തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ രാഷ്ട്രീയ ഗുരുനാഥൻ പരേതനായ ജി. കാർത്തികേയന്റെ വസതിയിലെത്തി. വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ആര്യനാട് എം.എൽ.എയുടെ വസതി സാക്ഷ്യം വഹിച്ചത്. ജി. കാർത്തികേയന്റെ പത്നി ഡോ. എം.ടി. സുലേഖയുമായി സംസാരിക്കവെ പലപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു.
ജി. കാർത്തികേയൻ എന്ന വലിയ മനുഷ്യന്റെ വിരൽ തുമ്പിൽ തൂങ്ങിയാണ് താൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും അദ്ദേഹത്തിന്റെ കുടുംബം തന്റെ സ്വന്തം കുടുംബമാണെന്നും സതീശൻ പറഞ്ഞു. 1996-ലും 2001-ലും തന്നെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് എ.കെ. ആന്റണിയോടും കെ. കരുണാകരനോടും നേരിട്ട് ആവശ്യപ്പെട്ടത് കാർത്തികേയൻ സാറായിരുന്നുവെന്ന് അദ്ദേഹം നന്ദിയോടെ സ്മരിച്ചു. സതീശൻ എം.എൽ.എ ആയാൽ അത് പാർട്ടിക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് ജി.കെ. അന്ന് ഉറച്ചു വിശ്വസിച്ചിരുന്നു.
ജി.കെ. പണ്ട് തിരിച്ചറിഞ്ഞ ആ നേതൃപാടവം ഇന്ന് വലിയ ഉയരങ്ങളിൽ എത്തിയതിൽ സുലേഖ ടീച്ചർ സന്തോഷം പ്രകടിപ്പിച്ചു. കെ. കരുണാകരനെയും ഉമ്മൻചാണ്ടിയെയും പോലെ പാവപ്പെട്ട ജനങ്ങളെ ചേർത്തുപിടിക്കുന്ന, മതനിരപേക്ഷ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു ഭരണാധികാരിയായി സതീശൻ മാറട്ടെ എന്ന് അവർ ആശംസിച്ചു. കേരളം എക്കാലവും ഓർക്കുന്ന ഒരു മികച്ച മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് സാധിക്കുമെന്നും അവർ പ്രത്യാശിച്ചു.
ജി. കാർത്തികേയന്റെ മക്കൾ തനിക്ക് സഹോദരങ്ങളെപ്പോലെയാണെന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ബന്ധമാണ് ഈ കുടുംബവുമായി ഉള്ളതെന്നും സതീശൻ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോകൾ എടുത്തും വിശേഷങ്ങൾ പങ്കുവെച്ചുമാണ് നിയുക്ത മുഖ്യമന്ത്രി മടങ്ങിയത്.

