തൃശ്ശൂർ: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ നിന്ന വിദ്യാർത്ഥികൾ കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറ്റാതെ അപമാനിച്ച സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. വടക്കാഞ്ചേരിയിലെ സ്വകാര്യ ബസിലെ കണ്ടക്ടറായ രാംദാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വടക്കാഞ്ചേരി ജോയിന്റ് ആർ.ടി.ഒ ഓഫീസിലേക്ക് ഇയാളെ വിളിച്ചുവരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടിയെടുത്തത്. ലൈസൻസ് സസ്പെൻഷന് പുറമെ ഇയാൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളെ വഴിയിൽ നിർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകളും പൊതുജനങ്ങളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം നടന്നത്. ക്ലീലിയാ സ്കൂളിലെ സിയാൻ അടക്കമുള്ള വിദ്യാർത്ഥികളാണ് ബസ് ജീവനക്കാരന്റെ ക്രൂരതയ്ക്ക് ഇരയായത്. വിദ്യാർത്ഥി കൺസഷൻ ആയതിനാൽ കുറച്ചു കുട്ടികളെ മാത്രമേ ബസിൽ കൊണ്ടുപോകാൻ കഴിയൂ എന്നായിരുന്നു രാംദാസിന്റെ നിലപാട്. നേരം വൈകിയാൽ വീട്ടിലെത്താൻ ബുദ്ധിമുട്ടാകുമെന്നും ദയവായി ബസിൽ കയറ്റണമെന്നും കുട്ടികൾ കൈകൂപ്പി അപേക്ഷിച്ചിട്ടും കണ്ടക്ടർ വഴങ്ങിയില്ല. കുട്ടികളെ പുറത്തുനിർത്തി ബസ് എടുക്കുകയായിരുന്നു. തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുറത്തുവന്നതോടെ ജില്ലാ ഭരണകൂടവും പോലീസും മോട്ടോർ വാഹന വകുപ്പും ഇടപെടുകയായിരുന്നു.

