ഇത്തവണ 100 തികച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസമാണെന്ന് സതീശന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം യുഡിഎഫ് വിജയത്തിൽ നിർണായകമായി. ഒരു രാഷ്ട്രീയ നേതാവും നടത്താൻ മടിക്കുന്ന പ്രഖ്യാപനമായിരുന്നു അത്. തുടർഭരണം ഉറപ്പിച്ചിരുന്ന ഇടതുകേന്ദ്രങ്ങൾ സതീശൻ വനവാസത്തിന് പോകുന്നത് ട്രോളുകളും മീമുകളുമാക്കി രസിച്ചു. പക്ഷേ ഈ പ്രഖ്യാപനം യുഡിഎഫ് പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട്, നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ ഉജ്ജ്വല വിജയത്തിന് പിന്നാലെ വി ഡി സതീശനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചു. എഐസിസി നേതാക്കളായ ദീപ ദാസ്മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ ഡൽഹിയിലാണ് പ്രഖ്യാപനം നടത്തിയത്.രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സംസ്ഥാന നേതാക്കൾ, യുഡിഎഫ് ഘടകകക്ഷികൾ എന്നിവരുമായി നടത്തിയ ദീർഘമായ കൂടിയാലോചനകൾക്ക് ശേഷമാണ് സതീശന്റെ സ്ഥാനാരോഹണം. മുതിർന്ന നേതാക്കളായ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും പരിഗണനയിലുണ്ടായിരുന്നെങ്കിലും, രാഷ്ട്രീയവും സംഘടനാപരവുമായ ചില ഘടകങ്ങൾ സതീശന് അനുകൂലമായി മാറുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി ഭരണകക്ഷിയായ ഇടതുപക്ഷ സർക്കാരിനെതിരായ യുഡിഎഫിന്റെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് സതീശനാണ്. 2021 മുതൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ആക്രമണങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിച്ചു. 2021-ലെ തോൽവിക്ക് ശേഷം കോൺഗ്രസിനെ ഒരു ആക്രമണോത്സുക പ്രതിപക്ഷമായി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതുമുതൽ മുന്നണിയെ ഒരു പാർട്ടിയെ പോലെ ഒറ്റക്കെട്ടായി നയിക്കാനായത് വി ഡിയുടെ നേട്ടത്തിൽ പ്രധാനമായി. 'ടീം യുഡിഎഫ്' എന്ന ടാഗോടെയാണ് അദ്ദേഹം പ്രതിപക്ഷത്തെ നയിച്ചത്. ഘടകകക്ഷികളിലെ പ്രവർത്തകരും സ്വന്തം നേതാവിനെ പോലെ വി ഡി സതീശനെ കണ്ടതോടെ പത്തു വർഷത്തിനുശേഷം ഉജ്ജ്വല വിജയത്തോടെ അധികാരം പിടിക്കാനായി.
2021ലെ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. 2001ൽ കോൺഗ്രസ് നേടിയതാണ് 63 സീറ്റുകളെന്നും അത് നിലനിർത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിയൂവെന്നാണ് അന്ന് സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. 21 സിറ്റിംഗ് സീറ്റടക്കം കോൺഗ്രസിന് ജയിക്കാവുന്ന 63 സീറ്റുകളിലെ തന്ത്രങ്ങൾ അന്ന് വി ഡി സതീശൻ തയാറാക്കി. പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിന് കൈവിട്ട സീറ്റുകൾ കണ്ടെത്തി, അവിടെ പ്രത്യേക ശ്രദ്ധചെലുത്തി. ഇവിടെ ബൂത്തുതലം മുതൽ പാർട്ടിയും മുന്നണി സംവിധാനവും പുനഃസംഘടിപ്പിച്ചു. ഇതിന്റെ നേട്ടം തിരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടു.
