അമ്മ ഓർമ്മയായി മറഞ്ഞു പോയിട്ട് 11 വർഷം തികയുന്നു .2015 മാർച്ച് 7 ശനിയാഴ്ച വൈകിട്ട് 7 മണിക്കായിരുന്നു ആ വിടവാങ്ങൽ .
അമ്മയുടെ 39 ാമത്തെ വയസ്സിലായിരുന്നു അച്ഛന്റെ വേർപാട് .എനിക്കന്ന് എട്ടുവയസ്സ്.ചേട്ടന് 21 വയസ്സ് .
യുവത്വം പിന്നിടും മുൻപേ രണ്ട് ആൺ മക്കളെ തനിച്ചു പോറ്റേണ്ട ചുമതല അമ്മയുടെ ചുമലിലായി.രണ്ടു വർഷത്തോളം അച്ഛൻ രോഗശയ്യയിലായതോടെ ഞങ്ങളുടെ ജീവിതത്തിന്റെ ഗ്രാഫ് താഴേക്ക് ഇടിയുകയായിരുന്നു.അച്ഛന്റെ മരണത്തോടെയത് നിലം പറ്റി.കുടുംബം അനാഥമായ അവസ്ഥയിലായി.ആലപ്പുഴ പട്ടണത്തിലെ സമൃദ്ധിയുടെ കാലത്ത് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ പലരും അകന്നുപോയി .രണ്ട് മക്കളെയും കൂട്ടി സ്വന്തം നാടായ ചേർത്തലയിലേക്കു വന്ന അമ്മയ്ക്ക് അവിടെയും തിരിച്ചടി നേരിടേണ്ടി വന്നു .ഏറ്റവും അടുത്ത ബന്ധുക്കൾ പോലും അമ്മയോടും ഞങ്ങളോടും ക്രൂരമായാണ് പെരുമാറിയത്. അമ്മ കീഴടങ്ങാൻ തയ്യാറായില്ല.അച്ഛനുണ്ടായിരുന്ന കാലത്ത് വീട്ടിനകത്തും പുറത്തും സഹായിക്കാൻ മൂന്നാലു ജോലിക്കാരുമായി ആലപ്പുഴ പട്ടണത്തിൽ ജീവിച്ച അമ്മയ്ക്ക് സ്വന്തം ഗ്രാമത്തിലെത്തിയപ്പോൾ മക്കളെ പോറ്റാൻ ചകരി പിരിക്കേണ്ടി വന്നു.പകൽ പറമ്പിൽ കായ്കറികൾ നാട്ടുനനച്ചു.ഒന്നുരണ്ട് പശുക്കളെയും ആടുകളേയും കോഴികളെയും വളർത്തി.പക ത്തെ ജോലികഴിഞ്ഞാൽ അർദ്ധരാത്രിയോളം അടുക്കള തളത്തിലിരുന്ന് അമ്മ കയർ പിരിക്കും.നാട്ടിലെ വായനശാലയിൽ നിന്നെടുത്ത പുസ്തകങ്ങളുമായി ചേട്ടനും ഞാനും അമ്മയ്ക്കു കൂട്ടിരിക്കും .അമ്മ കയർ പിരിച്ചു വിറ്റുകിട്ടുന്ന കാശിനാണ് ഞങ്ങൾ റേഷൻ വാങ്ങിയിരുന്നത്.റേഷൻ കടയിൽ മണ്ണെണ്ണ വരാൻ വൈകിയാൽ വീട് ഇരുട്ടിലാകും.ചിലപ്പോൾ റേഷൻ വാങ്ങാൻ പണം തികയാതെ വരും .സമയത്ത് ആഹാരം കഴിക്കാനാവാതെ വിശന്നിരുന്ന ഒരുപാട് ദിവസങ്ങളുണ്ട്.അമ്മ ഞങ്ങളെ പട്ടിണിക്കിടില്ല.

അൽപം വൈകിയാണെങ്കിലും കാച്ചിലോ ചേമ്പൊ വാട്ടുകപ്പയോ വേവിച്ചുതന്ന് ഞങ്ങളുടെ വിശപ്പകറ്റും. രണ്ട് വർഷത്തിലേറെ നീണ്ടുനിന്നു ഞങ്ങളുടെ ദുരിത ജീവിതം.ചേട്ടന് FACT യിൽ ഡിപ്പോ അസിസ്റ്റന്റായി ജോലി കിട്ടും വരെ .അതോടെ അകന്നു നിന്ന ബന്ധുക്കൾ വീണ്ടും അടുത്തുകൂടി .പത്താം ക്ലാസ്സ് കഴിഞ്ഞ് അമ്മയെന്നെ കോളേജിൽ ചേർത്തപ്പോൾ ഏറ്റവും അടുത്ത ബന്ധുക്കൾ എതിർത്തു .'ചെക്കനെ ടൈപ്പും ഷോർട്ട് ഹാൻഡും പഠിപ്പിച്ച് ബാംബേൽ അയച്ചിരുന്നേൽ വല്ല ജോലീം കിട്ടിയേനെ 'എന്നായിരുന്നു ഉപദേശം.നാട്ടിലെ ഒരു പ്രമാണി എന്നെ പരസ്യമായി അധിക്ഷേപിച്ചു : 'നീയെന്താടാ പഠിച്ച് കലക്ടറാവാൻ പോണോ ?'അതുകേട്ട് എന്നെ നോക്കി കളിയാക്കി ചിരിച്ചവരുടെ മുഖങ്ങൾ ഇപ്പോഴും എന്റെ കൺമുന്നിലുണ്ട് .അതൊരിക്കലും മാഞ്ഞുപോവില്ല .
