ഓര്‍മ്മയുടെ ഏറ്റവും പുരാതനമായ വഴികള്‍ ചെന്നവസാനിക്കുന്നത് നിറയെ കശുമാവ് മരങ്ങളും, കവുങ്ങിന്‍തോപ്പുകളുമൊക്കെയുള്ള ഒരു ഗ്രാമത്തിലാണ്. നാലു വയസു മുതല്‍ ഏഴു വയസു വരെ, മൂന്നു വര്‍ഷക്കാലം ഞാന്‍ ജീവിച്ച, കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള, കാസര്‍ഗോഡ് ജില്ലയിലെ രാജപുരം എന്ന മലയോര ഗ്രാമം. മധ്യതിരുവിതാംകൂറില്‍ നിന്നും, സുറിയാനി ക്രിസ്ത്യാനികള്‍ കുടിയേറിപ്പാര്‍ത്ത ഇടങ്ങളിലൊന്ന്. അച്ചാച്ചന്‍റെയും അമ്മയുടെയും ജോലി സംബന്ധമായ ആവശ്യമാണ്, ആ നാട്ടിലേക്ക് ഞങ്ങളെ എത്തിച്ചത്. ഓര്‍മ്മയുടെ അടിവേരുകള്‍ എത്തി നില്‍ക്കുന്നത് ആ ഗ്രാമത്തിലേക്കും, സ്നേഹത്തോടുകൂടി മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ചില മനുഷ്യരിലേക്കുമാണ്.
ഇന്ന് എന്‍റെ മകനെ ഉറക്കാന്‍ കിടത്തിയപ്പോള്‍ തലമുറകള്‍ പാടിയ ഒരു പ്രാര്‍ത്ഥനാ ഗാനമാണ് നാവില്‍ എത്തിയത്.
"ഞാന്‍ ഉറങ്ങാന്‍ പോകും മുമ്പായി...."
പാട്ട് കേട്ട് (ഞാന്‍ ഒരു ഗായികയേ അല്ല) അവന്‍ ഉറങ്ങി. എന്‍റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ പിന്നോട്ട് ഓടി. അവന്‍റെ പ്രായത്തില്‍ ഞാന്‍ അതീവ ശ്രദ്ധയോടെ കേട്ട ആ പ്രാര്‍ത്ഥനാ ഗാനത്തിലേക്ക്....

പാട്ടുപാടി തന്നത് ടെക്നിക് അങ്കിള്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഞങ്ങളുടെ അയല്‍വാസിയായ ഫിലിപ്പ് അങ്കിള്‍ ആയിരുന്നു. ഞങ്ങള്‍ കാണുന്ന സമയത്ത് 70 വയസ്സിനടുത്ത് പ്രായമുണ്ടായിരുന്നിരിക്കണം ഫിലിപ്പ് അങ്കിളിന്. നന്നേ മെലിഞ്ഞ, നല്ല പൊക്കമുള്ള, മൂക്കിന്‍ തുമ്പത്ത് കണ്ണട വച്ചിരുന്ന ഫിലിപ്പ് അങ്കിള്‍, മലബാറില്‍ തന്നെ മറ്റെവിടെയോ ആണ് സ്വന്തം വീട് എങ്കിലും, വര്‍ഷങ്ങള്‍ക്കു മുന്‍പേ രാജപുരത്ത് വന്ന് വീട് വെച്ച് സ്ഥിരതാമസമാക്കിയിരുന്നു ഫിലിപ്പ് അങ്കിളും ഭാര്യ തെയ്യാമ്മ ചേടത്തിയും. ഇരട്ട പെണ്‍കുട്ടികളും രണ്ട് ആണ്‍മക്കളുമായി നാലു മക്കളാണ് ഉണ്ടായിരുന്നത്. മക്കളൊക്കെ മറ്റു സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ഫിലിപ്പ് ചേട്ടനും ചേട്ടത്തിയും മാത്രമാണ് മനോഹരമായ അവരുടെ വീട്ടില്‍ താമസിച്ചിരുന്നത്. കൃഷിയിലും ഗാര്‍ഡനിങ്ങിലും ഒക്കെ തല്പരരായ അവരുടെ മുറ്റത്തും പറമ്പിലും ഒക്കെ നിറയെ പൂക്കളും ചെടികളും ഫലവൃക്ഷങ്ങളും ഒക്കെയായിരുന്നു.
