PRAVASI

അസൂയ ജീവിതങ്ങളെ നശിപ്പിക്കും (സദൃശ്യ. 14:30)

Blog Image

അസൂയയോ അസ്തികള്‍ക്കു ദ്രവത്വം (സദൃശ്യവാക്യങ്ങള്‍ 14:30)
അസൂയ ഒരു മാരകവിഷം ആണ്.
രാഷ്ട്രീയ നേതാക്കന്മാരായ നെപ്പോളിയന്‍, ജൂലിയ സീസര്‍, മഹാനായ അലക്സാണ്ടര്‍ എന്നിവര്‍ക്ക് അസൂയ എന്ന മാരകവിഷം ഉണ്ടായിരുന്നു.
അധികാരവും പ്രതാപവും ഒക്കെ ഉണ്ടായിരുന്നിട്ടും മനസ്സിനെ വിഷ്വലിപ്തമാക്കുന്ന ഒരു ദുര്‍ഗുണം അവര്‍ ഉള്ളില്‍ കൊണ്ട് നടന്നു. ഇവര്‍ മൂവരും അന്യോന്യം അസൂയപ്പെട്ടിരുന്നു. സമ്പത്തും നേട്ടങ്ങളും കൈവരിച്ചിട്ടുള്ളസല്‍ സ്വാഭാവികളായ വ്യക്തികള്‍ ഉള്‍പ്പെടെ ആരിലും അസൂയ എന്ന തിന്മ നാമ്പെടുക്കാം. ഒരു വ്യക്തിയുടെ സമ്പത്ത്, അഭിവൃദ്ധി, നേട്ടങ്ങള്‍ എന്നിവ കൊണ്ട് അയാളോട് തോന്നുന്ന ഒരു നീരസമാണ് അസൂയ. ബൈബിള്‍ വെളിച്ചത്തില്‍ മറ്റുള്ള ഒരാള്‍ക്ക് ഉള്ളതെല്ലാം തനിക്കും വേണമെന്ന് ആഗ്രഹത്തെക്കാള്‍ ഉപരി അയാള്‍ക്കുള്ളത് ഇല്ലാതാക്കാനുള്ള ത്വരയും അസൂയയില്‍ പെടുന്നുണ്ട്.
അസൂയ ഉള്ള ഒരു വ്യക്തിക്ക് അപരന്‍റെ ഉന്നതിയില്‍ അസഹ്യത തോന്നുന്നതോടൊപ്പം അയാള്‍ക്കുള്ളത് തട്ടിയെടുക്കാനുള്ള വ്യഗ്രതയും ഉണ്ടാകും. അസൂയ മുളപൊട്ടുന്നത് എങ്ങനെയെന്നും അതിന്‍റെ ഭവിഷത്തുകള്‍ എന്തെല്ലാം എന്നും പരിശോധിക്കുന്നത് ഉത്തമം ആയിരിക്കും. അസൂയ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാതിരിക്കാന്‍ നാം പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
1) അസൂയ ആളിക്കത്തുന്ന മനോഭാവം.
'അവന്‍ നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ?'
(യാക്കോബ് 4:5)
ഗലാത്യര്‍ അഞ്ചിന്‍റെ ഇരുപത്തിയാറില്‍ അപ്പൊസ്ത ലനായ  പൌലോസ് രേഖപ്പെടുത്തിയിരിക്കുന്നത്
'നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികള്‍ ആകരുതു.'
