ലാങ്കസ്റ്റർ, പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 18 ശനിയാഴ്ച ആത്മീയാനുഭവങ്ങളുടെയും സഹോദര്യസംഗമത്തിന്റെയും വിശ്വാസപഠനത്തിന്റെയും നവീകരണത്തിന്റെയും നാല് ദിനങ്ങൾക്കു ശേഷം സമാപിച്ചു. ജൂലൈ 15 മുതൽ 18 വരെ നടന്ന ഈ കോൺഫറൻസ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിശ്വാസികളുടെ ഏറ്റവും വലിയ വാർഷിക ആത്മീയ സംഗമമാണ്.
അവസാന ദിവസത്തെ പരിപാടികൾ ലിങ്കൺ തിയേറ്ററിൽ നടന്ന പ്രഭാത പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് കുർബാന അർപ്പിക്കപ്പെട്ടു. കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയും 30 വൈദികരും സഹകാർമികരായിരുന്നു.
കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷകരായ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഫാ. ഹിയറോമോങ്ക് വസിലിയോസ് വില്ലാർഡ്, ഫാ. ഡോ. എബി ജോർജ്, ലിജിൻ ഹന്നാ തോമസ് എന്നിവർ തങ്ങളുടെ ആത്മീയ അനുഭവങ്ങളും കോൺഫറൻസിൽ പങ്കെടുത്തതിലുള്ള സന്തോഷവും പങ്കുവെച്ചു.
സമാപന സന്ദേശത്തിൽ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത വൈദികർക്കും പ്രതിനിധികൾക്കും സന്നദ്ധ പ്രവർത്തകർക്കും വിശ്വാസിസമൂഹത്തിനും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ആത്മീയ നവീകരണത്തിനും ഭദ്രാസന കുടുംബത്തിലെ അംഗത്വബോധം കൂടുതൽ ദൃഢമാക്കുന്നതിനും ഈ കോൺഫറൻസ് സഹായകമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഫറൻസിന്റെ വിജയകരമായ ആസൂത്രണത്തിനും നടത്തിപ്പിനും നേതൃത്വം നൽകിയ ഫാമിലി കോൺഫറൻസ് ഭാരവാഹികളെയും, പ്രത്യേകിച്ച് സ്ഥാനമൊഴിയുന്ന സെക്രട്ടറി ജെയ്സൺ തോമസിനെയും ട്രഷറർ ജോൺ താമരവേലിലിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
കോൺഫറൻസിൽ പങ്കെടുത്തവരിൽ 50 ശതമാനവും കുട്ടികളും യുവജനങ്ങളുമായിരുന്നു. യുവതലമുറയുടെ ഈ ആവേശകരമായ പങ്കാളിത്തം സഭയുടെ ഭാവിയെക്കുറിച്ചുള്ള വലിയ പ്രത്യാശയാണ് നൽകുന്നത്. ബാല്യത്തിൽ ഫാമിലി കോൺഫറൻസിൽ പങ്കെടുത്തിരുന്ന പലരും ഇന്ന് കോൺഫറൻസിന്റെ വിവിധ നേതൃത്വ ചുമതലകൾ വഹിക്കുന്നതും അമേരിക്കയിലെ സഭയുടെ തുടർവളർച്ചയ്ക്ക് ആത്മവിശ്വാസം പകരുന്നതുമാണ്.
വിവിധ മേഖലകളിൽ നിന്നുള്ള പ്രഭാഷകർ ഓർത്തഡോക്സ് ആത്മീയതയെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളുമായി ഫലപ്രദമായി ബന്ധിപ്പിച്ചു. ലോകവിജയങ്ങൾ മാത്രം സൃഷ്ടിക്കുകയല്ല, വിശുദ്ധരെ വളർത്തിയെടുക്കുകയാണ് സഭയുടെ പ്രഥമ ദൗത്യമെന്ന സന്ദേശവും അവർ ശക്തമായി ഊന്നിപ്പറഞ്ഞു.
കോൺഫറൻസിലുടനീളം നടന്ന ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്തവരുടെ സജീവ പങ്കാളിത്തം ദൈവത്തോട് കൂടുതൽ അടുക്കാനും വിശ്വാസത്തിൽ വളരാനും ഉള്ള ആത്മാർത്ഥമായ ആഗ്രഹത്തിന്റെ പ്രകടനമായിരുന്നു.
ഓൺലൈൻ യൂട്യൂബ് ചാനലായ 'മലങ്കര ശബ്ദം' പ്രൊഡ്യൂസറും ഡയറക്ടറുമായ ബെന്നി കോട്ടപ്പുറം കോൺഫറൻസിലെ വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു. സമ്മേളനത്തിനിടെ അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത മലങ്കര ടി.വി. എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഭക്തിസന്ദേശങ്ങൾ, വിശുദ്ധ ഗാനങ്ങൾ, പ്രാർത്ഥനകൾ, കുർബാന ശുശ്രൂഷകൾ, സഭാവാർത്തകൾ, മറ്റ് ഓർത്തഡോക്സ് ആത്മീയ വിഭവങ്ങൾ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാകും.
കോൺഫറൻസിന്റെ വിജയത്തിനായി ഉദാരമായി സഹകരിച്ച സ്പോൺസർമാർക്ക് സംഘാടകർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ധനശേഖരണത്തിന്റെ ഭാഗമായി നടത്തിയ റാഫിൾ നറുക്കെടുപ്പിൽ ന്യൂയോർക്കിലെ ബ്രോങ്ക്സിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകാംഗം വർഗീസ് കുര്യൻ ഒന്നാം സമ്മാനം നേടി.
കോൺഫറൻസ് കോ-ഓർഡിനേറ്ററായ ഫാ. അലക്സ് ജോയ്, പ്രഭാഷകർ, സന്നദ്ധ പ്രവർത്തകർ, പങ്കെടുത്ത എല്ലാ വിശ്വാസികളും ചേർന്നാണ് ഈ ഫാമിലി & യൂത്ത് കോൺഫറൻസിനെ അവിസ്മരണീയവും ആത്മീയമായി സമ്പന്നവുമായ അനുഭവമാക്കി മാറ്റിയതെന്ന് നന്ദിപ്രസംഗത്തിൽ പറഞ്ഞു.
ലാങ്കസ്റ്റർ ബോൾറൂമിൽ ബ്രഞ്ചോടെ ആരാധനയുടെയും പഠനത്തിന്റെയും ക്രൈസ്തവ സഹോദര്യത്തിന്റെയും നാല് ദിനങ്ങൾ സന്തോഷപൂർവം സമാപിച്ചു.











