ന്യൂയോർക്ക്: പ്രവാസി മലയാള സാഹിത്യകാരനും എഡിറ്ററുമായ ബെന്നി നെച്ചൂരിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'പുല്ലാന്തറയാറിലെ ചുഴികൾ' പ്രകാശനം ചെയ്തു. ന്യൂയോർക്കിലെ സഫേണിലുള്ള സെന്റ് മേരിസ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ ഫൊക്കന പ്രസിഡന്റ് ശ്രീ. ഫിലിപ്പോസ് ഫിലിപ്പ്, പുസ്തകത്തിന്റെ ആദ്യപ്രതി ഫാ. ഡോ. രാജു വർഗീസിന് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി എഴുത്തുകാരൻ അഭിമുഖീകരിച്ച കടുത്ത ജീവിതാനുഭവങ്ങളെ സജീവമായി കുറിച്ചിട്ടിരിക്കുന്ന കൃതിയാണിത്.
ഈ കൃതിയിലെ ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടുന്നതാണെന്ന് ശ്രീ. ഫിലിപ്പോസ് ഫിലിപ് പറഞ്ഞു. ബെന്നിയുടെ മാതാവ്, കുഞ്ഞനുജൻ, കുഞ്ഞാന്റി തുടങ്ങിയ പ്രിയപ്പെട്ടവരുടെ വിയോഗം സൃഷ്ടിച്ച ആഘാതവും തീരാവേദനയും പ്രതിഫലിക്കുന്നതാണ് ഈ അനുഭവക്കുറിപ്പുകളെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ബെന്നിയുടെ മാതാവിനെയും കുഞ്ഞനുജനെയും തനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നുവെന്നതായി സ്മരിച്ചു.
കണ്ണുനിറയാതെ ഇതിലെ ഒരധ്യായം പോലും വായിച്ചു തീർക്കാനാകില്ലെന്നും, ആദ്യത്തെ പേജ് വായിച്ചപ്പോൾ തന്നെ ബെന്നിയുടെ എഴുത്തുകാരന്റെ മികവിനെ തനിക്ക് അറിയാൻ കഴിഞ്ഞതായി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയ ഫാ. ഡോ. രാജു വർഗീസ് അഭിപ്രായപ്പെട്ടു.
ജീവിതത്തിലെ കഠിനമായ വെല്ലുവിളികളുടെ ചിത്രങ്ങൾ വായനക്കാരെ വേട്ടയാടുന്നതാണെന്ന് എഴുത്തുകാരനും പ്രവാസി നേതാവുമായ ഡോ. മത്തായി ചാക്കോ കൂട്ടിച്ചേർത്തു.
താൻ കടന്നുപോകുന്ന പ്രിയ പത്നിയുടെ വിയോഗ വേദനകൾക്കിടയിലും ഈ പുസ്തകം വായിച്ചപ്പോൾ സങ്കടങ്ങൾക്കപ്പുറം വലിയൊരു പോസിറ്റീവ് ഊർജ്ജവും പ്രത്യാശയും അനുഭവിക്കാൻ കഴിഞ്ഞതായി ചാക്കോ പോൾ പങ്കുവെച്ചു.
അമേരിക്കയിൽ എത്തുമ്പോഴൊക്കെ ബെന്നിയുടെ മാതാവ് പൂർണ്ണ ഉന്മേഷത്തോടെയും കൃത്യതയോടെയും ഈ ദേവാലയത്തിലെ ശുശ്രൂഷകളിൽ പങ്കെടുക്കാറുണ്ടായിരുന്നതായുള്ള ഓർമ്മകളും എബ്രഹാം പോത്തൻ എടുത്തു പറഞ്ഞു.
സങ്കടങ്ങൾ നിറഞ്ഞതാണെങ്കിലും പുസ്തകത്തിന്റെ ഭാഷ അതിമനോഹരവും കാവ്യത്മകവുമാണെന്ന് മുൻ ഫൊക്കന ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ അഭിപ്രായപ്പെട്ടു.