രാജപുരത്ത്, കൃത്യമായി പറഞ്ഞാല്‍, പൂടംകല്ലില്‍ താമസമാക്കിയപ്പോള്‍ ഞങ്ങള്‍ ആദ്യം പരിചയപ്പെട്ട അയല്‍ക്കാര്‍ ഫിലിപ്പ് ചേട്ടനും തെയ്യാമ്മ ചേട്ടത്തിയും ആയിരുന്നു. പുതിയ നാട്ടില്‍ താമസിക്കാന്‍ എത്തിയ ഞങ്ങള്‍ക്ക് എന്ത് സഹായവും ചെയ്യാന്‍ അവര്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്‍റെ അച്ചാച്ചനും അപ്പച്ചനും (അമ്മയുടെ അച്ചാച്ചന്‍) ഒക്കെയായി ഫിലിപ്പ് അങ്കിള്‍ അതിവേഗം സൗഹൃദം സ്ഥാപിച്ചു.
പേരക്കുട്ടികള്‍ ഒന്നും ഒപ്പം ഇല്ലാതിരുന്നതുകൊണ്ടുതന്നെ ഞങ്ങള്‍ മൂന്നു കുട്ടികളോടും തികഞ്ഞ വാത്സല്യത്തോടെയാണ് ഫിലിപ്പ് ചേട്ടനും ചേട്ടത്തിയും പെരുമാറിയത്. എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാവുന്ന ഒരു വീട് ആയി ആ വീട് പെട്ടെന്നു മാറി. ചെല്ലുമ്പോഴൊക്കെയും മിഠായിയോ, പലഹാരങ്ങളോ, പഴങ്ങളോ ഒക്കെ അവര്‍ ഞങ്ങള്‍ക്ക് തന്നിരുന്നു.
ഏതെങ്കിലും ഹോമിയോ കോളജില്‍ ഫിലിപ്പങ്കിള്‍ പഠിച്ചിട്ടുണ്ടോ, ഡോക്ടര്‍ ബിരുദം ഉണ്ടോ, എന്ന കാര്യത്തില്‍ ഒന്നും എനിക്ക് ഉറപ്പില്ലെങ്കിലും ഞങ്ങളുടെ ഡോക്ടര്‍ കൂടിയായിരുന്നു ഹോമിയോപ്പതിയില്‍ അതീവ തല്പരനായിരുന്ന ഫിലിപ്പ് അങ്കിള്‍. പനി, ചുമ, ജലദോഷം തുടങ്ങി ഞങ്ങളുടെ ഒരുവിധപ്പെട്ട രോഗങ്ങള്‍ ഒക്കെ ഫിലിപ്പ് അങ്കിള്‍ തന്നെയാണ് ചികിത്സിച്ചു മാറ്റിയിരുന്നത്, ഹോമിയോ മരുന്നിന്‍റെ മധുരമാണ് ഫിലിപ്പ് അങ്കിളിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കും.
ഏതു പ്രശ്നത്തിനും ഒരു ഉത്തരം ഫിലിപ്പ് അങ്കിളിന് ഉണ്ടായിരുന്നു. ഏതു സാധനം കേടായി പോയാലും ഒരു ടെക്നീഷ്യന്‍റെ വിരുതോടെ അത് ശരിയാക്കാന്‍ പലപ്പോഴും ഫിലിപ്പ് അങ്കിളിന് കഴിഞ്ഞിരുന്നു.
ടോര്‍ച്ച്, റേഡിയോ, വാച്ച്, ടൈംപീസ്.... സാധനം എന്തുമായിക്കൊള്ളട്ടെ അതിനൊക്കെയുള്ള ടെക്നിക് എന്‍റെ കൈയില്‍ ഉണ്ട് എന്ന് ഫിലിപ്പ് അങ്കിള്‍ അഭിമാനത്തോടെ പറഞ്ഞിരുന്നു.
