തമിഴ് മണ്ണ് എപ്പോഴും ആരാധനയെയും രാഷ്ട്രീയത്തെയും ഒരേ തൂക്കത്തിൽ അളന്നിട്ടുള്ള ചരിത്രമാണുള്ളത്. വെള്ളിത്തിരയിലെ വിസ്മയങ്ങൾ കറുപ്പും ചുവപ്പും കരയുള്ള മുണ്ടുകളുടുത്ത് കോട്ടക്കരയിലേക്ക് നടന്നു കയറുന്നത് അവിടെ പുതിയ കാഴ്ചയല്ല. എന്നാൽ 2026-ലെ ഈ മെയ് മാസം തമിഴ്നാട് ഉറ്റുനോക്കുന്നത് മറ്റൊന്നിനെയാണ്. തന്റെ സിനിമാ കരിയറിന്റെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോൾ, കോടികളുടെ പ്രതിഫലം വേണ്ടെന്നു വെച്ച്, ‘ദളപതി’യിൽ നിന്നും ‘ജനായകൻ’ എന്ന പദവിയിലേക്ക് വിജയ് നടത്തിയ കൂടുമാറ്റം വെറുമൊരു കൗതുകമല്ല, മറിച്ച് ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയൊരു അധ്യായമാണ്. തമിഴക വെട്രി കഴകം എന്ന പാർട്ടിയിലൂടെ വിജയ് ഉയർത്തുന്ന ‘വിസിൽ’ ചിഹ്നം ഒരു പുതിയ വിപ്ലവത്തിന്റെ സൂചനയാണോ അതോ സിനിമാ താരങ്ങളുടെ രാഷ്ട്രീയ പതനത്തിന്റെ ആവർത്തനമാണോ എന്നത് കാലം കരുതിവെച്ച ചോദ്യമാണ്.
തമിഴ്നാട് രാഷ്ട്രീയത്തെ സിനിമാക്കാർ ഭരിച്ച ചരിത്രം തുടങ്ങുന്നത് സി.എൻ. അണ്ണാദുരൈയിൽ നിന്നുമാണ്. കരുണാനിധി എന്ന തൂലികാ വിസ്മയവും എം.ജി.ആർ എന്ന ജനകീയ ഹീറോയും ആ പാത പിന്തുടർന്നു. പിന്നീട് ജയലളിത തമിഴ്നാടിന്റെ ‘അമ്മ’യായി രാഷ്ട്രീയ ഭൂപടത്തിൽ ഇടംപിടിച്ചു. എന്നാൽ ഈ വിജയഗാഥകൾക്കിടയിൽ വീണുപോയ വലിയ ബിംബങ്ങളുമുണ്ട്. അഭിനയ ചക്രവർത്തി ശിവാജി ഗണേശൻ മുതൽ ക്യാപ്റ്റൻ വിജയകാന്ത്, കമലഹാസൻ വരെ നീളുന്ന ആ പട്ടിക വിജയ്‌യുടെ മുന്നിൽ ഒരു പാഠപുസ്തകമായി കിടപ്പുണ്ട്. വിജയകാന്ത് ഒരു കാലത്ത് വലിയ സ്വാധീനം ചെലുത്തിയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പാർട്ടിക്ക് നിലംതൊടാനായില്ല. കമലഹാസന്റെ “മക്കൾ നീതി മയ്യം” തിരഞ്ഞെടുപ്പ് ഗോദയിൽ കിതക്കുന്ന കാഴ്ചയും നാം കണ്ടു. ഈ പരാജയങ്ങളെ വിജയ് എങ്ങനെ മറികടക്കും എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ആന്ധ്രപ്രദേശിൽ എൻ.ടി. രാമറാവു ഒമ്പത് മാസം കൊണ്ട് നേടിയെടുത്ത അത്ഭുതകരമായ വിജയമാണ് വിജയ്‌യുടെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് ഇന്ധനം പകരുന്നത്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം പെട്ടെന്നുണ്ടായ ഒന്നല്ല. 2009-ൽ തന്നെ തന്റെ ആരാധക കൂട്ടായ്മകളെ ‘വിജയ് മക്കൾ ഇയക്കം’ (VMI) എന്ന പേരിൽ ഒരു കുടക്കീഴിൽ കൊണ്ടുവന്നപ്പോൾ തന്നെ രാഷ്ട്രീയ മോഹങ്ങൾ പ്രകടമായിരുന്നു. എം.