തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമാണപുരകളിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി എംപിയുടെ കുടുംബം. മകളുടെ പേരിലുള്ള ട്രസ്റ്റ് വഴി ഓരോ ലക്ഷംവീതം നൽകുമെന്ന് മാനേജിങ് ട്രസ്റ്റിയും സുരേഷ് ഗോപി എംപിയുടെ ഭാര്യയുമായ രാധിക സുരേഷ് ഗോപി അറിയിച്ചു. ഈ സഹായം നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ലെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്ന് രാധിക സുരേഷ് ഗോപി അറിയിച്ചു.
മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അപ്പുറമാണ്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ നെഞ്ചിലേറ്റുന്ന തൃശൂരിന്റെ മണ്ണിൽ, ആ കലയ്ക്കായി ജീവിതം സമർപ്പിച്ചവർക്ക് ഇത്തരമൊരു ദുരന്തം സംഭവിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. കേവലം ഒരു ആഘോഷം എന്നതിലുപരി, നമ്മുടെ സാംസ്കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടത് ഈ സമയത്ത് അനിവാര്യമാണ്.
തൃശൂരിനെ സ്നേഹിക്കുന്ന സുമനസ്സുകളുടെ സംരക്ഷണവും സഹായഹസ്തവും എന്നും ഇത്തരം പ്രതിസന്ധികളിൽ ആ കുടുംബങ്ങൾക്ക് കൂട്ടുണ്ടാകുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആ വലിയ കരുതലിനൊപ്പം ചേർന്നുകൊണ്ട്, വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ടവരുടെ കുടുംബങ്ങളെ താങ്ങാവാൻ ഞങ്ങളുടെ മകൾ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ് ഈ അപകടത്തിൽ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് 1 ലക്ഷം രൂപ വീതം ഒരു കൈത്താങ്ങായി കൈമാറുന്നതാണ്.നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല ഈ സഹായമെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ആ കുടുംബങ്ങൾക്കായുള്ള ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
രാധിക സുരേഷ് ഗോപി
മാനേജിങ് ട്രസ്റ്റി,
ലക്ഷ്മി സുരേഷ് ഗോപി M.P's Initiative Trust.

