PRAVASI

പൊതുജനം കഴുതയല്ല സാര്‍

Blog Image

യുഡിഎഫിന്‍റെ ഉജ്വല വിജയത്തില്‍ കേരളത്തിലെ ജനങ്ങള്‍ പൊതുവേ സംതൃപ്തരായിരുന്നു. അധികാരത്തിന്‍റെ അഹങ്കാരം തലയ്ക്കു പിടിച്ച നേതാക്കന്മാര്‍ ഓരോന്നായി തകര്‍ന്നടിഞ്ഞു. എന്നാല്‍, മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള കോണ്‍ഗ്രസിലെ നാണംകെട്ട വടംവലി ഈ വിജയത്തിന്‍റെ ശോഭയ്ക്കു മങ്ങല്‍ ഏല്പിച്ചിരിക്കുന്നു. എംപിമാര്‍ മത്സരിക്കേണ്ട എന്ന നല്ല തീരുമാനമെടുത്ത ഹൈക്കമാന്‍ഡിനെ നിയന്ത്രിക്കുന്ന വേണുഗോപാല്‍ തന്നെ കേരളത്തില്‍ മത്സരിക്കാതെ, അവകാശവാദവുമായി കളം നിറഞ്ഞുനില്‍ക്കുന്നു. താനാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ വിജയശില്പി എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇദ്ദേഹം ഇത്ര കഴിവുള്ളവനായിരുന്നെങ്കില്‍ മറ്റുള്ള സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് എന്തുകൊണ്ടാണ്? അദ്ദേഹമാണുപോലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് തരപ്പെടുത്തിക്കൊടുത്തത്. പണമാണ് മാനദണ്ഡമെങ്കില്‍ അദാനിക്കോ, അംബാനിക്കോ, നമ്മുടെ യൂസഫലി സാഹിബിനോ ഇതൊക്കെ സാധിക്കുമല്ലോ. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ തന്‍റെ നിശ്ചയദാര്‍ഢ്യം കൊണ്ട് വി.ഡി. സതീശനാണ് വിജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിനാണ് മുഖ്യമന്ത്രിസ്ഥാനം അവകാശപ്പെട്ടത്. അല്ലെങ്കില്‍ കേരളത്തില്‍ തന്നെ ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച രമേശ് ചെന്നിത്തല ഉള്‍പ്പെടെ എത്രയോ പേരുണ്ട്. വേണുഗോപാലിന് ഈ ചിത്രത്തില്‍ സ്ഥാനമില്ല.
ഇതു പറയുമ്പോള്‍ കോണ്‍ഗ്രസിന് അവരുടേതായ ഒരു സംവിധാനം ഉണ്ടെന്നാണ് പറയുന്നത്. ഈ സംവിധാനം ഉപയോഗിച്ച് അര്‍ഹതപ്പെട്ടവരെ മാറ്റിനിര്‍ത്തിയതു കൊണ്ടാണ് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ന് പറഞ്ഞാല്‍ രാഹുല്‍ഗാന്ധി മാത്രമാണ്. അദ്ദേഹത്തെ നിയന്ത്രിക്കുന്നത് വേണുഗോപാല്‍ജിയാണ്. അതുകൊണ്ട് ചുളുവില്‍ ഈ സ്ഥാനം വേണുഗോപാല്‍ അടിച്ചെടുക്കും. ആറു മാസം കഴിയുന്നതിനു മുന്‍പ് അനാവശ്യമായ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ നടത്തേണ്ടിവരും. 'കാലത്തിന്‍റെ കാവ്യനീതി' എന്നൊരു കാര്യമുണ്ട്. പണ്ട് സമര്‍ത്ഥമായി കെപിസിസി പ്രസിഡണ്ടായി തിളങ്ങിയ കെ. മുരളീധരന്‍ മന്ത്രിസ്ഥാനം മോഹിച്ച് മറ്റൊരാളെ രാജി വെപ്പിച്ച് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ എട്ടുനിലയില്‍ പൊട്ടിയ ഒരു ചരിത്രം നമ്മുടെ മുന്‍പിലുണ്ട്.
പൊതുജനം കഴുതയല്ല സാര്‍. അര്‍ഹതപ്പെട്ട സ്ഥാനം വി.ഡി. സതീശനു നല്കി മാന്യത കാട്ടുക.

 രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.