LITERATURE

ഹരിനീല കംബളചുരുൾ നിവർത്തി വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ

Blog Image

" ഹരിനീല കംബളചുരുൾ നിവർത്തി
വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ "
ശോഭയെ ഓർമ്മിക്കുമ്പോൾ ഒക്കെ എന്റെ മനസ്സിലേക്ക് ഓടിയെത്തുക ഈ ഗാനത്തിന്റെ ഈരടികൾ ആണ് 
ഞങ്ങളുടേ കോളേജ് കാലഘട്ടത്തിൽ സ്വപ്നങ്ങൾക്ക് പ്രണയങ്ങൾക്ക് ഒക്കെ 
ഒരു ശാലീനത ഉണ്ടായിരുന്നു. ഇന്നുള്ളതുപോലെ കൊട്ടിഘോഷിക്കലോ 
പ്രദർശിപ്പിക്കലോ ഒന്നുമുണ്ടായിരുന്നില്ല. 
സ്വഭാവികമായ ആ പ്രണയത്തിന്റെ മനോഹാരിതയിലേക്ക് ഞങ്ങളെ കൂടെ കൂട്ടിയവരായിരുന്നു ശോഭയും വേണു നാഗവള്ളിയും. 
വാക്കുകൾക്കതീതമായ പ്രണയം കോരി നിറയ്ക്കുമായിരുന്ന ചില നോട്ടങ്ങൾ .  കൂർപ്പിച്ചു പിടിച്ച ആ ചുണ്ടുകൾ  പകർന്നേകിയ കുസൃതി നിറഞ്ഞ ചിരി ..മിഴികളിൽ മിന്നി മാഞ്ഞിരുന്ന ഭാവവാഹാദികൾ ഒക്കെ ഞങ്ങളുടേ തലമുറയെ ശോഭയുടെ ആരാധകരാക്കി മാറ്റിയിരുന്നു .


ഞൊറിഞ്ഞും അലസമായെന്നോണവും  ഉടുത്ത കോട്ടൺ കോട്ടാ സാരികൾക്കു ഇത്രയേറെ ചന്തമുണ്ടെന്നു ഞങ്ങളുടേ തലമുറക്കു കാണിച്ചു തന്നത് ഒക്കെ ശോഭയുടെ കഥാപാത്രങ്ങളായിരുന്നു. 
ഞങ്ങൾ അന്ന് ഇത്ര വലിയ പൊട്ടു തൊട്ടു നെറ്റിയെ ചുവപ്പിക്കാൻ തുടങ്ങിയതും ശോഭയുടെ കഥാപാത്രങ്ങളെ കണ്ടുകൊണ്ടാണ്. 
തടിച്ചു ഉരുണ്ടിരുന്നവർ തിളങ്ങി നിന്ന സിനിമാലോകത്ത് ഞങ്ങളേ പോലെ മെലിഞ്ഞ ദേഹപ്രകൃതിയുള്ളവർക്ക് ചൂണ്ടിക്കാണിക്കാൻ ഉണ്ടായിരുന്ന ശാലീന സുന്ദരി. എടുത്തു പറയാൻ ഉള്ള സൗന്ദര്യമൊന്നും ഇല്ലാതിരുന്നിട്ടും സ്വാഭാവികമായ അഭിനയമികവ് കൊണ്ടു 
പ്രേക്ഷക മനസ്സിലൊരു സ്ഥാനം നേടിയെടുത്തിരുന്നു ശോഭ. 
1979 ഇൽ ശോഭക്കു ദേശീയ അവാർഡ് നേടിക്കൊടുത്ത 
ചിത്രമായിരുന്നു പശി എന്ന തമിഴ്ചിത്രം 
 17 വയസ്സിൽ വേഷമിട്ട ഒരു അമ്മയുടെയും 
ഗര്ഭിണിയുടെയും റോൾ .
ആ പ്രായത്തിലും എത്ര അനായാസമാണ് ആ കഥാപാത്രത്തിലേക്കവൾ നടന്നുകയറിയതു . ജീവിച്ചിരുന്നെങ്കിൽ എത്രയോ കഥാപാത്രങ്ങൾ 
ഗംഭീ രമായിത്തന്നെ ജന്മമെടുത്തേനേ നിന്നിലൂടെ . 
ഇതു വരെ കാണാത്ത കരയിലേക്കോ..
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ് പാടി വിളിക്കുന്നു..ആരോ 
മധുരമായ് പാടി വിളിക്കുന്നു.....
ആരാണ് നിന്നെ ഇത്രവേഗം വിളിച്ചത് 
ഇന്നുണ്ടായിരുന്നെങ്കിൽ എന്നേക്കാൾ ഒരു വയസ്സ് താഴെ കാണുമായിരുന്നു. 
പക്ഷേ ഞങ്ങളുടേ മനസ്സിൽ ശോഭക്കിപ്പോഴും ചെറുപ്പമാണ് 
പതിനേഴോ പതിനെട്ടോ വയസ്സാണ്. 
" ഇനിയും പകൽക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടി നിൽക്കും
ഇനിയുമി നമ്മൾ നടന്നു പാടും
വഴിയിൽ വസന്ത മലർ കിളികൾ
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ "

ഉഷാമേനോൻ മേലെപറമ്പോട്ടിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.