PRAVASI

യഥാർത്ഥത്തിൽ സംഭവിച്ചത് എന്തായിരിക്കണം ?

Blog Image

102 സീറ്റുകളിൽ യു.ഡി.എഫ് മുന്നണി ഉജ്ജ്വല വിജയം നേടിയിട്ടും മുന്നണിയെ നയിക്കുന്ന കോൺഗ്രസിന് അതിൻ്റെ മുഖ്യമന്ത്രിയെ ഇതേവരെ പ്രഖ്യാപിക്കാൻ കഴിയാതിരിക്കുന്ന '  impasse ' എന്ത് കൊണ്ട് ഉണ്ടായി ? തുടരുന്നു ? 
ഇതിൽ വലിയ അസ്വഭാവികതയൊന്നും കാണേണ്ട കാര്യമില്ല എന്നാണ് തോന്നുന്നത്. എം . എൽ എ മാരിൽ ഭൂരിപക്ഷവും  പിന്തുണയ്ക്കുന്നയാൾ മുഖ്യമന്ത്രിയാവുമെന്നത് നേരത്തേ അറിയാവുന്ന കാര്യമായതിനാൽ സ്ഥാനാർത്ഥി നിർണയത്തിലാണ് ആ ഗെയിം സെറ്റ് ചെയ്യപ്പെട്ടത്. കെ.സി വേണുഗോപാൽ എ. ഐ. സി. സി സെക്രട്ടറി ആയതിനാൽ പലരും സ്ഥാനാർത്ഥി ആയി നിർണയിക്കപ്പെട്ടതിൽ അദ്ദേഹത്തിൻ്റെ പങ്ക് നിർണായകമായിരിക്കാം. ആ ബോധ്യം സ്ഥാനാർത്ഥികൾക്കും ഉണ്ടാവാം. അത് കൊണ്ടാണ് അവരിൽ പലരും പരസ്യമായി കെ.സിയെ പിന്തുണച്ചത്. ഒരുദാഹരണം പറഞ്ഞാൽ തൃക്കരിപ്പൂരിൽ വിജയിച്ച സന്ദീപ് വാര്യർ. 
എന്നാൽ ഈ ഗെയിം പാളിയത് എവിടെയാണ് ? അത് യു. ഡി.എഫ് നേടിയ വമ്പൻ വിജയത്തോടെയാണ് . വിജയപ്രതീക്ഷ കോൺഗ്രസിനും എ. ഐ. സി.സി നിരീക്ഷകർക്കും ഉണ്ടായിരുന്നെങ്കിലും ഇത്രയും വലിയ മാർജിനിലുള്ള വിജയം അവരും പ്രതീക്ഷിച്ചിരുന്നില്ല. ചുരുക്കത്തിൽ ജനമാണ് ഈ  'സി. എം ഗെയിം പ്ലാൻ '  പൊളിച്ചത്.  ജനവികാരത്തിൻ്റെ വ്യാപ്‌തി മനസ്സിലാക്കിയ AICC അതിനെ അത്ര നിസ്സാരമായി അവഗണിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞു. ഇവിടെയാണ് നമ്മൾ നേരത്തേ പറഞ്ഞ impasse ആരംഭിക്കുന്നത്. 
തെരഞ്ഞെടുപ്പിന് മുമ്പ് കേവല ഭൂരിപക്ഷത്തിൽ എങ്കിലും ഭരണത്തിലേക്ക് മടങ്ങിവരാനായേക്കും എന്ന പ്രതീക്ഷയേ കോൺഗ്രസ് നേതാക്കൾക്ക് ഉണ്ടായിരുന്നുള്ളൂ ; ഒരാൾക്കൊഴിച്ച്. 
അയാൾ മാത്രമാണ് ഇലക്ഷന് മുമ്പ് 100 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തും എന്ന് ആദ്യമായി പറഞ്ഞത്. പിന്നെയും അത്  ആവർത്തിച്ചത്. അങ്ങിനെ സംഭവിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിൻ്റെ തലേന്ന് പോലും പറഞ്ഞതിൽ നിന്ന് പിന്നാക്കം പോവാൻ അയാൾ തയ്യാറായില്ല. ഇതിനെയാണ് നമ്മൾ ജനത്തിൻ്റെ പൾസ് മനസ്സിലാക്കുക , ഗ്രൗണ്ട് റിയാലിറ്റി തിരിച്ചറിയുക എന്നൊക്കെ പറയുന്നത്. രാഷ്ട്രീയത്തിൽ  ജനവികാരം തിരിച്ചറിയുക , അതിനെ അഭിസംബോധന ചെയ്യുക എന്നതൊക്കെ പ്രാഥമിക ഉത്തരവാദിത്തങ്ങളാണ്. 
അത് കൊണ്ട് അധികം വൈകാതെ എ ഐ.സി.സി കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തെ കേരളത്തിൽ നയിച്ച വി.ഡി സതീശനെ പുതിയ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സാമാന്യബോധമുള്ളവർ കരുതുന്നത്. 

 ടി.അരുൺ കുമാർ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.