ഞങ്ങളുടെ നാട്ടിൽ നിന്നും ബന്ധത്തിൽ നിന്നും ആദ്യമായി അമേരിക്കയിൽ സ്കോളർഷിപ്പു വാങ്ങി ഉപരിപഠനത്തിന് പോയി അവിടെ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി ച്ചു ഡി എടുത്തു ലൂസിയാനാ സർവ്വകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു ഡോ എഴംകുളം സാംകുട്ടി എന്ന പേരിൽ എഴുതിയിരുന്നയാൾ.
അദ്ദേഹത്തിന്റെ ഉപരിപഠന ഗവേഷണ കാലത്തു എഴുതിയ ശാസ്ത്രവും ബൈബിളും എന്ന പുസ്തകം വായിച്ചു സ്കൂൾ പഠന കാലത്തു ആദ്യമായി ചെയ്ത ഒരു ബുക്ക് റിവ്യൂ ഓർമ്മകൾ ഉണ്ട്. അന്ന് ഗലിലിയോയെ എന്ത് കൊണ്ട് കത്തോലിക്കാ സഭ ജയിലിൽ അടച്ചു എന്നതിനെകുറിച്ചൊക്കെ എഴുതി. പിന്നീട് ഞാൻ ശാസ്ത്രം പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു ഈ പുസ്തകത്തിന്റെ വിമർശന പ്രഭാഷണവും നടത്തി.

പ്രൊഫ.ഡോ.എഴംകുളം സാംകുട്ടി
പക്ഷെ സാംകുട്ടിച്ചായൻ എന്നെ പോലെ ഗ്രാമങ്ങളിലെ സാധാരണ സർക്കാർ സ്കൂളിൽ പഠിച്ചവർക്ക് ഒരു ഇൻസ്പ്രേഷൻ ആയിരുന്നു. കുഗ്രമത്തിൽ മലയാളം മീഡിയം സ്കൂളിൽ പഠിച്ചു അടുത്തുള്ള പത്തനംതിട്ട കോളേജിൽ ഡിഗ്രി കഴിഞ്ഞു ആ കാലത്തു 1970 കളുടെ ആദ്യം സ്കോളർഷിപ്പു വാങ്ങി അമേരിക്കയിൽ പോയി പഠിച്ചു പി ച് ഡി എടുത്തു അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുക എന്നത് അത്ഭുതം ആയിരുന്നു. അന്ന് ചെറുപ്പത്തിൽ ഒരിക്കൽ ഞാനും അങ്ങനെ പോകും എന്നു കരുതി. ഒരു അവസരം വന്നപ്പോൾ പോയില്ല. പക്ഷെ പിന്നെ എനിക്കും ഫെല്ലോഷിപ്പോടെ അമേരിക്കയിൽ പോയി പബ്ലിക് പോളിസിയും പോളിസി അഡ്വകസിയും പഠിക്കാൻ അവസരം കിട്ടി. പിന്നീട് യു എൻ കാലത്തും ന്യൂയോർക്കിൽ ഉണ്ടായിരുന്നു. പക്ഷെ അമേരിക്കയിൽ ജീവിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തിരികെ പൊന്നു.
അമേരിക്കയിൽ പഠിക്കാൻ പോയ സാംകുട്ടിച്ചാൻ തിരിച്ചു വന്നില്ല. വല്ലപ്പോഴും നാട്ടിൽ വന്നപ്പോൾ ഒരിക്കൽ കണ്ടു. പ്രഭാഷണം കേട്ടു. അദ്ദേഹം മലയാളത്തിലും ഇഗ്ളീഷിലും എഴുതുമായിരുന്നു.
അദ്ദേഹം 76 വയസ്സിൽ പോയെന്ന് അറിഞ്ഞപ്പോൾ ബാല്യകാലം മുതലുള്ള ഓർമ്മകളും സ്വാധീനവുമോർത്തു.
അദ്ദേഹത്തിന്റെ വിയോഗവാർത്തയിൽ ആദരാഞ്ജലികൾ

ജെ.എസ്.അടൂർ