തന്റെ ജീവിതയാത്രയിൽ ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടപ്പോഴുള്ള തീരാദുഃഖവും നിരാശയും അനുഭവിച്ചറിഞ്ഞിട്ടുള്ള തനിക്ക്, ബെന്നി നെച്ചൂരിന്റെ ഈ കൃതി വായിച്ചപ്പോൾ സ്വന്തം അനുഭവങ്ങളിലൂടെ കടന്നുപോകുന്നതുപോലെയാണ് തോന്നിയതെന്നും, അദ്ദേഹത്തിന്റെ അടുത്ത പുസ്തകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും,കലാകാരനും, ഫൊക്കാനയുടെ സജീവ പ്രവാർത്തകനുമായ ജീമോൻ വർഗീസ് പറഞ്ഞു.
ഈ അനുഭവക്കുറിപ്പുകളിലെ ഓരോ വരികളും മരണമെന്ന നിത്യസത്യത്തിൽ നിന്നും ആർക്കും മോചനമില്ലെന്ന് ഓർമ്മിപ്പിക്കുന്നതാണെന്ന് ഡോ. സുജ പോത്തൻ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഡോ. മത്തായി ചാക്കോ, ജീമോൻ വർഗീസ്, സജി പോത്തൻ, ഡോ. സുഷ പോത്തൻ, സാജു ജോർജ്, ചാക്കോ പോൾ, ഡാനി കുര്യക്കോസ്, എബ്രഹാം പോത്തൻ, വിജി മാത്യു, സൂസൻ വർഗീസ്, റൂബി കുര്യക്കോസ്, സാമുവൽ ഡാനിയൽ, സോമ ഡാനിയൽ, സോളമൻ ഡാനിയൽ എന്നിവർ പങ്കെടുക്കുകയും ബെന്നി നെച്ചൂരിന് ഭാവുകങ്ങൾ നേരുകയും ചെയ്തു. മാത്യു കുര്യക്കോസ്,മൈക്കിൾ കുര്യക്കോസ് എന്നീ കുട്ടികളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
മറുപടി പ്രസംഗത്തിൽ, വേദനനിറഞ്ഞ ഈ അനുഭവങ്ങൾ കുറിച്ചുവെച്ചത് തന്റെ മുറിവേറ്റ ഹൃദയത്തിന് വലിയൊരു സൗഖ്യവും ആശ്വാസവുമാണെന്ന് ബെന്നി നെച്ചൂർ പങ്കുവെച്ചു. കൂടാതെ, തന്റെ അഞ്ച് ചെറുകഥകൾ അടങ്ങിയ പുതിയ കഥാസമാഹാരം അച്ചടി പൂർത്തിയായി വരികയാണെന്നും സെപ്റ്റംബർ മൂന്നാം വാരത്തോടെ വായനക്കാരിലേക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു.
നിരവധി ഫൊക്കന സുവനീറുകളുടെയും, കൃതികളുടെയും മറ്റ് സാംസ്കാരിക പ്രസിദ്ധീകരണങ്ങളുടെയും എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള ബെന്നി നെച്ചൂർ, മുൻകാല ഫൊക്കന സുവനീറുകളിൽ നിന്നുള്ള മികച്ച ലേഖനങ്ങൾ ശേഖരിച്ച്, എഡിറ്റ് ചെയ്ത് പുസ്തകമായി പ്രസദ്ധീകരിച്ചിട്ടുണ്ട്. .
വടക്കേ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ജീവിതം തുടിക്കുന്ന 65 കഥകൾ കോർത്തിണക്കി അദ്ദേഹം എഡിറ്റ് ചെയ്ത 'അമേരിക്കൻ കഥക്കൂട്ടം', മൂന്നു നാടകങ്ങൾ അടങ്ങിയ 'പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ' എന്നീ പുസ്തകങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പുതിയ അനുഭവക്കുറിപ്പ് പുറത്തിറങ്ങുന്നത്.
പുസ്തക വിവരങ്ങൾ:
കൃതി: പുല്ലാന്തറയാറിലെ ചുഴികൾ (അനുഭവക്കുറിപ്പുകൾ)
രചന: ബെന്നി നെച്ചൂർ
പ്രസാധകർ: ഗ്രീൻ ബുക്സ്, തൃശൂർ
വില: ₹110
ഓൺലൈൻ ലിങ്ക്: Green Books - Pullantharayarile Chuzhikal
Amazon: https://www.amazon.in/dp/B0HJ56856W
ബെന്നി നെച്ചൂർ


