PRAVASI

വിടവാങ്ങിയ ജ്ഞാനസൂര്യൻ: കെ.എം. ചന്ദ്രശർമ്മ സാറിന്റെ സ്മരണയിൽ ഒരു നാട്

Blog Image

'ചില മനുഷ്യർ ജീവിച്ചിരുന്നതിന്റെ അടയാളങ്ങൾ നമ്മളുടെ ഐഡന്റിറ്റി തന്നെയാണ്, അതിൽ നാടും അതിന്റെ തനത് സംസ്കാരവുമെല്ലാം ഉണ്ടായിരിക്കും'

ഒരു മനുഷ്യായുസ്സ് കൊണ്ട് ഒരു  നാടിന്റെ ചരിത്രത്തെയും സംസ്കാരത്തെയും അറിവിനെയും ഒരേപോലെ നെഞ്ചിലേറ്റിയ ഒരു വിജ്ഞാനകോശമായിരുന്നു ഞങ്ങളുടെ നാടിന്റെ പ്രിയപ്പെട്ടവനും സി പി ഐ നേതാവുമായ  പ്രിയപ്പെട്ട  ചന്ദ്രശർമ്മ സാർ. അദ്ദേഹത്തിന്റെ വേർപാട്  കേവലം ഒരു വ്യക്തിയുടെ നഷ്ടമല്ല; മറിച്ച് അക്ഷരങ്ങളും ആദർശങ്ങളും വികസന സ്വപ്നങ്ങളും ഇഴചേർന്ന ഒരു ധന്യമായ കാലഘട്ടത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. 

പെണ്ണുക്കര എന്ന നാടിന്റെ ഓരോ സ്പന്ദനത്തിലും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിത്തുപാകിയ പ്രിയപ്പെട്ട കെ.എം. ചന്ദ്രശർമ്മ സാർ ഓർമ്മയാകുമ്പോൾ, ജനിച്ച കാലം മുതൽ ആ വ്യക്തിത്വത്തിന്റെ മഹത്വം കേട്ടറിഞ്ഞു വളർന്ന ഒരു തലമുറയാണ് ഇന്ന് കണ്ണീരോടെ സാറിനെ യാത്രയാക്കുന്നത്. ചന്ദ്രശർമ്മ സാറിന്റെ വിയോഗം ഈ മണ്ണിൽ ഒട്ടും നികത്താനാവാത്ത ഒരു വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. അദ്ദേഹത്തെ അടുത്തറിഞ്ഞ ഏവരും, അവർ ഏത് പക്ഷത്തുള്ളവരായാലും, ആ വലിയ മനുഷ്യന്റെ മുൻപിൽ എപ്പോഴും ബഹുമാനത്തോടെയും ആദരവോടെയും മാത്രമേ നിന്നിട്ടുള്ളൂ.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള റെയിൽവേയിലെയും പോസ്റ്റൽ വകുപ്പിലെയും സുരക്ഷിതമായ ഔദ്യോഗിക ജീവിതം ഉപേക്ഷിച്ചാണ് സാർ  സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. രാഷ്ട്രീയ പ്രവർത്തനം ഒരു സേവനമാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അഴിമതിയുടെ കറപുരളാത്ത അഞ്ചു പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ പൊതുജീവിതം വരുംതലമുറയ്ക്ക് വലിയൊരു പാഠപുസ്തകമാണ്.