ജി.ആർ ചെയ്തതുപോലെ തന്റെ 85,000-ത്തോളം വരുന്ന ഫാൻസ് ക്ലബ്ബുകളെ സേവന പ്രവർത്തനങ്ങളിലൂടെ താഴെത്തട്ടിൽ സജീവമാക്കി നിർത്താൻ വിജയ്‌ക്ക് സാധിച്ചു. സിനിമകളിലൂടെയുള്ള പ്രതിബിംബ നിർമ്മാണവും ഇതിന്റെ ഭാഗമായിരുന്നു. ‘കത്തി’യിലെ കർഷക പ്രശ്നങ്ങളും ‘മെർസലി’ലെ ആരോഗ്യരംഗത്തെ അഴിമതിയും ‘സർക്കാരി’ലെ രാഷ്ട്രീയ ബോധവൽക്കരണവും വിജയ്‌യെ ഒരു ‘സോഷ്യൽ രക്ഷകൻ’ എന്ന നിലയിൽ യുവാക്കൾക്കിടയിൽ പ്രതിഷ്ഠിച്ചു. തന്റെ 69-ാം ചിത്രം ‘ജന നായകൻ’ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് പ്രഖ്യാപിച്ചതിലൂടെ സിനിമയേക്കാൾ രാഷ്ട്രീയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം അടിവരയിട്ടു.
എല്ലാ രാഷ്ട്രീയ യാത്രകളിലുമെന്നപോലെ വിജയ്‌ക്കും അഗ്നിപരീക്ഷകൾ നേരിടേണ്ടി വന്നു. കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 ജീവനുകൾ പൊലിഞ്ഞത് അദ്ദേഹത്തിന്റെ നേതൃപാഠവത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഉടൻ തന്നെ അദ്ദേഹം മടങ്ങിയതും പിന്നീട് മൂന്ന് ദിവസത്തിന് ശേഷം വീഡിയോയിലൂടെ അനുശോചനം അറിയിച്ചതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. കൂടാതെ, വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളും വിവാഹമോചന വാർത്തകളും രാഷ്ട്രീയ എതിരാളികൾ ആയുധമാക്കി. ഒരു ജനനായകൻ എന്ന നിലയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രതിസന്ധികളെ നേരിടാനുമുള്ള സംഘടനാപരമായ പക്വത വിജയ് കൈവരിച്ചിട്ടുണ്ടോ എന്ന ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. പെരമ്പൂരിലും തിരുച്ചി ഈസ്റ്റിലും മത്സരിക്കുന്ന വിജയ്‌ക്ക് ഈ വിമർശനങ്ങളെ വോട്ടാക്കി മാറ്റുക എന്നത് വലിയ വെല്ലുവിളിയാണ്.
ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ ദ്രാവിഡ കക്ഷികളോട് മടുപ്പുള്ള ഒരു വിഭാഗം യുവാക്കൾ വിജയ്‌യെ പ്രതീക്ഷയോടെയാണ് കാണുന്നത്. ബി.ജെ.പിയോടോ ഡി.എം.കെയോടോ ഒരു കാലത്തും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച ടി.വി.കെ, മൂന്നാം ബദൽ എന്ന നിലയിലാണ് സ്വയം അടയാളപ്പെടുത്തുന്നത്. സ്ത്രീകളെയും യുവാക്കളെയും മത്സ്യത്തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് പാർട്ടിയുടെ പ്രകടനപത്രികയിലുള്ളത്.
