വോട്ടെണ്ണൽ അടുത്തിരിക്കെ ആറന്മുള മണ്ഡലത്തിൽ വിജയപ്രതീക്ഷയുമായി എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ. സിറ്റിംഗ് എംഎൽഎ വീണാ ജോർജ് മണ്ഡലം നിലനിർത്തുമെന്ന് ഇടതുമുന്നണി അവകാശപ്പെടുമ്പോൾ, അബിൻ വർക്കിയിലൂടെ അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
എൽഡിഎഫ് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഏകദേശം 8000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. 2016-ൽ 7646 വോട്ടിന് വിജയിച്ച വീണ, 2021-ൽ അത് 19003 ആയി ഉയർത്തിയിരുന്നു. യുഡിഎഫ് ശക്തമായ ഭരണവിരുദ്ധ വികാരം മണ്ഡലത്തിലുണ്ടെന്നാണ് യുഡിഎഫ് പക്ഷം. ആരോഗ്യവകുപ്പിനെതിരെ ഉയർന്ന വിവാദങ്ങൾ എൽഡിഎഫിന് തിരിച്ചടിയാകുമെന്നും 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അബിൻ വർക്കി വിജയിക്കുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു.
ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ മികച്ച രീതിയിൽ വോട്ട് പിടിക്കുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. 2016-ൽ എം.ടി. രമേശ് നേടിയ 37,906 വോട്ടുകളേക്കാൾ കൂടുതൽ വോട്ട് ഇത്തവണ കുമ്മനത്തിന് ലഭിക്കുമെന്ന് പാർട്ടി കരുതുന്നു. എൻഡിഎ പിടിക്കുന്ന വോട്ടുകൾ ആറന്മുളയിലെ ഫലത്തിൽ നിർണ്ണായകമാകും. കുമ്മനം രാജശേഖരൻ കൂടുതൽ വോട്ട് പിടിച്ചാൽ അത് യുഡിഎഫിന് ഗുണകരമാകുമെന്ന് കോൺഗ്രസ് ക്യാമ്പ് വിലയിരുത്തുന്നു. എന്നാൽ കഴിഞ്ഞ രണ്ട് തവണയും വോട്ടുവിഹിതം ഉയർത്തിയ വീണാ ജോർജിന്റെ കരുത്തിനെ മറികടക്കാൻ അബിൻ വർക്കിക്ക് കഴിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

