കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ പ്രധാന പാർട്ടി ആസ്ഥാനങ്ങൾ വൻ ഒരുക്കങ്ങളുമായി ജനവിധി കാത്തിരിക്കുകയാണ്. ഭരണമാറ്റം പ്രവചിക്കുന്ന എക്സിറ്റ് പോളുകളുടെ ആവേശത്തിൽ യുഡിഎഫും, ഭരണത്തുടർച്ച ഉറപ്പിച്ച് എൽഡിഎഫും, ശക്തമായ സാന്നിധ്യമാകുമെന്ന് ബിജെപിയും ആത്മവിശ്വാസത്തിലാണ്.
ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിൽ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കടുത്ത ചൂട് പരിഗണിച്ച് ഓഫീസിന് മുന്നിൽ വലിയ പന്തലും ഫാനുകളും കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. ഫലം തത്സമയം കാണാൻ വലിയ എൽഇഡി വാളുകളും സ്ഥാപിച്ചു. വിജയമുറപ്പിച്ച പ്രവർത്തകർ പായസവും ലഡുവും ഓർഡർ ചെയ്തു കഴിഞ്ഞു. വൈകുന്നേരം ഡിജെ പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ രാവിലെ 9 മണിയോടെ ഓഫീസിലെത്തും. എന്നാൽ എ കെ ആന്റണി വീട്ടിലിരുന്നാവും ഫലം അറിയുക. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കന്റോൺമെന്റ് ഹൗസിലുണ്ടാകും. വിജയസാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് ചേരും. ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്ന് ദീപാ ദാസ് മുൻഷി അറിയിച്ചു.
തുടർഭരണം ഉണ്ടാകുമെന്ന ഉറപ്പിലാണ് സിപിഎം ക്യാമ്പ്. ആഘോഷങ്ങൾക്കായി വലിയ പന്തലുകളോ അലങ്കാരങ്ങളോ എകെജി സെന്ററിൽ ഒരുക്കിയിട്ടില്ല. ജില്ലയിലെ പ്രാദേശിക നേതാക്കൾ മധുരപലഹാരങ്ങളും പടക്കങ്ങളും ഓർഡർ ചെയ്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാവിലെ എകെജി സെന്ററിലെത്തും. ഫലമറിഞ്ഞ ശേഷം അദ്ദേഹം തിരുവനന്തപുരത്ത് തുടരണമോ അതോ കണ്ണൂരിലേക്ക് പോകണമോ എന്ന് തീരുമാനിക്കും.
ബിജെപി ആസ്ഥാനമായ മാരാർജി ഭവനിലും ഫലം തത്സമയം കാണാൻ വലിയ സ്ക്രീനുകൾ ഒരുങ്ങുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി വി രാജേഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ രാവിലെ 10 മണിയോടെ ആസ്ഥാനത്തെത്തും.

