PRAVASI

ഷെയ്ൻ നിഗത്തിന്റെ ‘ദൃഢവും’ ‘ഭൂതകാലവും’ എന്റെ കഥകൾ മോഷ്ടിച്ചത്; ആരോപണവുമായി ആർ. ശ്രീലേഖ

Blog Image


യുവനടൻ ഷെയ്ൻ നിഗം നായകനായ സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘ഭൂതകാലം’, അടുത്തിടെ ഒ.ടി.ടിയിലെത്തിയ ‘ദൃഢം’ എന്നീ സിനിമകൾക്കെതിരെ കഥാ മോഷണ ആരോപണവുമായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും തിരുവനന്തപുരത്തെ മുൻ ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. അടുത്തിടെ റിലീസായ ഷെയ്ൻ നിഗത്തിന്റെ പോലീസ് ത്രില്ലർ ചിത്രം ‘ദൃഢം’ കണ്ടതിന് ശേഷമാണ് ശ്രീലേഖ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. യാദൃശ്ചികമായാണ് സിനിമ കണ്ടതെന്നും എന്നാൽ അത് കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും അവർ വ്യക്തമാക്കുന്നു.

വർഷങ്ങൾക്ക് മുൻപ് ഞാൻ എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് സ്‌റ്റേഷൻ’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ദൃഢം എന്ന സിനിമയിലെ മൂലകഥ എന്ന് പറഞ്ഞാൽ അതിൽ ഒട്ടും തെറ്റില്ല. എന്റെ കഥയുടെ ശ്രവണരൂപം അടങ്ങിയ യൂട്യൂബ് ലിങ്കും ഇതിനൊപ്പം ശ്രീലേഖ പങ്കുവെക്കുന്നുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് കൈയടി നേടിയ ഹൊറർ ത്രില്ലർ ചിത്രം ‘ഭൂതകാലം’ തന്റെ അനുഭവകഥ മോഷ്ടിച്ചതാണെന്നാണ് ശ്രീലേഖയുടെ രണ്ടാമത്തെ ആരോപണം. ചിത്രത്തിന്റെ തലക്കെട്ടിൽ പോലും തന്റെ കഥയുമായി സാമ്യമുണ്ടെന്ന് അവർ പറയുന്നു. ‘ഭൂതഭവനം’ എന്നായിരുന്നു താൻ എഴുതിയ കഥയ്ക്ക് നൽകിയ പേര്. മൂന്ന് വർഷം മുൻപ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച യഥാർത്ഥ അനുഭവകഥയാണ് സിനിമയാക്കി മാറ്റിയിരിക്കുന്നത്. ഇതിന്റെ തെളിവായുള്ള വീഡിയോ ലിങ്കും അവർ പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.

സിനിമകൾക്കെതിരെ കടുത്ത മോഷണക്കുറ്റം ആരോപിക്കുമ്പോഴും, രണ്ട് ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തിയ നടൻ ഷെയ്ൻ നിഗത്തിനോട് തനിക്കുള്ള പ്രത്യേക താല്പര്യവും ശ്രീലേഖ പങ്കുവെച്ചു. ‘പറവ’ എന്ന സിനിമ കണ്ടത് മുതൽ ഷെയ്‌നിന്റെ അഭിനയം തനിക്ക് വലിയ ഇഷ്ടമാണ്. തനിക്കൊപ്പം മുൻപ് ജോലി ചെയ്തിരുന്നവരും, താൻ സ്വന്തം സഹോദരനെപ്പോലെ കാണുകയും ചെയ്യുന്ന ‘മുഹമ്മദ്’ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുഖഛായയും പെരുമാറ്റവുമാണ് ഷെയ്ൻ നിഗത്തിനുള്ളതെന്നും, അതാണ് നടനോട് കൂടുതൽ ആത്മബന്ധം തോന്നാൻ കാരണമെന്നും പറഞ്ഞാണ് ആർ. ശ്രീലേഖ കൂട്ടിച്ചേർത്തു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.