കൊൽക്കത്ത: കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസ്സും പതിറ്റാണ്ടുകൾ ഭരിച്ച പശ്ചിമബംഗാളിന്റെ ചരിത്രം തിരുത്തി കുറിച്ച് ആദ്യ ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. വംഗനാടിൻ്റെ മാറുന്ന നിറത്തിന്റെ പ്രതീകമായി ബിജെപി നേതാവ് സുവേന്ദു അധികാരി കാവി വസ്ത്രമണിഞ്ഞ് ഗവർണർ ആർ എൻ രവിക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ദേശീയ ഗാനം രചിച്ച രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനത്തിലാണ് സത്യപ്രതിജ്ഞ എന്നത് ശ്രദ്ധേയമാണ്.
കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി ദേശിയ അധ്യക്ഷൻ നിതിൻ നവീൻ കൂടാതെ ഭൂരിഭാഗം കേന്ദ്രമന്ത്രിസഭാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി മോദിയെ കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, ദിലീപ് ഘോഷ്, ശങ്കർ ഘോഷ് എന്നിവരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ ആദ്യരൂപമായ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ നാട്ടിൽ ആദ്യമായി അധികാരമേൽക്കാൻ കഴിഞ്ഞതിനെ അതീവ വൈകാരിക മുഹൂർത്തമായാണ് പാർട്ടി പ്രവർത്തകർ കാണുന്നത്.294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചത്. ഇതോടെ സംസ്ഥാനത്തെ 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യമായി.

