നാടിനെ ഒന്നടങ്കം നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു. മലപ്പുറം പള്ളിപ്പറമ്പ് സ്കൂൾ ഡ്രൈവർ നൗഷാദ് അലിയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കൊയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ കഴിയവെ പുലർച്ചെയാണ് മരണപ്പെട്ടത്.
നൗഷാദ് അലിയുടെ മരണത്തിൽ ചികിത്സാപിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നൗഷാദ് അലിയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് പുലർച്ചെയോടെ ആരോഗ്യനില വഷളായി എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ആരോഗ്യനില വഷളായിട്ടും ഡോക്ടർ എത്താൻ രണ്ട് മണിക്കൂറോളം വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് ആശുപത്രി ജീവനക്കാരും നൗഷാദിന്റെ ബന്ധുക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വാൽപ്പാറയിലുണ്ടായ ദുരന്തത്തിന് കാരണം ഡ്രൈവറുടെ പരിചയ കുറവും അമിത ബ്രേക്ക് ഉപയോഗവുമാണെന്ന് പൊള്ളാച്ചി ആർടിഒ വ്യക്തമാക്കിയിരുന്നു. മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും ആർടിഒ അറിയിച്ചിരുന്നു.പള്ളിപ്പറമ്പ് സർക്കാർ എൽ പി സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരുമാണ് അപകടത്തിൽപെട്ടത്. പൊള്ളാച്ചി ചുരം റോഡിൽ വച്ച് നിയന്ത്രണംവിട്ട വാൻ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. എട്ട് പേർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. രണ്ട് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

