KERALA

നേഴ്സിന്‍റെ യൂണിഫോമിന്‍റെ മഹത്വം

Blog Image

അടുത്തിടെ നേഴ്സുമാരുടെ യൂണിഫോമിനെക്കുറിച്ച്, ഒരു വനിതാ എംപി നടത്തിയ പരാമര്‍ശം ഏറെ ദുഃഖകരവും അപലപനീയവും നിരുത്തരവാദപരവുമാണ്. നിലവിലുള്ള നേഴ്സുമാരുടെ യൂണിഫോം ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ അവശിഷ്ടമാണെന്നും അതിന് ലൈംഗിക ആകര്‍ഷണവുമായി ബന്ധമുണ്ടെന്നുമുള്ള പ്രസ്താവന നേഴ്സിംഗ് സമൂഹത്തെ അപമാനിക്കുന്നതാണ്.
ഫ്ളോറന്‍സ് നൈറ്റിംഗിലിന്‍റെ കാലം മുതല്‍ മനുഷ്യ സേവനത്തിന്‍റെ മഹത്തായ മാതൃകയായി നിലകൊള്ളുന്ന ഒരു തൊഴിലാണ് നേഴ്സിംഗ്. നൂറ്റാണ്ടുകളായി നേഴ്സുമാര്‍ രോഗികളുടെ പരിചരണത്തിനും ആശ്വാസത്തിനും ജീവന്‍ രക്ഷിക്കുന്ന സേനവനങ്ങള്‍ക്കുമായി സമര്‍പ്പിതരായി പ്രവര്‍ത്തിച്ചു വരുന്നു. ഇന്നും ലോകമെമ്പാടും ഏറ്റവും ആദരിക്കപ്പെടുന്നതും അനിവാര്യവുമായ തൊഴില്‍ മേഖലകളിലൊന്നാണ് നേഴ്സിംഗ്. മറ്റെല്ലാ പ്രൊഫഷനുകളെയും പോലെ നേഴ്സിംഗ് മേഖലയ്ക്കും അതിന്‍റേതായ യൂണിഫോം ഡ്രസ് കോഡും ഉണ്ട്. അത് സുരക്ഷ, രോഗാണു നിയന്ത്രണം, തൊഴില്‍ സൗകര്യം, രോഗികളുടെ സംരക്ഷണം എന്നിവ കണക്കിലെടുത്താണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ പ്രൊഫഷണല്‍ കോളജുകളില്‍ വര്‍ഷങ്ങളോളം പഠിച്ചും പരിശീലനം നേടിയുമാണ് ഈ രംഗത്തേയ്ക്ക് കടന്നുവരുന്നത്.
നേഴ്സിന്‍റെ യൂണിഫോം ഒരു സാധാരണ വസ്ത്രമല്ല. അത് കരുണയുടെയും സേവനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതീകമാണ്. മനുഷ്യജീവനെ സംരക്ഷിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും അവരുടെ വേദനകളില്‍ ആശ്വാസം പകരുകയും ചെയ്യുന്ന മഹത്തായ ദൗത്യത്തിന്‍റെ അടയാളമാണ് നേഴ്സുമാരുടെ യൂണിഫോം. ഒരു നേഴ്സ് യൂണിഫോം ധരിക്കുമ്പോള്‍, അത് തൊഴില്‍ മികവിനോടും ധാര്‍മ്മിക മൂല്യങ്ങളോടും രോഗിപരിചരണത്തോടുമുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനമാണ്. പരമ്പരാഗതമായ വെളുത്ത നിറത്തിലുള്ള നേഴ്സിംഗ് യൂണിഫോം ശുദ്ധിയുടെയും സത്യസന്ധതയുടെയും വിശുദ്ധിയുടെയും പ്രതീകമായിരുന്നു. ഇന്ന് യൂണിഫോമുകളുടെ നിറത്തിലും രൂപകല്‍പ്പനയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് മാറ്റമില്ല. രോഗികളുടെ ജീവനും ആരോഗ്യവും നേഴ്സുമാരുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന വലിയ ഉത്തരവാദിത്വത്തെ ഈ യൂണിഫോം ഓര്‍മ്മപ്പെടുത്തുന്നു.
നേഴ്സിന്‍റെ യൂണിഫോമിന്‍റെ മഹത്വം ഏറ്റവും വ്യക്തമായി പ്രകടമാകുന്നത് അവരുടെ നിസ്വാര്‍ത്ഥ സേവനത്തിലാണ്. രോഗികളുടെ വേദനയിലും ആശങ്കയിലും പ്രതീക്ഷയിലും അവര്‍ ഒപ്പമുണ്ട്. സ്വന്തം സൗകര്യങ്ങളെയും വിശ്രമത്തെയും പലപ്പോഴും മാറ്റിവെച്ച് രോഗികളുടെ ക്ഷേമത്തിനായി രാവും പകലും അദ്ധ്വാനിക്കുന്നവരാണ് നേഴ്സുമാര്‍. ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലും ക്ലിനിക്കുകളിലും സാമൂഹികാരോഗ്യ മേഖലകളിലും അവരുടെ സേവനം അനിവാര്യമാണ്.
നേഴ്സിന്‍റെ യൂണിഫോം ധൈര്യത്തിന്‍റെയും സഹനശക്തിയുടെയും പ്രതീകവുമാണ്. മഹാമാരികള്‍, പ്രകൃതി ദുരന്തങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയിലൊക്കെയും നേഴ്സുമാര്‍ അസാധാരണമായ സമര്‍പ്പണത്തോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അപകടസാദ്ധ്യതകള്‍ നേരിട്ടും രോഗികളുടെ ക്ഷേമത്തിനാണ് അവര്‍ മുന്‍ഗണന നല്‍ക്കുന്നത്. മനുഷ്യസ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും യഥാര്‍ത്ഥ മുഖമാണ് ഈ സേവനം.
ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും ദുര്‍ബലവുമായ നിമിഷങ്ങളായ ജനനത്തിലും മരണത്തിലും ഒപ്പമുണ്ടാകുന്നവരാണ് നേഴ്സുമാര്‍. രോഗിയുടെ വേദനയിലും കുടുംബത്തിന്‍റെ ആശങ്കകളിലും അവര്‍ കരുതലിന്‍റെയും സേവനത്തിന്‍റെയും പ്രതീകമായി നിലകൊള്ളുന്നു. അത്തരമൊരു മഹത്തായ സേവനവൃത്തിയെ ലൈംഗികപ്രതീകങ്ങളുമായി താരതമ്യം ചെയ്യുന്നത് അത്യന്തം അപലപനീയവും നിരാശാ ജനകവുമാണ്. നേഴ്സിംഗ് സമൂഹം സമൂഹത്തിന്‍റെ ആദരവും അംഗീകാരവും അര്‍ഹിക്കുന്നു. പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വവും ബഹുമാനവും പുലര്‍ത്തേണ്ടത് അനിവാര്യമാണ്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.