PRAVASI

ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഇടത്തോട്ടോ? വലത്തോട്ടോ? തൂക്കുസഭയോ? 5 വർഷം കേരളം ആര് ഭരിക്കും?

Blog Image

തിരുവനന്തപുരം: രാഷ്ട്രീയകേരളം കാത്തുകാത്തിരുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് രാവിലെ എട്ടിന് നിർണ്ണായക വോട്ടെണ്ണൽ തുടങ്ങാനിരിക്കെ മുന്നണികളുടെ പ്രതീക്ഷ വാനോളമാണ്. കെ പി സി സി ആസ്ഥാനത്ത് ആഘോഷിക്കാൻ പന്തലിട്ട കോൺഗ്രസ് ഭരണമാറ്റം ഉറപ്പിച്ചുകഴിഞ്ഞു. ഭരണത്തുടർച്ച തന്നെ എന്ന് ഇപ്പോഴും കണക്ക് കൂട്ടുന്നു എൽ ഡി എഫ്. ഒന്നിലേറെ സീറ്റുകളുമായി കരുത്തുകാട്ടുമെന്നാണ് ബി ജെ പിയുടെ വിശ്വാസം. ഭരണമാറ്റമോ, ഭരണത്തുടർച്ചയോ എന്നതിന് പുറമെ തരംഗമോ, തൂക്ക് സഭയോ എന്ന് വരെയുണ്ട് കേരളത്തിലെ ആകാംക്ഷ. അന്തരീക്ഷച്ചൂട് കുറഞ്ഞെങ്കിലും കേരളത്തിന്‍റെ രാഷ്ട്രീയ താപനില കുതിച്ചു കുതിച്ചുകയറുകയാണ്. രാവിലെ എട്ട് മണിക്ക് ബാലറ്റ് പെട്ടി തുറക്കുന്നതോടെ കേരളത്തിന്‍റെ കാത്തിരിപ്പിന് അവസാനമാകും. ഒപ്പം അടുത്ത 5 വർഷം ആര് ഭരിക്കണമെന്ന ജനവിധിയും വ്യക്തമാകും.

വോട്ട് എണ്ണാനൊന്നും കാത്തുനിൽക്കുന്നില്ല കോൺഗ്രസ്, പത്ത് വർഷത്തിന്ശേഷം അധികാരമെന്ന് ഉറപ്പിക്കുന്നു പാർട്ടി. മുമ്പില്ലാത്തവിധത്തിലാണ് വോട്ടെണ്ണൽ ദിനത്തിലെ കെ പി സി സി ആസ്ഥാനത്തെ കാഴ്ച. വൻ പന്തൽ റെഡി. പായസവും പടക്കവും പൂഴിക്കുന്ന് ആശാന്‍റെ പടക്കവുമെല്ലാം സെറ്റാണ്. പറയാനുള്ളതെല്ലാം നാളത്തേക്ക് മാറ്റി നിറഞ്ഞ ചിരിയിൽ എല്ലാം ഒതുക്കി ആത്മവിശ്വാസത്തിന്‍റെ പരകോടിയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെ പി സി സി അധ്യക്ഷൻ സണ്ണിജോസഫുമെല്ലാം രാവിലെ മുതൽ ഇന്ദിരഭവനിലുണ്ടാകും. കന്‍റോൺമെൻറ് ഹൗസിലായിരിക്കും സതീശൻ തെരഞ്ഞെടുപ്പ് ഫലം കാണുക. കൗണ്ടിംഗിന് ഹരിപ്പാടെന്ന രീതി മാറ്റി ചെന്നിത്തലയും തലസ്ഥാനത്തെത്തിയിട്ടുണ്ട്. 85 അല്ല, ഭരണവിരുദ്ധതരംഗത്തിൽ 90 കടന്ന് അധികാരം പിടിക്കുമെന്നാണ് യു ഡി എഫ് പ്രതീക്ഷ. എത്ര സീറ്റുവരെ കിട്ടുമെന്ന കാര്യത്തിൽ മാത്രമാണ് നേതാക്കൾക്ക് ആകെ സംശയമുള്ളത്.

കോൺഗ്രസിന്‍റെ പന്തൽ വെറുതെയാകുമെന്നാണ് സി പി എം പരിഹാസം. അധികാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ കെ പി സി സി മുറ്റത്തൊരുക്കിയ പന്തൽ പൊളിഞ്ഞ് പാളീസാകുമെന്നാണ് പാർട്ടിയുടെ പക്ഷം. കൂട്ടത്തോടെ ഭരണമാറ്റം പറഞ്ഞ എക്സിറ്റ് പോളുകളിലും കുലുങ്ങാത്ത പിണറായിയും പാ‍ർട്ടിയും ഇന്നും വിശ്വസിക്കുന്നത് ഭരണത്തുടർച്ച തന്നെ. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോട തലസ്ഥാനത്തെങ്കിൽ മുഖ്യമന്ത്രി പതിവ് തെറ്റിക്കാതെ കണ്ണൂരിലാണ്. ഫലം അറിഞ്ഞ ശേഷം മാത്രമാകും തലസ്ഥാനത്തേക്കുള്ള വരവ്. അതൊരു വരവായിരുക്കുമെന്നാമ് അണികളുടെ പക്ഷം.

പന്തലില്ലെങ്കിലും അണിയറയിൽ വൻതയ്യാറെടുപ്പ് ഉണ്ട് മാരാർജിഭവനിൽ. ഒന്നും രണ്ടുമല്ല ഒരുപാട് താമരകൾ പ്രതീക്ഷിക്കുന്നു ബി ജെ പി. പാർട്ടി ആസ്ഥാനത്ത് കൂടുതൽ കസേരയിട്ട് ഫലം കാണാൻ ഒരുക്കങ്ങളെല്ലാം സജ്ജമാണ്. രാജീവ് ചന്ദ്രശേഖറും വി മുരളീധരനുമെല്ലാം മാറാത്തത് മാറുമോ എന്ന് അറിയുക ഓഫീസിൽ വെച്ചാകും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.