഖത്തും ശരീരത്തിലും കയ്യിലും കാലിലുമൊക്കെ സോപ്പ് തേച്ചുകൊടുത്തു, അപ്പോൾ ചൊറി പിടിച്ചിരുന്ന എൻ്റെ കയ്യും കാലുകളുമാണ് ഓർമ്മയിൽ വന്നത്.
അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്, എന്നെ കുളിപ്പിക്കുമ്പോൾ ഞാനുറക്കെ കരഞ്ഞിരുന്നത്രേ, കാലിൽ ചൊറിയുണ്ടായിരുന്നു, അത് തേച്ച് കഴുകുമ്പോഴാണ് കരച്ചിൽ. കാലിലും കയ്യിലും ഒക്കെ തോർത്തിക്കഴിഞ്ഞാൽ ഞാനെൻ്റെ ചൊറി പിടിച്ച കൈവിരൽ അമ്മയ്ക്ക് ഉമ്മ വെയ്ക്കാൻ കൊടുക്കുമായിരുന്നു എന്ന്.
സ്നേഹപൂർവ്വം അമ്മയെടുത്തെന്നെ ഉമ്മവെയ്ക്കും. ചൊറി മാറാൻ കുറെ നാളുകൾ എനിക്ക് കഷായം കുടിക്കേണ്ടി വന്നിട്ടുണ്ട്.
പിന്നെ, അമ്മ നല്ലൊരു പാട്ടുകാരി കൂടിയായിരുന്നു, എൻ്റെ കരച്ചിൽ നിർത്താൻ അമ്മയുടെ പാട്ടുമപ്പോൾ കൂടെയുണ്ടാവുമായിരുന്നു.
കുളികഴിഞ്ഞ് അമ്മയ്ക്ക് രാസ്നാദിചൂർണ്ണം തലയിൽ തിരുമ്മിക്കൊടുത്തു. എനിക്കും അന്നു നിറുകയിൽ അമ്മ രാസ്നാദിചൂർണ്ണം തിരുമ്മിതരുമായിരുന്നു.
ഓരോരുത്തരും അവരുടെ അമ്മയിൽക്കാണുന്നത് അവരവരെത്തന്നെയാണ്. ആ ശരീരത്തിൻ്റെ സ്നേഹവും ചൂടുമാണ് മക്കൾ. അതുപോലെ,
മക്കളും അമ്മയും ഒരു കണ്ണാടിയിലെ പ്രതിബിംബവും.
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ക്ലാസ്സ്‌റൂം നിശബ്ദമായി.
അടുത്ത ക്ലാസിന് സമയമായതറിഞ്ഞു, എല്ലാവർക്കും നല്ലൊരു ദിവസമാശംസിച്ചുകൊണ്ട് ടീച്ചർ ആ ക്ലാസിൽനിന്നുമിറങ്ങി.

സുജാത ശ്രീപദം

