തിരുവല്ലയിൽ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് ഉത്തരവായെന്നു തിരുവല്ല എം.എൽ എ അഡ്വ .വർഗീസ് മാമ്മൻ അറിയിച്ചു .
തിരുവല്ലയിൽ നിലവിലുള്ള പോലീസ് സ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായതിനാൽ കഴിഞ്ഞ അഞ്ച് വർഷമായി പോലീസ് ക്വാർട്ടേഴ്സിലെ രണ്ട് ക്വാർട്ടേഴ്സുകൾ യോജിപ്പിച്ചാണ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്നത്. ഈ ഗുരുതര സാഹചര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപ്പെടുത്തുകയും പുതിയ പോലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി അഡ്വ .വർഗീസ് മാമ്മൻ എം.എൽ എ നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് ആഭ്യന്തര മന്ത്രി കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയോട് അടിയന്തരമായി സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകുകയും പദ്ധതിക്കായി നാല് കോടി രൂപ അനുവദിക്കുകയും ചെയ്തു.
തിരുവല്ല പോലീസ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുതിയ പോലീസ് സ്റ്റേഷനും സർക്കിൾ ഓഫീസും ഉൾക്കൊള്ളുന്ന ആധുനിക പോലീസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനുള്ള പ്ലാൻ തയ്യാറായിക്കഴിഞ്ഞു. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ സമുച്ചയം ലിഫ്റ്റ് ഉൾപ്പെടെ മൂന്ന് നിലകളിലായാണ് നിർമ്മിക്കുക. നാല് കോടി രൂപ ചെലവിൽ യാഥാർഥ്യമാകുന്ന ഈ പദ്ധതി കേരളത്തിലെ മാതൃകാ പോലീസ് കോംപ്ലക്സുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ.
ഈ പദ്ധതിക്കായി ഇപ്പോൾ സർക്കാർ ഉത്തരവ് ലഭ്യമായിട്ടുണ്ട്. നിർമാണത്തിനായി നിശ്ചയിച്ച സ്ഥലം എം.എൽ എ സന്ദർശിച്ച് വിലയിരുത്തുകയും ചെയ്തു. ജില്ലാ പോലീസ് സൂപ്രണ്ട് ആർ. ആനന്ദ്, തിരുവല്ല ഡി.വൈ.എസ്.പി ജിജു കെ. ആർ., സർക്കിൾ ഇൻസ്പെക്ടർ സുജിത് കെ. എസ്., കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ പ്രോജക്ട് എഞ്ചിനീയർ സക്കീർ ഹുസൈൻ എന്നിവർ ഉണ്ടായിരുന്നു.