(ഗലാത്യര്‍ 5:26). അന്യോന്യം വെല്ലുവിളിക്കാന്‍ പ്രേരിപ്പിക്കുന്ന മത്സര മനോഭാവം നമ്മുടെ ഉള്ളിലുള്ള അസൂയയെ ഊട്ടിവളര്‍ത്തും. ദൈവവചനത്തില്‍ പല മുന്നറിയിപ്പുകള്‍ കാണാനാകും. പൌലോസ് അപ്പൊസ്തലന്‍ 1 കൊരിന്ത്യര്‍ 10ന്‍റെ 11,12 വാക്യങ്ങളില്‍ മുന്നറിയിപ്പുകളെ ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞിരിക്കുന്നത് ലോകാവസാനം വന്ന് എത്തിയിരിക്കുന്ന നമ്മുക്ക് ബുദ്ധി ഉപദേശത്തിനായി എഴുതിയിരിക്കുന്നു
ആകയാല്‍ താന്‍ നില്‍ക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ. ഉദാഹരണത്തിന് കായീന്‍ ഹാബേലിനെ കൊന്നത് അസൂയയും പകയും നിറഞ്ഞതുമൂലം ആയിരുന്നു. 
1 യോഹന്നാന്‍ 3:12ല്‍ പറഞ്ഞിരിക്കുന്നത് കായീന്‍ ദുഷ്ടനില്‍ നിന്നും ഉള്ളവനാണ് എന്നാണ്
യോസേഫിന്‍റെ ചരിത്രവും ഇതില്‍ നിന്നും വ്യത്യസ്തമല്ല. യോസേഫിനെ യാക്കോബിന് കൂടുതല്‍ ഇഷ്ടം തോന്നിയതിനാല്‍ സഹോദരന്മാര്‍ക്ക് യോസഫിനോട് അസൂയ തോന്നി അടിമയായി വിറ്റ ചരിത്രം ദൈവവചനത്തിലൂടെ ഗ്രഹിക്കാവുന്നതാണ്
കോരഹ്,ദാഥാന്‍ അബീരാം എന്നിവരും അസൂയ പൂണ്ട് മോശെയോടും, അഹരോനോടും മത്സരികളായി മാറിയ സംഭവം ദൈവവചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇയ്യോബിന്‍റെ പുസ്തകം 5 ന്‍റെ 2ല്‍ പറഞ്ഞിരിക്കുന്നത് 'നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു'.
രാഷ്ട്രീയത്തിലായാലും ആത്മീകത്തിലാ യാലും പൈശാചിക തിന്മയായ അസൂയ ഏഴു മൂല പാപങ്ങളില്‍ പെട്ടതാണ്.
ദൈവജനങ്ങളുടെ ഇടയില്‍ ഐക്യതപ്പെട്ട് ജീവിക്കാന്‍ അസൂയ അനുവദിക്കുകയില്ല. ഒരുവന്‍ നല്ലതുപോലെ പാടുന്നവന്‍ ആയിരിക്കാം അപ്പോള്‍ ശൗലില്‍  കയറിയ അസൂയയും കണ്ണുകടിയും ആരംഭിക്കും. ഒരാള്‍ നല്ലതുപോലെ പ്രസംഗിക്കുന്നവന്‍ ആയിരിക്കാം അതല്ല എങ്കില്‍ മറ്റു കൃപാവരങ്ങള്‍ ഉള്ളവര്‍ ആയിരിക്കാം അങ്ങനെയുള്ളവര്‍ പ്രസംഗിക്കുമ്പോഴോ മറ്റ് ശുശ്രൂഷകള്‍ നടത്തുമ്പോഴോ അവര്‍ക്ക് പ്രോത്സാഹനമായി ഒരു ഹല്ലേലുയ്യായോ സ്തോത്രമോ ഒന്നും പറയാതെ മയില്‍ കുറ്റികള്‍ പോലെ സ്റ്റേജ് നിറഞ്ഞിരിക്കുന്ന പാസ്റ്റര്‍മാരെ നമുക്ക് കാണുവാന്‍ സാധിക്കും.