PRAVASI

വിജയ്‌യുടെ മുഖ്യമന്ത്രിപദവി - കടമ്പകൾ ഏറെ

Blog Image

പ്രമുഖ ചലച്ചിത്രതാരമായ വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു. എന്നാൽ മുന്നോട്ടുള്ള ഒരോ ചുവടുവയ്പും അദ്ദേഹത്തിനു പരീക്ഷണങ്ങൾ  നിറഞ്ഞതാവും. ഇപ്പോൾതന്നെ പ്രതിസന്ധികൾ നേരിട്ടു തുടങ്ങിയെന്നത് സത്യപ്രതിജ്ഞാ ചടങ്ങിലെ 'ഖജനാവ് കാലിയാണ്' എന്ന അഭിപ്രായപ്രകടനത്തിൽ വൃക്തമാണ്.

സിനിമാ താരങ്ങളായ കരുണാനിധിയും എം.ജി.ആറും ജയലളിതയുമെല്ലാം മുമ്പ് തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. ഭരണകാര്യത്തിൽ അവരെപ്പോലെ വിജയ്ക്ക് പക്വത  ഉണ്ടോ എന്ന കാര്യത്തിൽ വ്യത്യസ്താഭിപ്രായങ്ങളാണുള്ളത്. 1984 ൽ ബാലതാരമായി തുടങ്ങി 1992-ൽ  'നാളൈയ തീർപ്പ്' എന്ന സിനിമയിലൂടെ നായകനായി മാറി തുടർന്ന് സൂപ്പർ സ്റ്റാറായി മാറിയ വിജയ്ക്ക് ഇനിയും അഭിനയ സാധ്യതകൾ ഏറെയാണ്. അതു മാറ്റിവച്ച് മുഖ്യമന്ത്രി പദവിയിൽ അദ്ദേഹത്തിന് എത്രകണ്ട് ശോഭിക്കാൻ കഴിയുമെന്നതും  ആശങ്കാജനകമാണ്.

അടുത്ത പ്രതിസന്ധിയെന്നു പറയുന്നത്, പ്രകടനപത്രികയിൽ അദ്ദേഹം മുന്നോട്ടുവച്ച 336 വാഗ്ദാനങ്ങളാണ്.  വീട്ടമ്മമാർക്ക് പ്രതിമാസം 2,500 രൂപ,
എല്ലാ കുടുംബത്തിനും ​ ഓരോവർഷവും ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ.
സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര.
​വിവാഹിതരാകുന്ന പെൺകുട്ടികൾക്ക് 8 ഗ്രാം സ്വർണ്ണനാണയവും പട്ടുസാരിയും, നവജാതശിശുക്കളുടെ അമ്മമാർക്ക് സ്വർണ്ണമോതിരം,
​ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,500 രൂപയും തൊഴിലില്ലായ്മ വേതനം,
കുട്ടികൾ സ്കൂളിൽ നിന്ന് പഠനം നിർത്തുന്നത് ഒഴിവാക്കാൻ അമ്മമാർക്ക് വർഷം 15,000 രൂപ സഹായം,
​5 ഏക്കർ വരെയുള്ള കർഷകരുടെ സഹകരണ ബാങ്ക് വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളൽ തുടങ്ങിയ വാഗ്ദാനങ്ങൾ വെറും തള്ളലു മാത്രമായിപ്പോകുമോ എന്ന് ആരാധകർപോലും ഭയപ്പെടുന്നു.  ഈ പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ മാസാമാസം പതിനാലു കോടി രൂപ വീതം വേണ്ടിവരും എന്നാണ് കണക്ക്. തമിഴ്നാടിൻ്റെ വാർഷിക വരുമാനം 2025- 26 ബജറ്റ് അനുസരിച്ച് ഏകദേശം 3.32 ലക്ഷം കോടി രൂപയാണ്. അതിൻ്റെ പകുതിയിൽ കൂടുതൽ (1.66 ലക്ഷം കോടി) ഈ വാഗ്ദാനങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രം വരുമെന്നു കണക്കുകളിൽ വ്യക്തമാണ്. ഇതുപോലെ ഇലക്ഷൻ വാഗ്ദാനം നല്കിയത് നിറവേറ്റാൻ പാടുപെടുന്ന തെലുങ്കാന, മഹാരാഷ്ട്ര സർക്കാരുകൾ ഒന്നിനും പണമില്ലാതെ നട്ടം തിരിയുന്നത് നമ്മൾ കാണുന്നുണ്ട്.

രാഷ്‌ട്രീയ പാർട്ടിക്കാർ വോട്ടു നേടുന്നതിനായി നല്കുന്ന പൊള്ളയായ വാഗ്ദാനം പോലെ തമിഴുനാട്ടുകാർ വിജയ്‌യുടെ വാഗ്ദാനത്തെ കാണുമെന്നു തോന്നുന്നില്ല. കാരണം, വാക്കു പാലിക്കുന്ന  രക്ഷകനായ നായകനെയാണ്  അദ്ദേഹത്തിൽ അവർ കാണുന്നത്. പിഴവുവന്നാൽ അതൊരു വലിയ വഞ്ചനയായി വിലയിരുത്തപ്പെടുകയും സാധാരണക്കാരുടെ മനസ്സിൽ നിന്ന് അകന്നുപോവുകയും ചെയ്യും

2002 മുതൽ  2025 വരെയുള്ള അദ്ദേഹത്തിൻ്റെ സിനിമകൾ നോക്കുക. സമൂഹം നേരിടുന്ന വലിയ വിഷയങ്ങൾ ഏറ്റെടുത്ത് ഏതു സാഹസത്തിലൂടെയും അതു പരിഹരിക്കുന്ന നായകനാണ് അദ്ദേഹം.  2002 ൽ ഇറങ്ങിയ 'തമിഴൻ' എന്ന സിനിമയിൽ  നിയമവാഴ്ചയ്ക്കും ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന, ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന അഭിഭാഷകനായിരുന്നു വിജയ്.
2013 ലെ 'തലൈവ' യിലെ വിശ്വയും ജനങ്ങളിൽ ഒരാളായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവനാണ്. 

