PRAVASI

ജോര്‍ജ്ജ് മണ്ണിക്കരോട്ട് ;ഒരനുസ്മരണം

Blog Image

ജോര്‍ജ്ജ് മണ്ണീക്കരോട്ടിന്‍റെ മരണവാര്‍ത്ത അപ്രതീക്ഷിതമായിരുന്നു എന്നൊന്നു പറയുന്നില്ല. അതു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ വാര്‍ത്ത കേട്ടപ്പോള്‍ അനല്പമായ ദുഃഖം തോന്നാതിരുന്നില്ല. കുറെ നാളുകളായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. അവസാനമായി അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഫോണ്‍ എടുത്തില്ല എന്നു മാത്രമല്ല തിരിച്ചുവിളിയും വന്നില്ല. സാധാരണ ഫോണ്‍ എടുത്തില്ലെങ്കില്‍ തിരിച്ചു വിളിക്ക പതിവായിരുന്നതിനാല്‍ ഏറെക്കുറെ അദ്ദേഹത്തിന്‍റെ അവസ്ഥ ഗുരുതരം എന്നു ഞാന്‍ ഊഹിച്ചിരുന്നു. 
 ജോര്‍ജ്ജ് മണ്ണിക്കരോട്ടിനെ പരിചയപ്പെടുന്നത് 2010 നു ശേഷം എന്നു പറയുന്നതാകം ഏറെ ശരി. അദ്ദേഹത്തിന്‍റെ 'അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രം' എന്ന ഗ്രന്ഥം പുറത്തിറങ്ങിയതിനു ശേഷം അദ്ദേഹം ഒരുദിവസം എന്നെ വിളിക്കുകയും വിചാരവേദിയില്‍ അദ്ദേഹത്തിന്‍റെ സാഹിത്യ ചരിത്രം പ്രകാശനം ചെയ്യണം എന്ന് താല്പരപ്പെടുകയും ചെയ്തു. ഞാന്‍ സമ്മതിച്ചെങ്കിലും പിന്നീട് എന്തെന്നറിയില്ല അദ്ദേഹം എന്നോട് അതിനെപ്പറ്റി ഒന്നും തന്നെ പറയുകയുണ്ടായിട്ടില്ല. അമേരിക്കന്‍ മലയാള സാഹിത്യചരിത്രത്തിന്‍റെ പേരിലായിരിക്കും ശ്രി. മണ്ണിക്കരോട്ട് ഓര്‍ക്കപ്പെടുക എന്നെനിക്കു തോന്നുന്നു. ആ പുസ്തകത്തിനു വേണ്ടി അദ്ദേഹം അഹോരാത്രം പണിപ്പെട്ടു എന്ന കാര്യം പലപ്പോഴും പറയുകയുണ്ടായിട്ടുണ്ട്. ഒരോ എഴുത്തുകാരേയും രണ്ടും മൂന്നും വട്ടം ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നതിനൊപ്പം, ആനുകാലികങ്ങളില്‍ വരുന്ന ഒറ്റപ്പെട്ട ഒന്നോ രണ്ടോ ലേഖനങ്ങള്‍ എഴിതിയ ഏഴുത്തുകാരേപ്പോലും അദ്ദേഹം അവഗണിച്ചില്ല എന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. അതിന്‍റെ രണ്ടാം പതിപ്പ് അദ്ദേഹം ആധുനിക അമേരിക്കന്‍ മലയാള സാഹിത്യ ചരിത്രം എന്ന പേരില്‍ പുറത്തിറക്കുമ്പോള്‍ പുതിയ എഴുത്തുകാരേയും കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല. ഒരിക്കലും തീരാത്ത ഒരു ജോലി എന്നദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. 

