ചെന്നൈ: തമിഴ്നാട്ടിൽ വിജയ് യുടെ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു. 22 പേർ എതിർത്തു. ഡിഎംകെയും ബിജെപിയും പിഎംകെയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ചുപേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ടിവികെ - 105, കോൺഗ്രസ് -5, സിപിഐ -2, സിപിഎം -2, മുസ്ലിം ലീഗ് -2 , വിസികെ - 2, എഎംഎംകെ - 1, എഐഎഡിഎംകെ വിമതർ - 25 എന്നിങ്ങനെയാണ് ടിവികെ സർക്കാരിന് ലഭിച്ച വോട്ട്.
എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി വി ഷണ്മുഖം, എസ് പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടിവികെ സർക്കാരിനെ പിന്തുണച്ചു. ടിവികെയെ പിന്തുണയ്ക്കാൻ ഇവർ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.120 അംഗങ്ങളുടെ പിന്തുണയുള്ള വിജയ്ക്ക്, ഷണ്മുഖം പക്ഷത്തുള്ള വിമത എംഎൽഎമാരുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് അംഗബലം ഉയർന്നത്. ടിവികെയ്ക്ക് എതിരെ വോട്ട് ചെയ്യാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി പാർട്ടിയുടെ 47 എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.ടിവികെ അധികാരത്തിലെത്തുന്നത് തടയാൻ എടപ്പാടി കെ പളനിസാമി ഡിഎംകെയുമായി സഖ്യത്തിന് ശ്രമിച്ചതാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിക്ക് കാരണമെന്ന് നേരത്തേ ഷണ്മുഖം വ്യക്തമാക്കിയിരുന്നു.

