PRAVASI

മന്ത്രിസഭയിലെ സൂപ്പർ പവറായി രമേശ് ചെന്നിത്തല

Blog Image

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ്സിൽ നടന്ന പോരാട്ടത്തിൽ രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്തിയവരും പാരവെച്ചവരും എല്ലാം ഇപ്പോൾ ആകെ പരിഭ്രാന്തിയിലാണ്. തന്ത്രപ്രധാനമായ ആഭ്യന്തര – വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ഹൈക്കമാൻഡ് ഇടപെടലിൽ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തയ്യാറായതാണ് കോൺഗ്രസ്സിലെയും യുഡിഎഫിലെയും ചെന്നിത്തല വിരുദ്ധരെ ആശങ്കയിലാഴ്ത്തുന്നത്.

ഇവരാരും തന്നെ ആഭ്യന്തര വകുപ്പ് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ചെന്നിത്തലയ്ക്ക് വിട്ടു നൽകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന് ആദ്യം പറഞ്ഞ് പിന്നീട് കെസി വേണുഗോപാലിനായി നിലപാട് മാറ്റിയ കെ സുധാകരൻ, ആഭ്യന്തരം രമേശ് ചെന്നിത്തലയ്ക്കാണ് എന്നറിഞ്ഞപ്പോൾ ശരവേഗത്തിലാണ് ചെന്നിത്തലയുടെ വീട്ടിൽ എത്തിയിരുന്നത്. ഇതുപോലെ ചെന്നിത്തലയെ അവഗണിച്ചിരുന്ന മറ്റ് നിരവധി കോൺഗ്രസ്സ് – ഘടക കക്ഷി നേതാക്കളും ഇപ്പോൾ ചെന്നിത്തലയുടെ ഗുഡ് ബുക്കിൽ ഇടംപിടിക്കാനാണ് ഓടി നടക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തത്തിൻ്റെ ദേഷ്യം മന്ത്രിസഭ രൂപീകരണത്തിൽ തീർത്ത സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിഭാഗം, കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിനായി ആഭ്യന്തര വകുപ്പ് കൈവശം വയ്ക്കാൻ ആഗ്രഹിച്ചിരുന്നു എങ്കിലും, ആ നീക്കവും പരാജയപ്പെടുകയാണ് ഉണ്ടായത്.

ഇരുപത്തി എട്ടാമത്തെ വയസ്സിൽ മന്ത്രിയായും, ഉമ്മൻ ചാണ്ടി സർക്കാറിൽ ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ച രമേശ് ചെന്നിത്തല, അദ്ദേഹത്തിൻ്റെ ശിഷ്യനായിരുന്ന വിഡി സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പില്ലാതെ പങ്കാളിയാകരുത് എന്ന് വാശിപിടിച്ചത് ചെന്നിത്തലയുടെ ഒപ്പം നിൽക്കുന്ന നേതാക്കളാണ്. എന്നാൽ, വിഡി സതീശൻ മന്ത്രിസഭയിലേക്ക് താൻ ഇല്ലെന്നാണ് രമേശ് ചെന്നിത്തല ആദ്യ ഘട്ടത്തിൽ നിലപാട് കടുപ്പിച്ചിരുന്നത്.

ഇതോടെയാണ് ഡൽഹിയിൽ നിന്നും ഹൈക്കമാൻഡ് ഇടപെടൽ വന്നത്. മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കാൻ കഴിയാത്തതിൽ വിഷമമുള്ള സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വകുപ്പ് വിഭജനത്തിൽ ചെന്നിത്തലയുടെ താൽപര്യമാണ് ആദ്യം പരിഗണിക്കേണ്ടത് എന്ന കർശന നിർദ്ദേശമാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും നൽകിയിരുന്നത്. ഇതോടെയാണ് വിഡി സതീശനും കെസി വേണുഗോപാലും ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹത്തിനാണ് ആഭ്യന്തര വകുപ്പ് എന്ന് അറിയിച്ചിരുന്നത്. ഈ പ്രഖ്യാപനമാണ് യുഡിഎഫിലെ ചെന്നിത്തല വിരുദ്ധരെ ഞെട്ടിച്ചിരിക്കുന്നത്.

പൊലീസ് ഭരണവും വിജിലൻസ് ഭരണവും കൈവശമുള്ള മന്ത്രിയെ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഇനി ഭയക്കേണ്ടതായി വരും. ഇതുവരെ കണ്ട രമേശ് ചെന്നിത്തലയെ അല്ല ഇനി കേരളം കാണാൻ പോകുന്നത് എന്നതും വ്യക്തമാണ്.

സംസ്ഥാന പൊലീസിൽ അടിമുടി അഴിച്ചുപണിയാണ് ഇനി വരാൻ പോകുന്നത്. പി ശശിയുടെ അടിമകളെ പോലെ ജോലി ചെയ്ത ഐ.പി.എസ് ഉദ്ദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും സ്ഥാന ചലനം ഉറപ്പാണ്. പി ശശിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്തിരുന്ന് സംസ്ഥാന പൊലീസിനെ നിയന്ത്രിച്ചിരുന്ന എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, തുടങ്ങി സി.പി.എമ്മിനും പൊളിറ്റിക്കൽ സെക്രട്ടറിക്കും വേണ്ടപ്പെട്ട മുഴുവൻ ഐപിഎസ് ഓഫീസർമാർക്കും ആദ്യഘട്ടത്തിൽ തന്നെ സ്ഥാന ചലനം ഉറപ്പാണ്.10 വർഷം പൊലീസ് തലപ്പത്ത് ഇരുന്ന് സിപിഎം ‘അജണ്ട’ നടപ്പാക്കിയ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് കളങ്കിതരെ മാറ്റണം എന്നത് യുഡിഎഫിൻ്റെ പ്രഖ്യാപിത നിലപാട് കൂടിയാണ്.

ഇതിൽ ചിലർ വീണ്ടും പദവികളിൽ കടിച്ച് തൂങ്ങിയിരിക്കാൻ ചില സാമുദായിക നേതാക്കൾ വഴിയും അടുപ്പക്കാരായ കോൺഗ്രസ്സ് നേതാക്കൾ വഴിയും രമേശ് ചെന്നിത്തലയെയും നിയുക്ത മുഖ്യമന്ത്രിയെയും സ്വാധീനിക്കാനും അണിയറയിൽ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിൽ ഒരു ഐപിഎസ് ഉന്നതനു വേണ്ടി പ്രമുഖ വ്യവസായി തന്നെയാണ് ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. ഈ സമ്മർദ്ദങ്ങൾക്കൊന്നും തന്നെ നിയുക്ത ആഭ്യന്തരമന്ത്രി വഴങ്ങില്ലന്നാണ് ലഭിക്കുന്ന സൂചന.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.