ഡിഗ്രിക്കും ജേർണലിസം പിജി ഡിപ്ലോമയ്ക്കും എന്നെ പഠിപ്പിച്ചത് അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് .'എന്തുവന്നാലും നീ പഠിക്കണം 'അമ്മ പറയും . പിജി ഡിപ്ലോമയ്ക്ക് ചേരാൻ പണമില്ലാതെ വന്നപ്പോൾ ഒരിക്കലും ഊരാനാവാതെ വിരലിൽ ഇറുകി കിടന്നിരുന്ന അശോക സ്തംഭം കൊത്തിയ മോതിരം ഒരുപാട് ബദ്ധപ്പെട്ട് ഊരിത്തന്നു .'നീയിതു കൊണ്ടുപോയി വിറ്റ് ഫീസടയ്ക്ക് 'എന്നുപറഞ്ഞ്.ജേർണലിസം പാസ്സായി
കേരള കൗമുദിയിൽ 400 രുപാ സ്റ്റൈപ്പന്റിൽ റിപ്പോർട്ടർ ട്രെയിനിയായി ചേർന്നപ്പോഴാണ് അമ്മയ്ക്ക് ആശ്വാസമായത്.
'ഇനി നിനക്ക് സ്വന്തം വരുമാനം കൊണ്ട് എം എ യ്ക്ക് പഠിക്കാമല്ലോ ?' മഹാരാജാസ് കോളേജിൽ നിന്ന് എം എ യ്ക്ക് ഇന്റർവ്വ്യു കാർഡ് വന്നപ്പോൾ അടയ്ക്കാൻ പണമില്ലാതെ വന്ന നിരാശ അമ്മയുടെ മനസ്സിലുണ്ടായിരുന്നിരിക്കാം .
പാലക്കാട്ടും കോഴിക്കോട്ടും ഞാൻ കലക്ടറായപ്പോൾ രഞ്ജുവും ഞാനും ഒരുപാട് നിർബന്ധിച്ചപ്പോഴാണ്
കഷ്ടിച്ച് ഒരാഴ്ച കളക്ടറുടെ ബംഗ്ലാവിൽ താമസിക്കാൻ അമ്മ വന്നത് .'എനിക്ക് എന്റെ വീട് തന്നെയാണ് സ്വർഗ്ഗം. ',അമ്മ പറയും.'മിറ്റത്തെ കാവിലും പറമ്പിലും പാട വരമ്പത്തുമൊക്കെ നടക്കുന്ന സുഖം ഇവിടെ കിട്ടത്തില്ല.'ഒരാഴ്ച തികയുന്നതും അമ്മ സ്ഥലം വിടും .
മരിക്കുന്നതിന് രണ്ടുമാസം മുൻപ് അമ്മയ്ക്ക് ചെറിയൊരു ഹൃദയാഘാതമുണ്ടായി.ഞാനന്ന് ദില്ലിയിൽ ഒരു പദ്ധതി അവലോകന യോഗത്തിലായിരുന്നു .ദില്ലിയിൽ നിന്നു പെട്ടെന്ന് തിരിച്ചത്തി ഒരു മാസത്തോളം അവധിയെടുത്ത് അമ്മയോടൊപ്പം ആശുപത്രിയിൽ കഴിഞ്ഞു.ഒരാഴ്ച കഴിഞ്ഞ് ഐ സി യു വിൽ നിന്ന് സ്‌ട്രെച്ചറിൽ കിടത്തി മുറിയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ലിഫ്റ്റിൽ ഒപ്പമുണ്ടായിരുന്ന
നേഴ്സ് എന്നെ ചൂണ്ടി അമ്മയോട് ചോദിച്ചു : 'ഇതാരാണെന്ന് അമ്മയ്ക്കു മനസ്സിലായോ ? 'അമ്മ തളർന്ന കണ്ണുകളാൽ
എന്നെ നോക്കി : 'ഇതെന്റെ മകൻ '.
'മകനെന്താ ജോലി ?' സിസ്റ്റർ ചോദിച്ചു. അവശയായിരുന്നെങ്കിലും അമ്മ അഭിമാനത്തോടെ പറഞ്ഞു : 'എന്റെ മകൻ കളക്ടറാ .'
കളക്ടർ പദവി വിട്ട് ഞാൻ ഗ്രാമ വികസന കമ്മീഷണറായി രണ്ടുവർഷം പിന്നിട്ടിരുന്നു .പക്ഷെ ,അമ്മയ്ക്ക് ഞാനപ്പോഴും കളക്ടർ ആയിരുന്നു .
ലിഫ്റ്റിറങ്ങി വരാന്തയിലൂടെ മുറിയിലേക്ക് പോകുന്നതിനിടയിൽ എന്തോ അയവിറക്കിയെന്നോണം അമ്മ പറഞ്ഞു : 'എന്റെ കുഞ്ഞ് ഒരുപാട് കഷ്ടപ്പെട്ടാ ഈ നിലയിലെത്തിയത്'.അതുപറഞ്ഞതും അമ്മയുടെ കണ്ണുനിറഞ്ഞു.
ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളിലും എന്നെ മുന്നോട്ടു നയിച്ച പ്രേരകശക്തി അമ്മയായിരുന്നു.
എന്റെ കൺമുന്നിൽ ഞാൻ കണ്ടറിഞ്ഞ സ്ത്രീശക്തിയുടെ ആൾരൂപമായിരുന്നു അമ്മ .
അമ്മ - ഭൂമിയിലെ മഹത്തായ അക്ഷരങ്ങൾ !

കെ.വി മോഹൻ കുമാർ