കളിപ്പാട്ടം ഇന്നത്തെപ്പോലെ സുലഭം അല്ലാതിരുന്ന ഒരു കുട്ടിക്കാലം ആയിരുന്നു ഞങ്ങളുടേത്. ഉള്ളതിനേതിനെങ്കിലും ചെറിയ പരിക്ക് പറ്റിയാല്‍ ഉടന്‍ ഞങ്ങള്‍ അതുമായി ഫിലിപ്പ് അങ്കിളിന്‍റെ അടുത്തേക്ക് ഓടും. ഇതിനുള്ള ടെക്നിക് എന്‍റെ കൈയില്‍ ഉണ്ട്, ഇപ്പോള്‍ ശരിയാക്കിത്തരാം എന്നുപറഞ്ഞ് മിക്കവാറും അവസരങ്ങളില്‍ ഒക്കെ ഫിലിപ്പ് അങ്കിള്‍ ഞങ്ങളുടെ കളിപ്പാട്ടങ്ങളും നന്നാക്കിയിരുന്നു. മരം കയറുകയും ഇറങ്ങുകയും ചാടുകയും ഒക്കെ ചെയ്യുന്ന ഒരു കുട്ടിക്കുരങ്ങന്‍റെ കളിപ്പാട്ടം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതെങ്ങനെയോ കേടായി പോയി. കളിപ്പാട്ടവുമായി ഞങ്ങള്‍ ഫിലിപ്പ് അങ്കിളിന്‍റെ അടുത്ത് ചെന്നെങ്കിലും, ഇത്തവണ അങ്കിളിന്‍റെ ടെക്നിക്കും ഫലിച്ചില്ല. ഞങ്ങള്‍ നിരാശരായി മടങ്ങി. പിറ്റേദിവസം വൈകുന്നേരം ഫിലിപ്പ് അങ്കിള്‍ ഞങ്ങളുടെ വീട്ടില്‍വന്നു. അച്ചാച്ചനോടും അപ്പച്ചനോടും ഉള്ള പതിവ് സംഭാഷണത്തിന് വന്നതാണ് എന്ന ധാരണയിലായിരുന്നു ഞങ്ങള്‍. അപ്പോഴാണ് ഫിലിപ്പ് അങ്കിള്‍ കൈയിലെ പൊതിയഴിച്ചത്. അതിനകത്ത് ഞങ്ങളുടെ കേടായിപ്പോയ കളിപ്പാട്ടത്തെക്കാളും മികച്ച ഒന്ന് തടിയില്‍ തീര്‍ത്ത് ഫിലിപ്പ് അങ്കിള്‍ കൊണ്ടുവന്നിരുന്നു!
പിന്നീട് വര്‍ഷങ്ങളോളം ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളില്‍ ഒന്നായിരുന്നു ഫിലിപ്പ് അങ്കിളിന്‍റെ കരവിരുതില്‍ വിരിഞ്ഞ, ചാടുകയും കരണം മറിയുകയും ഒക്കെ ചെയ്യുന്ന ആ കുട്ടിക്കുരങ്ങന്‍. ഫിലിപ്പ് അങ്കിളിന്‍റെ ടെക്നിക്കിനെ പേടിയുള്ളതുകൊണ്ടാവണം, ഞങ്ങള്‍ രാജപുരത്തുനിന്ന് നിന്ന് പോരുന്നതുവരെ ആ കുട്ടിക്കുരങ്ങന്‍ പണിമുടക്കിയിട്ടില്ല.
കിടക്കുന്നതിനു മുന്‍പ് പാടണമെന്ന് പറഞ്ഞ് ഫിലിപ്പ് അങ്കിള്‍ പഠിപ്പിച്ച "ഞാന്‍ ഉറങ്ങാന്‍ പോകും മുന്‍പായ്" എന്ന പാട്ടിന്‍റെ ഒരു വരിപോലും ഞാനിന്നും മറന്നിട്ടില്ല. ഹോമിയോ മരുന്നിന്‍റെ മധുരമായും പ്രാര്‍ത്ഥനാ ഗാനത്തിന്‍റെ ഈണമായും കളിപ്പാട്ടമായി പെയ്ത വാത്സല്യമായും ടെക്നിക് അങ്കിള്‍ എന്നും മനസ്സില്‍ ഉണ്ടാവും! അല്ലെങ്കിലും മറ്റൊരാളുടെ ഓര്‍മ്മയില്‍ മധുരമായോ, സുഗന്ധമായോ, വാത്സല്യമായോ, കനിവായോ ഒക്കെ അടയാളപ്പെടുത്തുക എന്നതില്‍ കവിഞ്ഞ് എന്ത് സുകൃതമാണ് നമുക്ക് ആഗ്രഹിക്കാനാവുക?
