തന്നെ രാഷ്ട്രീയപ്രേരിതമായി കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിച്ച് ശക്തമായി തിരിച്ചുവരുമെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.എസ്. പ്രശാന്ത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പ്രശാന്ത് പ്രതികരിച്ചത്. പ്രശാന്തിനെ കൂടാതെ ദേവസ്വം ബോർഡ് അംഗമായിരുന്ന സിപിഐ നേതാവ് അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടതു സർക്കാർ നിയോഗിച്ച മൂന്നാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ഇപ്പോൾ സ്വർണ്ണക്കൊള്ള കേസിൽ പിടിയിലായിരിക്കുന്നത്.
ഇന്ന് രാവിലെ കരകുളത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ കൊല്ലം പൊലീസ് ക്ലബിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ സമ്മർദ്ദം മൂലം താൻ ഉടൻ അറസ്റ്റിലാകുമെന്ന് കാട്ടി പ്രശാന്ത് രാവിലെ തന്നെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. 2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്തുവരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ബോർഡിനെയാണ് ഇപ്പോൾ പ്രതിയാക്കിയിരിക്കുന്നതെന്നാണ് പ്രശാന്തിന്റെ ആരോപണം.
എന്നാൽ 2019-ലെ സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് പ്രശാന്തിന്റെ കാലത്ത് 2025-ൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതി ഇല്ലാതെ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇത് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് പ്രശാന്തിന്റെ വാദം.
2019-ൽ കൊണ്ടുപോയി സ്വർണ്ണം പൂശിയ പാളികൾക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ ശോഭ നശിച്ചെന്ന് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മുരാരി ബാബു ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ ഈ പെട്ടെന്ന് ശോഭ നഷ്ടപ്പെടാനുള്ള കാരണം അന്വേഷിക്കാതെ ബോർഡ് വീണ്ടും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തന്നെ പാളികൾ കൈമാറിയതിലാണ് എസ്ഐടി ദുരൂഹത കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി അനുമതിയില്ലാതെ പാളി കടത്തിയത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്ഐടി കോടതിയിൽ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2019 ലെ പാളികടത്ത് കേസിലെ പ്രത്യേക കുറ്റപത്രത്തോടൊപ്പം തന്നെയാകും പ്രശാന്തിന്റെ കാലത്തെ ക്രമക്കേടുകളും എസ്ഐടി ഉൾപ്പെടുത്തുക.