ദീർഘകാലം വാർഡ് മെമ്പറായും, ആലാ പഞ്ചായത്ത് പ്രസിഡന്റായും ഈ നാടിനെ വികസനത്തിന്റെ പുതിയ വഴികളിലൂടെ നയിച്ചത് അദ്ദേഹമായിരുന്നു. ഇന്ന് നാം കാണുന്ന ഗവൺമെന്റ് ആയുർവേദ ആശുപത്രി, ആല പി.എച്ച്. സെന്റർ, ക്ഷീര സഹകരണ സംഘം തുടങ്ങി സാധാരണക്കാരുടെ ജീവിതത്തെ സ്പർശിക്കുന്ന ഒട്ടേറെ സംരംഭങ്ങൾക്ക് പിന്നിൽ ശർമ്മ സാറിന്റെ ദീർഘവീക്ഷണമുണ്ടായിരുന്നു. ജനകീയാസൂത്രണത്തിന്റെ ആദ്യ നാളുകളിൽ ജില്ലാ കൗൺസിൽ അംഗമായിരുന്ന് വികസനത്തിന്റെ പുതിയ മാതൃകകൾ അദ്ദേഹം തീർത്തു. അന്ന് അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് യാത്ര ചെയ്തത് ഓർമ്മിക്കുന്നു. എ. ഐ . വൈ എഫ് രാഷ്‌ട്രീയത്തിലേക്ക് വരാൻ അദ്ദേഹത്തിൻ്റെ പ്രതിഭ ഞങ്ങൾക്ക് പ്രചോദനം നൽകി.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ ഊർജ്ജവും എന്നും സ്മരിക്കപ്പെടും. വിശ്വഭാരതി ഗ്രന്ഥശാലയുടെ രജതജൂബിലി അഞ്ച് ദിവസം നീണ്ടുനിന്ന വലിയൊരു സാംസ്കാരിക മഹോത്സവമായി നടത്തിയത് സാറിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് സാംസ്കാരിക ലോകം സാക്ഷ്യം വഹിച്ച ആ പ്രൗഢഗംഭീരമായ ക്ഷണിക്കപ്പെട്ട സദസ്സിൽ ഞങ്ങൾക്ക് ഒരു  നാടകം അവതരിപ്പിക്കാൻ അവസരം ഒരുക്കിത്തന്നത് സാറായിരുന്നു. ആ ഒരു അനുഗ്രഹം മാത്രമായിരുന്നില്ല, നിരവധി  യുവപ്രതിഭകളെ കലയുടെയും അക്ഷരങ്ങളുടെയും വഴിയിലേക്ക് കൈപിടിച്ചുയർത്തിയ ദീർഘദർശിയായിരുന്നു അദ്ദേഹം. ആകാശവാണി റേഡിയോ ക്ലബ്ബിൽ ബാലലോകത്തിൽ വിശ്വഭാരതി റേഡിയോ ക്ലബ്ബിന് അവസരം ലഭിച്ചപ്പോൾ സർ എഴുതിയ നാടകത്തിൽ ഒരു കഥാപാത്രത്തിന് ശബ്‌ദം നൽകാൻ സാധിച്ചു. അന്ന് അദ്ദേഹത്തോടൊപ്പം നടത്തിയ തിരുവനന്തപുരം യാത്രയും മറക്കാൻ സാധിക്കില്ല. പഴയ തലമുറയ്ക്ക് മാത്രമല്ല, ഇന്നത്തെ പുതിയ തലമുറയിലെ യുവാക്കൾക്ക് പോലും ഏറെ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം.

സാഹിത്യത്തെയും നാടകത്തെയും കലകളെയും ഇത്രമേൽ ജനകീയമാക്കിയ മറ്റൊരു ജനപ്രതിനിധി ഈ നാടിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. കനപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കിടയിലും നാട്ടിലെ ചെറുപ്പക്കാരുടെ കലാപരമായ കഴിവുകളെ തിരിച്ചറിയാനും അവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം കാട്ടിയ താല്പര്യം വാക്കുകൾക്ക് അപ്പുറമാണ്. വിശ്വഭാരതി ഗ്രന്ഥശാലയുടെ   വളർച്ച ഈ നാടിന്റെ സാംസ്കാരിക ഉണർവായി മാറിയത് സാറിന്റെ കറയറ്റ സംഘാടക മികവ് ഒന്നുകൊണ്ട് മാത്രമായിരുന്നു.

പെണ്ണുക്കര എൻ എസ് കരയോഗത്തിൽ പ്രവർത്തിച്ചിരുന്ന അക്ഷരാ കോളേജ് പ്രിൻസിപ്പാൾ എന്ന നിലയിൽ ഈ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് അധ്യാപകനായിരുന്നു ശർമ്മ സാർ. വാക്കുകളുടെ കൃത്യതയും ഇംഗ്ലീഷ് ഭാഷയിലെ അഗാധമായ ജ്ഞാനവും കൊണ്ട് അദ്ദേഹം ക്ലാസ്സ് മുറികളെ ജീവസ്സുറ്റതാക്കി. കേവലം പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതം പഠിപ്പിച്ച ആ പ്രസംഗപാടവം കേട്ടുനിൽക്കുന്ന ആരെയും കൊതിപ്പിക്കുന്നതായിരുന്നു.

സദാസമയവും വായനയെയും പുസ്തകങ്ങളെയും പ്രണയിച്ച അദ്ദേഹം, തന്റെ ജീവിതത്തിനിടയിൽ 19 പുസ്തകങ്ങളാണ് എഴുതിത്തീർത്തത്. അതിൽ പകുതിയും ലോകോത്തര ഇംഗ്ലീഷ് കൃതികളുടെ മലയാള വിവർത്തനങ്ങളായിരുന്നു. "ആംഗല സാഹിത്യ നായകർ" ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കൃതികൾ അദ്ദേഹത്തിലെ സാഹിത്യകാരനെയും പണ്ഡിതനെയും അടയാളപ്പെടുത്തുന്നു. തന്റെ വലിയ പാണ്ഡിത്യവും സാഹിത്യശേഷിയും നാടിന്റെ നന്മയ്ക്കായി മാറ്റിവെച്ച ഒരു മികച്ച എഴുത്തുകാരൻ  കൂടിയായിരുന്നു അദ്ദേഹം.

