ഒറ്റയാകുന്നതി,ല്ലൊരിക്കലും,
ഓർമകൾ ചൂഴ്ന്ന മാത്രയിൽ!
തുടുത്ത വാകകൾ
കാറ്റിനോടു
സ്നേഹഭാഷണം
ചെയ്ത വഴികളിൽ!
ഹൃദയമന്നു മിടിച്ചതും,
വാക്കുകൾ മഞ്ഞു
പോലെ കുളിർന്നതും,
പകൽ രാവുകളത്രയും
നിന്റെ ചിരി നിലാ വെയിൽ
പരന്നു വിടർന്നതും....
നീ മാത്രം പറഞ്ഞ
വാക്കുകൾ കേട്ടതും
ഋതു, കാല, സമയങ്ങൾ
അന്നു മാഞ്ഞു പോയ്,
നിന്നിൽ മാത്ര, മുറഞ്ഞു-
ജന്മം, സ്മരണ, സങ്കല്പ
മരണ കല്പനക, ളത്രയും
ഒറ്റയാകുന്നതെങ്ങനെ
നീ അത്ര മേൽ എന്നിൽ
നിറഞ്ഞിരിക്കുകയല്ലയോ!

മൃദുല രാമചന്ദ്രൻ