2021ൽ 41 സീറ്റിൽ തീർന്നെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ മെല്ലെ മെല്ലെ മുന്നണിയെ കൈപിടിച്ച് നടത്തിച്ച്, പ്രവർത്തകരുടെ ആത്മവിശ്വാസം തിരികെപിടിക്കാൻ വി ഡിക്ക് സാധിച്ചു. തൃക്കാക്കര മുതൽ ഉപതിരഞ്ഞെടുപ്പുകളിൽ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളോടെ വിജയം സ്വന്തമാക്കി. ഭൂരിപക്ഷംപോലും കിറുകൃത്യം പ്രവചിച്ചു. ആദ്യം ഇതെല്ലാം വെറും 'തള്ളായി' കണ്ടവർ പിന്നീട് അദ്ദേഹത്തിന്റെ പ്രവചനങ്ങൾ ശരിയാകുന്നതുകണ്ട് അതിശയിച്ചുനിന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലും ഇതാവർത്തിച്ചതോടെ മികച്ച പോൾ മാനേജരെന്ന് എതിരാളികൾ പോലും സമ്മതിച്ചു.
ഇത്തവണ 100 തികച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസമാണെന്ന് സതീശന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം യുഡിഎഫ് വിജയത്തിൽ നിർണായകമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒരു രാഷ്ട്രീയ നേതാവും നടത്താൻ മടിക്കുന്ന പ്രഖ്യാപനമായിരുന്നു അത്. തുടർഭരണം ഉറപ്പിച്ചിരുന്ന ഇടതുകേന്ദ്രങ്ങൾ സതീശൻ വനവാസത്തിന് പോകുന്നത് ട്രോളുകളും മീമുകളുമാക്കി രസിച്ചു. പക്ഷേ ഈ പ്രഖ്യാപനം യുഡിഎഫ് പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. തങ്ങളുടെ നേതാവ് വെറുംവാക്ക് പറയില്ലെന്ന് വിശ്വസിച്ച പ്രവർത്തകർ അധികാരം പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുന്നതാണ് പിന്നീട് കണ്ടത്. വോട്ടെടുപ്പിന് ശേഷം സതീശൻ പറഞ്ഞത് നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ്. കൂടാതെ ഒരു ഡസനിൽ അധികം മന്ത്രിമാർ ഇത്തവണ തോൽക്കുമെന്നും വി ഡിയുടെ പ്രവചനമുണ്ടായി. ഫലം വന്നപ്പോൾ രണ്ടും ശരിയായി.
കേരള രാഷ്ട്രീയത്തിൽ വർഗീയതയ്‌ക്കെതിരെയുള്ള കർശനമായ നിലപാടുകള്‍ സതീശന്റെ ഗ്രാഫ് ഉയർത്തി. ജാതി-മത സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളും പ്രസ്താവനകളും പലപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെച്ചു. ജാതിമത സംഘടനകളുമായി കോൺഗ്രസിന് സമദൂര നിലപാടാണെന്നും, രാഷ്ട്രീയ തീരുമാനങ്ങളിൽ മതപരമായ സമവാക്യങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കർശന നിലപാട് കാരണം എസ്എൻഡിപി, എൻഎസ്എസ് തുടങ്ങിയ പ്രധാന ജാതി സംഘടനകളുടെ കടുത്ത വിമർശനങ്ങൾക്കും അദ്ദേഹം ഇരയായി. എന്നാൽ ഇതെല്ലാം കേരളത്തിലെ വലിയൊരു വിഭാഗം വോട്ടർമാരുടെ ഇടയില്‍ വി ഡിയുടെ സ്വീകാര്യത കൂട്ടി. വയോധികർ മുതൽ ജെൻ സി വരെയുള്ളവരുടെ പൾസ് അറിയാനുള്ള സതീശന്റെ കഴിവും ഗുണമായി. അധികാരത്തിലെത്തിയാൽ വാഹനങ്ങളിലെ അപകടകരമല്ലാത്ത രൂപമാറ്റം നിയമവിധേയമാക്കുമെന്ന പ്രഖ്യാപനം ജെൻ സികൾ ഏറ്റെടുത്തതു തന്നെ ഉദാഹരണം.

