ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരിയഡ് ചിത്രം ‘പള്ളിച്ചട്ടമ്പി’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഏപ്രിൽ 15-ന് തിയേറ്ററുകളിലെത്തിയ ഈ ബിഗ് ബജറ്റ് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ടി.എസ്. സുരേഷ് ബാബുവാണ് 1950-60 കാലഘട്ടത്തിലെ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ കയാദു ലോഹറാണ് നായികയായി എത്തിയത്. ജെയ്ക്സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രത്തിലെ ‘കാട്ടുച്ചെമ്പകം’, ‘മാവീരാ’ എന്നീ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിജയരാഘവൻ, ടി.ജി. രവി, സുധീർ കരമന, ബാബുരാജ്, സിദ്ദിഖ്, ജോണി ആന്റണി തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

