സാധാരണയായി ഒരു പോസ്റ്റിലും എതിർസ്ഥാനാർഥിക്ക് എതിരെ ഒരു വാക്ക് പോലും പറയാത്ത ഒരാളാണ് ഞാൻ. എതിരാളികളും ആദരവ് അർഹിക്കുന്നവരാണ് എന്ന് എപ്പോഴും ബോധ്യമുണ്ട്.
പക്ഷേ, ഒരൊറ്റ മണ്ഡലത്തിൽ മാത്രം എനിക്കത് പറ്റില്ല.
അത് പത്തനാപുരമാണ്.
കാരണം, എന്റെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോവാതെ ചോരയൊലിക്കുന്ന മുറിവായി, ഇപ്പോഴും തീരാവേദനയായി നിൽക്കുന്ന ഒരു ചിത്രം സോളാർ ആരോപണകാലത്തെ ഉമ്മൻ ചാണ്ടി സാറിന്റെ മുഖവും ശരീരഭാഷയുമാണ്.
ഏതോ ചാനലിൽ കാണിച്ച അദ്ദേഹത്തിന്റെ ഇടറി ഇടറിയ നടത്തവും പതറിയ നോട്ടവും ഉള്ളിലുണ്ട്. ഇപ്പോഴും ആ ഓർമയിൽ കണ്ണ് നിറയുന്നുണ്ട്.
അതുകൊണ്ടുതന്നെ, മുതിർന്ന പൗരനും ജനകീയനുമായ ഒരു മുഖ്യമന്ത്രിയെ ജനങ്ങൾക്ക് മുന്നിൽ അപഹാസ്യനാക്കാൻ കാരണക്കാരനായ,
അദ്ദേഹത്തിന്റെ പേരിനൊടൊപ്പം അശ്ളീലപദങ്ങൾ ചേർത്ത് നിരന്തരം ആക്ഷേപിക്കാനുള്ള സാഹചര്യം സൃഷ്ടിച്ച,ഇല്ലാത്ത ഒരു സിഡി അന്വേഷിച്ച് മാധ്യമപടയെ കോയമ്പത്തൂർ വരെ ഓടിച്ച,
പ്രതിപക്ഷവും മാധ്യമങ്ങളും അദ്ദേഹത്തെ ഒരു പോലെ വേട്ടയാടാനുള്ള സാഹചര്യം ഉണ്ടാക്കിയ,
കൊടുംക്രിമിനലായ ഒരു സ്ത്രീയെ 'ഇരയും, സംരംഭകയും, അതിജീവിതയുമായി' അവതരിപ്പിച്ച
അധികാരമോഹിയും ക്രിമിനലുമായ കെ. ബി ഗണേഷ് കുമാർ ഇനിയും
ജനപ്രതിനിധിയാകാൻ യോഗ്യനല്ല.
ഗണേഷ്കുമാറിന്റെ യഥാർത്ഥ മുഖം മലയാളികൾ നേരിൽ കണ്ടതാണ്, കേട്ടതാണ്. ഇനിയും ഒരിക്കൽക്കൂടി അയാൾ ജയിക്കുന്നത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്.
ജനങ്ങളിൽ നിന്നും ജീവശ്വാസം കണ്ടെത്തിയിരുന്ന ഉമ്മൻ ചാണ്ടിയെന്ന മനുഷ്യന്റെ പൊതുജീവിതത്തിന് മുകളിൽ ആരോപണവിസർജ്യം കോരിയിട്ടവർ അതിനുള്ള ശിക്ഷ ജനങ്ങളിൽ നിന്നെങ്കിലും അനുഭവിച്ചേ മതിയാവൂ.
പ്രിയപ്പെട്ട ജ്യോതികുമാർ ചാമക്കാലയാണ് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാർഥി. വാഗ്മിയും, കഠിനാധ്വാനിയും, ദീർഘകാലത്തെ പൊതുപ്രവർത്തനപാരമ്പര്യവുമുള്ള അദ്ദേഹം കെ എസ് യു പ്രവർത്തകനായി തുടങ്ങി കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം വരെ എത്തിയ സജീവരാഷ്ട്രീയ പ്രവർത്തകനാണ്. വികസനത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുള്ള വ്യക്തി..
ജ്യോതികുമാർ ചാമക്കാലയുടെ വിജയം ഉറപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.