മത്സ്യത്തൊഴിലാളികൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ എന്നീ വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള വിപ്ലവകരമായ വാഗ്ദാനങ്ങളാണ് വിജയ്‌യുടെ ടി.വി.കെ മുന്നോട്ടുവെക്കുന്നത്. എട്ട് ഇനം മത്സ്യങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനൊപ്പം ട്രോളിംഗ് നിരോധന കാലയളവിൽ 27,000 രൂപ ആശ്വാസധനവും സബ്‌സിഡി നിരക്കിൽ ഡീസലും നൽകുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയിൽ പന്ത്രണ്ടാം ക്ലാസ് മുതൽ പിഎച്ച്.ഡി വരെയുള്ള പഠനത്തിന് 25 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ നൽകുമെന്ന പ്രഖ്യാപനം യുവജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൂടാതെ, സ്ത്രീകൾക്കായി പ്രതിമാസ സഹായധനം 2,500 രൂപയായി വർദ്ധിപ്പിക്കുമെന്നും, വർഷത്തിൽ ആറ് സൗജന്യ പാചകവാതക സിലിണ്ടറുകളും വിവാഹ സഹായമായി എട്ട് ഗ്രാം സ്വർണ്ണവും നൽകുമെന്നുമുള്ള പോപ്പുലിസ്റ്റ് പ്രഖ്യാപനങ്ങൾ തമിഴ്നാട്ടിലെ സാധാരണക്കാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് മെയ് 4-ലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും.
എക്സിറ്റ് പോളുകൾ പലപ്പോഴും പലതും പ്രവചിക്കാറുണ്ട്. ആക്സിസ് മൈ ഇന്ത്യ വിജയ്‌യുടെ പാർട്ടി 120 സീറ്റുകൾ വരെ നേടിയേക്കാം എന്ന് പ്രവചിക്കുമ്പോൾ, ഡി.എം.കെയുടെ ആധിപത്യം തുടരുമെന്ന് മറ്റു ചിലർ പറയുന്നു. വിജയ് ഒരു ‘വോട്ട് കട്ടർ’ മാത്രമാകുമോ അതോ തമിഴ്നാടിന്റെ ഭരണം നിശ്ചയിക്കുന്ന നിർണ്ണായക ശക്തിയാകുമോ? എം.ജി.ആറിന്റെ പാരമ്പര്യം അവകാശപ്പെടാൻ വിജയ്‌ക്ക് സാധിക്കുമോ? ‘വിസിൽ’ മുഴങ്ങുന്നത് ആ വിജയത്തിന്റെ വിളംബരമാണോ എന്ന് അറിയാൻ തമിഴ്നാട് ഒന്നടങ്കം ശ്വാസമടക്കി കാത്തിരിക്കുകയാണ്. ജനങ്ങളുടെ ഇടയിൽ നിന്നും ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു ജനനായകനാകാൻ വിജയ്‌ക്ക് സാധിച്ചാൽ, അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വലിയൊരു ചരിത്രമാകും. ഇല്ലെങ്കിൽ, ചരിത്രത്തിന്റെ ഏടുകളിൽ സിനിമാ ഗ്ലാമറിൽ രാഷ്ട്രീയത്തിനിറങ്ങി പരാജയപ്പെട്ട മറ്റൊരു താരമായി അദ്ദേഹം അവശേഷിക്കും.
വിജയ് എന്ന നടൻ സിനിമയിൽ ഒരു ‘മാസ്’ എൻട്രിക്ക് പേര് കേട്ടയാളാണ്. രാഷ്ട്രീയത്തിലെ ഈ എൻട്രി ‘മാസ്’ ആകുമോ അതോ ‘ക്ലാസ്’ ആകുമോ എന്ന് കാലം തീരുമാനിക്കും. എന്തായാലും തമിഴകത്തെ രാഷ്ട്രീയ മൈതാനങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഒരു നടന്റെ ഗ്ലാമറിനെക്കുറിച്ചല്ല, മറിച്ച് ഒരു രാഷ്ട്രീയക്കാരന്റെ നിലപാടുകളെക്കുറിച്ചാണ്.