 എന്‍റെ 'പ്രവാസികളുടെ ഒന്നാം പുസ്തകം' എന്ന നോവല്‍ പുറത്തിറങ്ങിയപ്പോള്‍ ഇവിടെയുള്ള രണ്ടുമൂന്ന് എഴുത്തുകാര്‍ക്ക് എന്നോട് കലഹം ഉണ്ടായി. അവരാണ് അമേരിക്കയില്‍ ആദ്യമായി നോവല്‍ പ്രസിദ്ധികരിച്ചതെന്നു സ്ഥാപിക്കാനായി അവരുടെ കൃതികള്‍ വീണ്ടും ഈ മലയാളിയില്‍ പ്രസിദ്ധീകരിക്കയുണ്ടായി. അതില്‍ ഒരാള്‍ മണ്ണിക്കരോട്ടായിരിന്നു. ആ തെറ്റിദ്ധാരണക്ക് കാരണമായതോ 'ഒന്നാം പുസ്തക്ം' എന്ന ശീര്‍ഷകമായിരുന്നു. പിന്നീട് പ്രവാസികളൂടെ ഒന്നാം പുസ്തകം എന്നത് പുസ്തകത്തിന്‍റെ തലക്കെട്ടാണന്നു തിരിച്ചറിഞ്ഞ് അവര്‍ നല്ല സുഹൃത്തുക്കള്‍ ആയി. എന്നുമാത്രമല്ല ആ പുസ്തകത്തെപ്പറ്റി നല്ല ഒരു റിവ്യു എഴുതുകയും ചെയ്തു എന്നത് പ്രതേകമായി ഓര്‍ക്കുന്നു. എന്‍റെ രചനകള്‍ കണ്ടാല്‍ വായിക്കയും വിളിച്ച് അതിനേപ്പറ്റിയുള്ള ആത്മാര്‍ത്ഥമായ അഭിപ്രായം പറയുകയും ചെയ്യുക പതിവായി. മാസത്തില്‍ ഒരു തവണയെങ്കിലും പരസ്പരം വിളിക്കുകയും അമേരിക്കയിലെ സാഹിത്യ കൃതികളെക്കുറിച്ചും എഴുത്തുകാരേക്കുറിച്ചും ഒക്കെ ദീര്‍ഘമായി സംസാരിക്കുകയും പതിവായിരുന്നു. അവസാനകാലം വരേയും പുതിയ സാഹിത്യ സംരഭങ്ങളേക്കുറിച്ച് പറയുമായിരുന്നു. അസുഖവിവരം അറിയാന്‍ വിളിച്ചാലും അവസാനിക്കുന്നത് സാഹിത്യത്തില്‍ ആയിരിക്കും. അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ സാഹിത്യം അത്രമാത്രം നിറഞ്ഞു നിന്നിരുന്നു.

  ഞാന്‍ ലാനയുടെ സെക്രട്ടറി ആയിരുന്ന സമയത്ത് ന്യുയോര്‍ക്കില്‍ നടന്ന പ്രാദേശിക സമ്മേളത്തില്‍ അദ്ദേഹത്തിന് അമേരിക്കന്‍ മലയാള സാഹിത്യ ചരിത്ര രചിതാവെന്ന നിലയിലുള്ള ആദരവും അവര്‍ഡും കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളത് അഭിമാനത്തോട് ഓര്‍ക്കുന്നു. അദ്ദേഹം ചെയ്ത പ്രവര്‍ത്തിയെ ലാന അംഗികരിച്ചല്ലോ എന്ന സന്തോഷം അദ്ദേഹം പലപ്പോഴും ഞാനുമായി പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്‍റായിട്ടുള്ള മലയാളം സൊസറ്റിയുടെ സാഹിത്യ സമ്മേളനത്തില്‍ എന്‍റെ ഒന്നില്‍ കൂടുതല്‍ കഥകള്‍ അവതരിപ്പിക്കാനായി എന്നെ ക്ഷണിച്ചിട്ടുണ്ടെന്നും ഈ അവസരത്തില്‍ നന്ദിയോട് ഓര്‍ക്കട്ടെ. ജീവിതത്തിന്‍റെ അവസാനം വരേയും സാഹിത്യത്തെ ചേര്‍ത്തുപിടിച്ചു നടന്ന സ്നേഹിത വിട- പ്രണാമം! 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.