സിപിഐയുടെ സമുന്നത നേതാവായിരുന്ന ശർമ്മ സാർ ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച്, ആ രാഷ്ട്രീയ ബോധ്യങ്ങളിൽ ഉറച്ചുനിന്നാണ് നമ്മോട് വിടപറയുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുമ്പോഴും, തന്റെ തത്വങ്ങളിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം കാണിച്ച ആർജ്ജവം സമാനതകളില്ലാത്തതാണ്. വാഗ്‌വിലാസം കൊണ്ട് ജനങ്ങളെ ആകർഷിക്കുമ്പോഴും വിനയവും ലാളിത്യവും കൈവിട്ടിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ കഴിവിനും പാണ്ഡിത്യത്തിനും അർഹിക്കുന്ന ഒരു പരിഗണനയോ സ്ഥാനമാനങ്ങളോ പാർട്ടി അദ്ദേഹത്തിന് നൽകിയിരുന്നില്ല എന്നത് ഒട്ടും മറച്ചുവെക്കാനാവാത്ത ഒരു പരമാർത്ഥമാണ്.

സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു മന്ത്രിയാകാനോ എം.എൽ.എയാകാനോ എല്ലാ യോഗ്യതകളുമുള്ള, ജനപിന്തുണയുള്ള ജനപ്രിയ നേതാവായിരുന്നു അദ്ദേഹം. പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചന്ദ്രശർമ്മ സാർ മത്സരരംഗത്തേക്ക് വരും വരും എന്ന് നാടും അണികളും പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ട്. എന്നാൽ ഒടുവിൽ പട്ടിക വരുമ്പോൾ അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റപ്പെടുമായിരുന്നു. ചില ചതുരംഗക്കളികളും ചില ശത്രുതകളും കാരണമാണ് അർഹതപ്പെട്ട വലിയ പദവികൾ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു . എങ്കിലും,തന്റെ നിലപാടുകളിൽ നിന്ന് ഒരടി പോലും പിന്നോട്ട് മാറാൻ അദ്ദേഹം തയ്യാറായില്ല.

അധികാര രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിൽ സാറിന് അർഹിച്ച സ്ഥാനങ്ങൾ നിഷേധിക്കപ്പെട്ടപ്പോഴും, ഈ നാട്ടിലെ സാധാരണക്കാരുടെ മനസ്സിൽ അദ്ദേഹം അലങ്കരിച്ച സ്ഥാനത്തിന് ഒട്ടും കുറവ് വന്നിരുന്നില്ല. വലിയ പദവികളിലിരിക്കുന്ന പലരും ജനങ്ങളിൽ നിന്ന് അകന്നുപോകുമ്പോൾ, പദവികൾ ഒന്നുമില്ലാതെ തന്നെ ജനമനസ്സുകളെ കീഴടക്കാൻ കഴിഞ്ഞു എന്നതിലാണ് ശർമ്മ സാർ എന്ന രാഷ്ട്രീയക്കാരന്റെ വിജയം ഒളിഞ്ഞിരിക്കുന്നത്. സരളമായ പെരുമാറ്റവും വിജ്ഞാനം തുളുമ്പുന്ന സംഭാഷണങ്ങളും കൊണ്ട് അദ്ദേഹം എപ്പോഴും നമുക്കിടയിൽ ഒരു തണൽവൃക്ഷമായി നിലകൊണ്ടു.

ഒരു നല്ല അധ്യാപകനായി, പ്രിയപ്പെട്ട നേതാവായി, എഴുത്തുകാരനായി, ആദർശശാലിയായ ജനപ്രതിനിധിയായി ശർമ്മ സാർ നമ്മുടെ ഉള്ളിൽ ജീവിക്കും. അദ്ദേഹം കൊണ്ടുവന്ന വികസന നേട്ടങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും ഈ നാടിന്റെ ഓർമ്മകളിൽ ചന്ദ്രശർമ്മ സാർ എക്കാലവും പ്രകാശിച്ചുനിൽക്കും. പ്രിയപ്പെട്ട സാറിന്റെ വേർപാടിൽ നൊമ്പരപ്പെടുന്ന കുടുംബാംഗങ്ങളുടെയും ( പ്രിയപ്പെട്ട മഹേശ്വരി ചേച്ചി , സഹപാഠി കൂടിയായ മകൻ സ്നേഹേഷ് ബാബു , സ്നേഹശ്രീ ) സുഹൃത്തുക്കളുടെയും പെണ്ണുക്കരയിലെ  നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ഞങ്ങളുടെ  പ്രിയപ്പെട്ട നേതാവിന് പ്രണാമം.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.