ഡൽഹി: രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ച നീറ്റ് അടക്കമുള്ള ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. വീഴ്ച വരുത്തിയ 47 ഉദ്യോഗസ്ഥരെയാണ് എൻ.ടി.എയിൽ നിന്ന് ഒറ്റയടിക്ക് പിരിച്ചുവിട്ടിരിക്കുന്നത്. ഇതിൽ ഗുരുതര വീഴ്ച വരുത്തിയ ചില ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളും ക്രിമിനൽ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. എൻ.ടി.എ പൂർണ്ണമായി ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായി കൂടുതൽ കർശന നടപടികൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് സൂചന. രാത്രി 8 മണിക്കാണ് ഇതുസംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്. സമരങ്ങൾ ശക്തമാകുന്നതിനിടയിലെ ഈ നീക്കം ദേശീയ തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
അതേസമയം, കോക്രോച്ച് ജനത പാർട്ടി നേതൃത്വത്തിലുള്ള സമരം രാജ്യവ്യാപകമായി ശക്തമാകുന്ന സാഹചര്യത്തിൽ ദില്ലിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയ മേഖലകളിൽ ഡൽഹി ട്രാഫിക് പൊലീസ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു.ഈ മേഖലകളിലേക്ക് ഓൺലൈൻ ടാക്സി സർവീസുകൾക്കും ഫുഡ് ഡെലിവറി സർവീസുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ ഈ മേഖലകൾ സന്ദർശിക്കുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നും, അവിടേക്കുള്ള സർവീസുകൾ ഒഴിവാക്കാൻ ഓൺലൈൻ ആപ്പുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതിനിടയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് തുടർച്ചയായ അഞ്ചാം ദിവസവും സ്തംഭിപ്പിച്ചു. മന്ത്രിയുടെ രാജിയൊഴികെയുള്ള ആവശ്യങ്ങൾ തൽക്കാലം പരിഗണിക്കാമെന്ന് സി.ജെ.പി നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രിതല സമിതി അറിയിച്ചെങ്കിലും, രാജിയില്ലെങ്കിൽ ഒത്തുതീർപ്പില്ലെന്ന നിലപാടിലാണ് സമരക്കാർ.