അടിക്കുറിപ്പ്: എന്‍റെ പാട്ടിനെ കുറിച്ച് പറഞ്ഞതുകൊണ്ട് ഇതുകൂടി എഴുതാം എന്ന് തോന്നുന്നു. സംഗീത വാസന ഒട്ടുമേ ഇല്ലാത്ത ഒരു മനുഷ്യജീവിയാണ് ഞാന്‍. വല്ലപ്പോഴും പാട്ടുകള്‍ കേള്‍ക്കും എന്നതില്‍ കവിഞ്ഞ് ഞാനും പാട്ടുമായി ഒരു ബന്ധവുമില്ല. ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിക്കുന്ന സമയം. ഗഇടഘ-ന്‍റെ മത്സരങ്ങള്‍ക്കായി സ്കൂളില്‍നിന്നും സിസ്റ്ററിന്‍റെ നേതൃത്വത്തില്‍ കോട്ടയത്ത് എത്തിയതായിരുന്നു ഞങ്ങള്‍. എന്‍റെ പതിവ് ഇനങ്ങള്‍- പ്രസംഗവും ക്വിസും കഴിഞ്ഞ് മറ്റു കുട്ടികളെ കാത്തിരിക്കുകയാണ് ഞാന്‍. പെട്ടെന്നാണ് ഒരു പ്രശ്നം. ഗ്രൂപ്പ് സോങ്ങില്‍ പങ്കെടുക്കേണ്ട ഒരു കുട്ടിക്ക് എന്തോ കാരണം കൊണ്ട് എത്താന്‍ സാധിച്ചില്ല. ഏഴുപേര്‍ പങ്കെടുക്കേണ്ട ഗ്രൂപ്പ് സോങ്ങിന് ആറ് കുട്ടികള്‍ മാത്രമേയുള്ളൂ. പെട്ടെന്നാണ് സംഗീത അധ്യാപിക കൂടിയായ സിസ്റ്ററിന് ഒരാശയം തോന്നിയത്. സ്കൂള്‍ യൂണിഫോമിട്ട എന്നെക്കൂടി ഗായക സംഘത്തില്‍ ചേര്‍ത്താല്‍ എണ്ണം തികയ്ക്കാം. സിസ്റ്റര്‍ ഓടി എന്‍റെ അടുത്തു വന്നു പറഞ്ഞു. "ആന്‍സി, ഗ്രൂപ്പ് സോങ്ങിന് ഒന്നു കൂടണം. പക്ഷേ, ഒരു കാരണവശാലും നിന്‍റെ ശബ്ദം പുറത്തു കേള്‍ക്കരുത്. ചുണ്ട് അനക്കിയാല്‍ മാത്രം മതി." ഗഇടഘ ആന്തത്തിന്‍റെ വരികള്‍ എനിക്കും ഹൃദിസ്ഥമായിരുന്നതിനാല്‍ ചുണ്ടനക്കല്‍ അത്ര പ്രയാസം ആയിരുന്നില്ല. ഗ്രൂപ്പ് സോങ് ടീമിലെ ഏഴാമത്തെ അംഗമായി ഞാനും കൂടി, എന്‍റെ ശബ്ദം പുറത്തു കേള്‍ക്കാത്തുകൊണ്ടും, മറ്റ് ആറ് കുട്ടികളും നന്നായി പാടിയതുകൊണ്ടും ഞങ്ങളുടെ ഗ്രൂപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. അതിനു സമ്മാനമായി കിട്ടിയ ട്രോഫി വീട്ടിലെ ഷെല്‍ഫില്‍ കാണുമ്പോഴൊക്കെയും ഒരു ജാള്യതയാണ് ഞാനനുഭവിച്ചിരുന്നത്!

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