കാരണം അസൂയ. അങ്ങനെയുള്ളവര്‍ ധാരാളമായി ഉണ്ട്. പ്രസിദ്ധനായ ഒരു പാസ്റ്റര്‍ ഉണ്ട് ഞാന്‍ ദൈവദാസന്‍ എന്ന സംബോധന ചെയ്യാത്തത് ദൈവത്തിന്‍റെ ദാസന്മാരില്‍ അസൂയ ഉണ്ടാകാന്‍ പാടില്ല. അദ്ദേഹം ആര് പ്രസംഗിച്ചാലും സ്റ്റേജില്‍ ഇരുന്ന് പ്രസംഗങ്ങള്‍ ശ്രദ്ധിക്കാതെ വെറുതെ ബൈബിള്‍ മറിച്ചു കൊണ്ടിരിക്കും. എന്നാല്‍ അദ്ദേഹം പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ എല്ലാവരും ഉഷാറായിരിക്കണം,എന്ത് സംഭവിച്ചു ആത്മീയ ശോഷണം സംഭവിച്ച ഇദ്ദേഹം രാഷ്ട്രീയത്തിന് മുന്‍തൂക്കം കൊടുത്ത് ജനത്തെ വിരളി പിടിപ്പിച്ചിരിക്കുകയാണ്. അസൂയയുടെ മൂര്‍ത്തി  ഭാവമായി മാറിയത് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. മറ്റൊരാള്‍ നല്ല ശുശ്രൂഷ ചെയ്യുമ്പോള്‍ തന്നെക്കാള്‍ ജനങ്ങള്‍ ആ വ്യക്തിയെ സ്വീകാര്യമെങ്കില്‍ മറ്റു മാര്‍ഗ്ഗം ഒന്നുമില്ലാതെ ആ വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തി ആത്മീക മണ്ഡലത്തില്‍ നിന്ന് അകറ്റി കളയുവാന്‍ അസൂയക്കാര്‍ക്ക് സാധിക്കുന്നത് നമ്മുടെ കണ്‍മുമ്പില്‍ കാണുന്ന കാഴ്ചകളാണ്.ഒരുവന്‍ അല്ലെങ്കില്‍ ഒരുവള്‍ നല്ലതുപോലെ പാടുമ്പോള്‍ പ്രസംഗിക്കുമ്പോള്‍ നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കുമ്പോള്‍ അസൂയപ്പെട്ടിട്ട് കാര്യം ഇല്ല. ഒരു കുടുംബത്തില്‍ തന്നെയെങ്കിലും നല്ല മാര്‍ക്ക് വാങ്ങി പാസാകുമ്പോള്‍ സ്വന്തം സഹോദരങ്ങള്‍ക്ക് വരെ അസൂയ തോന്നും. 
ഇത് വല്ലാത്ത ഒരു വിഷം തന്നെയാണ്. ഉ.ഘ. മൂഡി പറഞ്ഞ ഒരു കഥയാണ്. 
ഒരിക്കല്‍ ഒരു കഴുകന്‍ ഉയരത്തില്‍ പറക്കുന്നത് കണ്ടിട്ട് മറ്റൊരു കഴുകന് അതിനോട്  അസൂയ തോന്നി. ഒരു ദിവസം വേട്ടക്കാരന്‍ അമ്പും വില്ലുമായി വരുന്നത് കണ്ടിട്ട് അസൂയ തോന്നിയ കഴുകന്‍ പറഞ്ഞു. അതാ എന്നെക്കാള്‍ ഉയരത്തില്‍ പറക്കുന്ന കഴുകന്‍ ഉണ്ടല്ലോ അതിനെ അമ്പ് എയ്യ്തു താഴെ ഇടാമോ. വേട്ടക്കാരന്‍ പറഞ്ഞു ഞാന്‍ ചെയ്യാം പക്ഷേ എനിക്ക് നിന്‍റെ ഒരു തൂവല്‍ ആവശ്യമാണ് എന്‍റെ അമ്പ് അവിടെ വരെ ചെല്ലാന്‍ തൂവല്‍ ആവശ്യമാണ് അസൂയ പൂണ്ട കഴുകന്‍ തൂവല്‍ പറിച്ചു കൊടുത്തു. അമ്പ് ഏയ്തൂ എങ്കിലുംഅവിടെ ഉയരത്തില്‍ എത്തിയില്ല വീണ്ടും തൂവലുകള്‍ പറിച്ചു കൊടുത്തു അങ്ങനെ അസൂയതോന്നിയ കഴുകന്‍റെ തൂവലുകള്‍ എല്ലാം തീര്‍ന്നു അതിനു പറക്കാന്‍ പറ്റാതെയായി അവസാനം വേട്ടക്കാരന്‍ അസൂയ പൂണ്ട കഴുകനെ എ യ്തു താഴെ ഇട്ടു. പ്രിയരേ നിങ്ങള്‍ അസൂയ ഉള്ളവര്‍ എങ്കില്‍ ഏറ്റവും ദോഷം ചെയ്യുന്നത് നിങ്ങള്‍ക്ക് തന്നെയാണ് ഇതിനെ ജയിക്കാനുള്ള ഏകമാര്‍ഗ്ഗം തിന്മ ചെയ്യുന്നവനെ നിങ്ങള്‍ നന്മ കൊണ്ട് ജയിക്കുക.  അസൂയയുടെ അമ്പ് നിങ്ങള്‍ മറ്റുള്ളവരുടെ മേല്‍ എയ്യുന്ന പക്ഷം അതിന്‍റെ മുറിവ് നിങ്ങള്‍ക്ക് തന്നെയാണ്.
പ്രകൃതിയെ നോക്കി നമുക്ക് നല്ലത് പഠിക്കുകയും നല്ലത് തെരഞ്ഞെടുക്കുകയും ചെയ്യാം. വൃക്ഷങ്ങള്‍ ഫലം സ്വയം ആസ്വദിക്കാതെ മറ്റുള്ളവര്‍ക്ക് നല്‍കുന്നു. നദികള്‍ വെള്ളം സ്വയം സ്വീകരിക്കാതെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. പശുക്കള്‍ പാല്‍ സ്വയം കുടിക്കാതെ മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തുന്നു. ഇതുപോലെ മനുഷ്യന്‍ അസൂയയും കണ്ണുകടിയും ഇല്ലാതെ മറ്റു മനുഷ്യര്‍ക്ക് പ്രയോജനപ്പെടുന്നവര്‍ ആയി തീര്‍ന്നാല്‍ എത്ര നന്നായിരുന്നു
മനുഷ്യന്‍ ഇതിനുവേണ്ടി പരിശ്രമിക്കണം പരിശ്രമിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ സുഗ മമായി നടക്കുകയുള്ളൂ. ഉറങ്ങുന്ന സിംഹത്തിന്‍റെ വായില്‍ മറ്റു മൃഗങ്ങള്‍ സ്വയം വന്ന് കയറാറില്ല നല്ല സൗന്ദര്യവും ഉന്നതകുലത്തില്‍ ജനിച്ചവര്‍ ആയാലും വിദ്യ യോഗ്യതയോ അറിയോ ഇല്ലെങ്കില്‍ മണമില്ലാത്ത പ്ലാസ്റ്റിക് പൂ പോലെയാണ്. ആകയാല്‍ എല്ലാ അസൂയയും നുണയും എല്ലാ അകറ്റി നന്മ ചെയ്തു ജീവിക്കാന്‍ ശ്രമിക്കാം. സാത്താന്‍ അനേകരെ വീഴിച്ചു കൊണ്ടിരിക്കുന്ന ഈ നാളുകളില്‍ അസൂയയെ കീഴ്പ്പെടുത്തി ദേശത്ത് പാര്‍ത്തു നന്മ ചെയ്തും വിശ്വസ്തത പാലിച്ചും ദൈവത്തിന്‍റെ ആത്മാവിനാല്‍ നടത്തപ്പെടുന്നവരുമായി തീരുവാന്‍ സര്‍വ്വശക്തന്‍ ഏവര്‍ക്കും കൃപചെയ്യട്ടെ ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

 പാസ്റ്റര്‍  പി.പി.കുര്യന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.