'കത്തി' സിനിമയിലെ വിജയ് കഥാപാത്രങ്ങൾ കർഷകരുടെ ആവശ്യങ്ങളും അവകാശങ്ങളും ഉയർത്തിപ്പിടിച്ച് മണ്ണും ജലവും ഭക്ഷണവും എല്ലാവർക്കും അവകാശപ്പെട്ടതാണെന്നു സ്ഥാപിക്കുന്നു. 'മെർസലിലെ'  വിജയ് കഥാപാത്രങ്ങളായ തലപതിയും വെട്രിയും മാരനുമാകട്ടെ ആരോഗ്യ രംഗത്തെ അഴിമതി ചൂണ്ടിക്കാട്ടുകയും എല്ലാവർക്കും മികച്ച ചികിത്സ നല്കി ആരോഗ്യവും ജീവനും സംരക്ഷിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്ന് സ്ഥാപിക്കുന്നു.

2018 ലെ 'സർക്കാർ' സിനിമയിലെ സുന്ദർ രാമസ്വാമി,  ഒരു വ്യക്തിയുടെ വോട്ടിൻ്റെ മൂല്യവും പൗരൻ്റെ അവകാശങ്ങളും വ്യക്തമാക്കിത്തരുന്നു. 2019 ലെ 'ബിഗിൽ' സിനിമയിലെ ഫുട്ബോൾ കോച്ച്, സ്ത്രീകളുടെ കായിക സ്വപ്നങ്ങളെക്കുറിച്ചും വിവാഹശേഷമുള്ള സ്ത്രീജീവിതത്തെ കുറിച്ചും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിലെ അതിജീവനത്തെക്കുറിച്ചുമാണ് പറയുന്നത്.

വിജയ് തൻ്റെ സിനിമയിലൂടെ മുന്നോട്ടുവച്ച ഈ പ്രശ്‌നാധിഷ്ഠിത വിഷയങ്ങളൊക്കെ തമിഴ്നാട്ടിൽ ഉണ്ടായിരുന്നതും ഇപ്പോഴും നിലനില്ക്കുന്നതുമാണ്. അഴിമതിയ്ക്കെതിരെയുള്ള തീവ്ര പോരാട്ടമാണ് സിനിമയിലൂടെ വിജയ് നടത്തിയത്. അതിനുവേണ്ടിയുള്ള സമരങ്ങൾ സാധൂകരിക്കുന്ന തമിഴ് മനസ്സുപോലും അദ്ദേഹം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. 

പക്ഷെ, ഇന്നദ്ദേഹം ഒരു സങ്കല്പ കഥാപാത്രമല്ല, പലതുകൊണ്ടും തകർന്നുപോയ ഒരു സിസ്റ്റത്തിലെ പ്രഥമ പൗരനായി മാറിയിരിക്കുന്നു. ഇത്രകാലവും കഥാപാത്രങ്ങളിലൂടെ താൻ ചോദ്യം ചെയ്തു കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് ഉത്തരം നല്കേണ്ടയാളായി മാറിയിരിക്കുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ഇതു പരിഹരിക്കാനാവില്ലെന്ന് അദ്ദേഹത്തിനറിയാം. ഇതുവരെ പറഞ്ഞതിൽ നിന്ന് പിന്നോട്ടുപോയാൽ അദ്ദേഹത്തെ ദൈവമായും വീര പുരുഷനായും കണ്ടിരുന്നവരെല്ലാം പിന്നാക്കം പോവും.  അങ്ങനെ ആ മഹാപുരുഷൻ മറ്റുള്ളവരെപ്പോലെ തികച്ചും സാധാരണക്കാരനായി മാറുകയും മറ്റുള്ളവരെപ്പോലെ വെറുമൊരു രാഷ്ട്രീക്കാരന്മാത്രമായി പരാജയപ്പെടുകയും ചെയ്യും.

എങ്കിലും, മുഖ്യമന്ത്രിയായ ശേഷം വിജയ് ആദ്യം ഒപ്പുവച്ച ഫയലുകൾ സ്ത്രീ സുരക്ഷയും സൗജന്യ വൈദ്യുതിയും ലഹരി വിരുദ്ധ പോരാട്ടവും ആയതിനാൽ അദ്ദേഹത്തിന് തമിഴുനാട്ടുകാരുടെ മാത്രമല്ല ഇന്ത്യക്കാരുടെ മുഴുവൻ കയ്യടി നേടാനായിട്ടുണ്ട്. ഇതുപോലെ തൻ്റെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കാനായാൽ അദ്ദേഹത്തിന് ദളപതിയായി വാഴാം. മുൻസർക്കാർ ഉണ്ടാക്കി വച്ച കടബാധ്യതയെപ്പറ്റി പറഞ്ഞുകൊണ്ട് മുന്നോട്ടു പോകാതെ വിജയ് പുതിയ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുകയും വിജയിക്കുകയും ചെയ്യുമെന്ന് തമിഴ് മക്കളെപ്പോലെ ഞാനും പ്രത്യാശിക്കുന്നു.

  ഋഷിരാജ് സിംഗ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.