PRAVASI

കെസിക്ക് കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണയെന്ന് സൂചന; നിരീക്ഷകന്റെ രഹസ്യ പട്ടിക പരസ്യമായി

Blog Image

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് ആര് എന്ന ചര്‍ച്ച തകൃതിയായി നടക്കുന്നതിനിടെ കെ.പി.സി.സി. അദ്ധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ കെ.സി. വേണുഗോപാലിന്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നാം ദിവസം ഇന്ദിരാഭവനില്‍ എത്തിയ കോണ്‍ഗ്രസിന്റെ കേന്ദ്ര നിരീക്ഷകര്‍ മുഖ്യമന്ത്രി കാര്യത്തില്‍ എംഎല്‍എ മാരില്‍ നിന്നും അഭിപ്രായം ശേഖരിച്ചതിലാണ് സണ്ണി ജോസഫ് കെ.സി.യെ പിന്തുണച്ചിരിക്കുന്നത്.
മെയ് ഏഴിന് നടത്തിയ അഭിപ്രായ സ്വീകരണത്തിന്റെ പട്ടികയുടെ ഫോട്ടോ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടതോടെയാണ് അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയുടെ ഒരു ഭാഗം പരസ്യമായത്. ദേശീയ നിരീക്ഷകര്‍ എംഎല്‍എ മാരുടെ അഭിപ്രായം രേഖപ്പെടുത്തി മടങ്ങുമ്പോള്‍ പകര്‍ത്തിയ പട്ടികയുടെ ഫോട്ടോഗ്രാഫാണ് വിവരം പുറത്തുവിട്ടത്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ എംഎല്‍എ മാരുടെ അഭിപ്രായമാണ് ഇതിലുള്ളത്.
ഇതില്‍ സന്ദീപ് വാര്യരും മോഹനനും സജീവ് ജോസഫും ടി.സിദ്ദിഖും അടക്കമുള്ളവരാണ് കെ.സി.യുടെ പേര് രേഖപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരൻ എന്ന് കരുത്തപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ കെസി യെയും രമേശിനെയും പിന്തുണച്ചു. അതിൽ ആദ്യ പേര് കെസിയുടേതാണ്.മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ ദേശീയ നിരീക്ഷകര്‍ 63 എംഎല്‍എ മാരുടെ രേഖപ്പെടുത്തലുമായി മടങ്ങുമ്പോഴാണ് പട്ടികയുടെ ദൃശ്യം പകര്‍ത്തപ്പെട്ടത്. മൂന്ന് ജില്ലകളിലെ എംഎല്‍എ മാരുടെ പിന്തുണയാണ് കെ.സി. വേണുഗോപാലിന് പുറത്തുവന്ന പട്ടികയിൽ. ഇതിൽ പുതുമുഖമായ ഉദുമ എംഎല്‍എ നീലകണ്ഠന്‍ മാത്രമാണ് അഭിപ്രായം പറയാതിരുന്നിട്ടുള്ളത്. ഹൈക്കമാന്റ് തീരുമാനം എടുക്കട്ടെ എന്നായിരിക്കാം മറുപടി എന്നാണ് സൂചന.
ഒമ്പത് പേരുടെ പട്ടികയില്‍ എട്ടുപേരുടെ വിവരമാണ് പുറത്തുവന്നത്. ഒമ്പത് പേരില്‍ ആരും തന്നെ വി.ഡി. സതീശനെ പിന്തുണച്ചിട്ടില്ലെന്നും കാണുന്നു. തനിക്ക് 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ.സി. വേണുഗോപാല്‍ അവകാശപ്പെട്ടിരുന്നത്.തങ്ങൾ അഭിപ്രായം പറഞ്ഞത് ഹൈക്കമാൻ‌ഡിനോടാണെന്നും അത് പരസ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും ടി. സിദ്ദിഖ് പ്രതികരിച്ചു. അത് പാർട്ടി സംവിധാനത്തിനുള്ളിലുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുറത്തുവന്ന ചിത്രം ആധികാരകമല്ലെന്ന് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രംഗത്തെത്തി. താൻ ഹൈക്കമാൻഡിനോടാണ് അഭിപ്രായം പറഞ്ഞതെന്നും അവർ മറുപടി പറയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.