കോഴിക്കോട്: വനത്തിലെ രാത്രിയിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് തടിയൻഡമോൾ മലയിൽ നാലു ദിവസം ഒറ്റപ്പെട്ടുപോയ നാദാപുരം സ്വദേശി ശരണ്യ. രാത്രി ഏഴ് മണിയാകുന്നതോടെ കാട് മുഴുവൻ മിന്നാമിന്നികളെക്കൊണ്ട് നിറയുമെന്നും അത് കാണാൻ പ്രത്യേക ഭംഗിയാണെന്നുമാണ് ശരണ്യ ന്യൂസ് 18-നോട് പറഞ്ഞത്.
കാട്ടിൽ വൈകിട്ട് ചീവീടിന്റെ ശബ്ദമാണ് ആദ്യം കേൾക്കുന്നത്. അതു കഴിഞ്ഞ് 7 മണിയൊക്കെ ആകുമ്പോൾ മിന്നാമിനുങ്ങ് നിറയെ വരും.
കാട്ടിലെ തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങളെ വ്യക്തമായി കാണാൻ സാധിച്ചിരുന്നുവെന്നും രാത്രി 11 മണിയായാലും കാട് മുഴുവൻ പകൽ പോലെ വെളിച്ചമായിരുന്നുവെന്നും, ആ വെളിച്ചം കാരണം പലപ്പോഴും ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ലെന്നും ശരണ്യ കൂട്ടിച്ചേർത്തു. നല്ല വെളിച്ചമുണ്ടെങ്കിലും വ്യക്തമായിട്ടൊന്നും കാണാൻ കഴിയില്ലെന്നും ശരണ്യ പറഞ്ഞു.വീട്ടുകാരോട് പറയാതെയാണ് താൻ കൂർഗിലേക്ക് യാത്ര തിരിച്ചതെന്നും ശരണ്യ പറഞ്ഞു. തന്നെ കാണാതായ വാർത്ത പുറംലോകത്ത് ഇത്ര വലിയ ചർച്ചയാകുമെന്ന് കരുതിയിരുന്നില്ലെന്നും, വാർത്തകൾ വന്നതോടെയാണ് വീട്ടുകാർ പോലും വിവരം അറിഞ്ഞതെന്നും അവർ പറഞ്ഞു. മുൻപും ട്രെക്കിംഗിന് പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒറ്റപ്പെട്ട് പോയതെന്നും ശരണ്യ കൂട്ടിച്ചേർത്തു.


