PRAVASI

നിധി തിവാരി:പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തയായ പ്രൈവറ്റ് സെക്രട്ടറി

Blog Image

അതീവസുരക്ഷാ സന്നാഹമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാറിന്റെ പിൻസീറ്റിൽനിന്ന്, സുരക്ഷാ ഉദ്യോഗസ്ഥൻ ഡോർ തുറന്നുകൊടുത്ത് ഇറങ്ങുന്ന ഈ യുവതി ആരാണ്; 
അതും പ്രധാനമന്ത്രി മുൻസീറ്റിലിരിക്കുമ്പോൾ? 
ഇതാണ് നിധി തിവാരി.
പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തയായ പ്രൈവറ്റ് സെക്രട്ടറി. അദ്ദേഹത്തിന്റെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തികളിലൊരാൾ. ഉത്തർപ്രദേശിൽ, പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിക്കടുത്തുള്ള മഹമൂർഗഞ്ചാണു നിധി തിവാരിയുടെ ഭർത്താവ് ഡോ. സുശീൽ ജയ്സ്വാളിന്റെ നാട്. 2014 ൽ നരേന്ദ്ര മോദി ആദ്യമായി വാരാണസിയിൽ നിന്നു ജനവിധി തേടുമ്പോഴാണ് നിധി അദ്ദേഹത്തെ പരിചയപ്പെട്ടത്. 
ലക്നൗ സ്വദേശിയായ നിധിക്ക് എഴുതിയ പരീക്ഷകളിലെല്ലാം സ്വർണമെഡൽത്തിളക്കവുമായി വിജയിച്ച ചരിത്രമുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി ബയോ കെമിസ്ട്രിക്കു പഠിക്കുമ്പോഴാണ് അവർ സുശീലിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും പിന്നീടു വിവാഹം കഴിച്ചതും. അതിനു ശേഷം 2007 ൽ ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ ശാസ്ത്രജ്ഞയായി മഹാരാഷ്ട്രയിൽ ജോലിയിൽ പ്രവേശിച്ചു. അവിടുത്തെ പരിശീലനകാലാവധി പൂർത്തിയാക്കിയത് സ്വർണ മെഡലോടെയാണ്. 2008ൽ മകൻ ജനിച്ചു. പക്ഷേ ജനസേവനമെന്ന ആഗ്രഹം അപ്പോഴും നിധിയുടെ ഉള്ളിലുണ്ടായിരുന്നു.
 അങ്ങനെ 2008 ൽ ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മിഷന്റെ പരീക്ഷ എഴുതി കമേഴ്‌സ്യൽ ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ ആയി. വാരാണസിയിലായിരുന്നു നിയമനം. 2013 ലാണ് സിവിൽ സർവീസ് എന്ന മോഹവുമായി പഠനമാരംഭിച്ചത്. അതിനായി ഡൽഹിയിലെത്തി. ആദ്യശ്രമത്തിൽത്തന്നെ സിവിൽ സർവീസ് നേടുകയും ചെയ്തു. മുസ്സൂറിയിലെ പരിശീലനകാലത്ത് ആ ബാച്ചിലെ ടോപ്പറായിരുന്നു നിധി. സ്വർണമെഡലോടെയാണ് സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയത്. 
2014 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയായ നിധി വളരെ ചുരുങ്ങിയ കാലം കൊണ്ടാണു മികച്ച പദവിയിലെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിൽ അണ്ർ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന നിധി 2022 ലാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ അണ്ടർ സെക്രട്ടറിയായി എത്തിയത്. അവർക്കു 2023 ജനുവരിയിൽ ഡപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. അടുത്തിടെയാണു പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കാബിനറ്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റി ഇവരെ നിയമിച്ചത്. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥരിലൊരാളാണു നിധി.‌
പ്രധാനമന്ത്രിയുടെ ഓഫിസിലെ വിദേശകാര്യ–സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഇവർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനാണു നേരിട്ടു റിപ്പോർട്ട് ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടെ ഭരണപരവും നയതന്ത്രപരവുമായ പ്രവർത്തനങ്ങളിലും സുരക്ഷാ കാര്യങ്ങളിലും നിധി തിവാരി ഇപ്പോൾ നിർണായക പങ്കുവഹിക്കുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.