കോൺഗ്രസിന്റെ നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം എംഎൽഎ മാരുടെ പിന്തുണ കെ സി വേണുഗോപാലിന് ആയിരുന്നുവെന്ന് ഇന്നലെ ദീപ ദാസ് മുൻഷി പരസ്യമായി തന്നെ വെളിപ്പെടുത്തിയിരുന്നു. സാധാരണ കോൺഗ്രസ് ഹൈകമാൻഡ് MLA മാരുടെ ഭൂരിപക്ഷ അഭിപ്രായത്തോട് ഒപ്പമാണ് നിൽക്കാറ് . എന്നാൽ കെ സി കൈവിട്ട് എന്ത് കൊണ്ടാണ് കോൺഗ്രസ് ഹൈകമാൻഡ് വി.ഡി ക്ക് ഒപ്പം നിന്നത്. പ്രധാനപ്പെട്ട AICC ബീറ്റ് കവർ ചെയ്യുന്ന നാല് ദിനപത്രങ്ങളിലെ റിപ്പോർട്ടർമാർ അതിനുള്ള കാരണം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
സുബോധ് ഗിൽദിയാൽ (ടൈംസ് ഓഫ് ഇന്ത്യ)
യു.ഡി.എഫ് ഘടകകക്ഷികൾ പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ ശക്തമായ സ്വാധീനമാണ് വി.ഡി. സതീശന് അനുകൂലമായ തീരുമാനത്തെ സ്വാധീനിച്ച പ്രധാന ഘടകം. സതീശനെ ഒതുക്കിയാൽ വയനാട് ഉൾപ്പടെയുള്ള മലബാർ മേഖലയിൽ രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് മുസ്ലിം ലീഗ് നൽകി. ഈ മുന്നറിയിപ്പ് കോൺഗ്രസ് നേതൃത്വം ഗൗരവ്വമായി എടുത്തു. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ എന്നീ നേതാക്കൾ വി ഡി സതീശനെ പിന്തുണച്ചു. ആരെയും നേരിട്ട് പിന്തുണച്ചില്ലെങ്കിലും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം എ കെ ആന്റണി നേതൃത്വത്തെ അറിയിച്ചു. ഇതും തീരുമാനത്തെ സ്വാധീനിച്ചു.
ഇക്കണോമിക് ടൈംസ് (ലേഖകന്റെ പേരില്ല)
നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം ഇല്ലാത്ത ഒരു നേതാവിനെ മുഖ്യമന്ത്രിയായി AICC പ്രഖ്യാപിക്കുന്നത് അപൂർവ്വമായാണെന്നാണ് ഇക്കണോമിക് ടൈംസ് പറയുന്നത്. ജനവികാരം മാനിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത് എന്നാണ് AICC വൃത്തങ്ങളെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. NSS, SNDP നേതൃത്വങ്ങളുമായുള്ള അഭിപ്രായ ഭിന്നത, മുസ്ലിം ലീഗുമായുള്ള ബന്ധം ശക്തമാക്കൽ, ജമാഅത്തെ ഇസ്‌ലാമിയുടെ കോൺഗ്രസ് പിന്തുണയെ ശക്തമായി ന്യായീകരിക്കൽ തുടങ്ങിയവ പാർട്ടിയിൽ വി.ഡി. യുടെ സ്ഥാനം ശക്തമാക്കി എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട്
ദി ഇന്ത്യൻ എക്സ്പ്രസ് ( മനോജ് സി ജി , ഷാജു ഫിലിപ്പ്)
കോൺഗ്രസിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തിൽ അഭൂതപൂർവമായ തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ആഴ്ച മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിലിറങ്ങാൻ വേണുഗോപാലിനെ അനുവദിക്കുന്നത് മുതൽ സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത് വരെ, നടന്ന സംഭവങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തിൽ അഭൂതപൂർവ്വമെന്നാണ് എക്സ്പ്രസ്സ് റിപ്പോർട്ട്. എം.എൽ.എമാരുടെ അഭിപ്രായങ്ങൾക്ക് മുൻഗണന നൽകുന്ന ദീർഘകാല കീഴ്വഴക്കം ലംഘിക്കൽ, സി.എൽ.പി നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ സഖ്യകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങൽ, പൊതുജനവികാരം കണക്കിലെടുക്കൽ തുടങ്ങി ഹൈക്കമാൻഡ് മുമ്പ് നേരിട്ടിട്ടില്ലാത്ത നിരവധി വഴിത്തിരിവുകൾ ഈ രാഷ്ട്രീയ നീക്കങ്ങൾക്കിടെ ഉണ്ടായി എന്നാണ് എക്സ്പ്രസ് പറയുന്നത്. ദി ഇന്ത്യൻ എക്സ്പ്രസിന്റെ E- എഡിഷനിൽ ഈ സ്റ്റോറിയിൽ 'The IUML factor' എന്ന ഒരു ഭാഗം ഉണ്ടെങ്കിലും അത് പത്രത്തിലെ സ്റ്റോറിയിൽ കണ്ടില്ല.
ദി ഇന്ത്യൻ എക്സ്പ്രസിലെ ഇന്നത്തെ മുഖപ്രസംഗവും വായിക്കേണ്ടതാണ്. പാർട്ടിക്കുള്ളിൽ തന്റെ അധികാരം ശക്തിപ്പെടുത്തൽ, കൂടുതൽ കൂടുതൽ ഉറച്ച നിലപാട് സ്വീകരിക്കുന്ന മുസ്ലീം ലീഗിന്റെ ആവശ്യങ്ങൾ കൈകാര്യം ചെയ്യൽ, ലീഗുമായും ജമാഅത്തെ ഇസ്ലാമിയുമായും ഉള്ള അടുപ്പത്തിന്റെ പേരിൽ ഉണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കൽ എന്നീ വെല്ലുവിളികളാണ് വി ഡി സതീശൻ നേരിടാൻ പോകുന്നത് എന്നാണ് എഡിറ്റോറിയലിൽ പറഞ്ഞിരിക്കുന്നത്.
ഹിന്ദുസ്ഥാൻ ടൈംസ് ( സൗഭദ്ര ചാറ്റർജി)
കെ സി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ രണ്ട് ഉപതെരെഞ്ഞെടുപ്പുകൾ ഉണ്ടാകും. ഇതിൽ രണ്ടിലും വിജയിക്കാമെന്ന ഉറപ്പ് വേണുഗോപാൽ ഹൈക്കമാൻഡിന് നൽകി. എന്നാൽ സതീശനും, അദ്ദേഹത്തിന്റെ അനുയായികളും വിജയം അട്ടിമറിക്കാനുള്ള സാധ്യത ഹൈക്കമാൻഡ് പൂർണ്ണമായും തള്ളി കളഞ്ഞില്ല. 22 MLA മാരുള്ള മുസ്ലിം ലീഗിന്റെ പിന്തുണ സതീശന് അനുകൂലമായി എന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഹിന്ദുസ്ഥാൻ ടൈംസ് മുഖ പ്രസംഗവും സതീശന്റെ മുഖ്യമന്ത്രി പദവിയെ കുറിച്ചാണ്. ജനങ്ങളിൽ നിന്ന് ഉണ്ടായ സമ്മർദ്ദത്തിന് കീഴ്‌പെട്ട് സതീശനെ തെരെഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് നടപടിയെ
ജനാധിപത്യത്തിന്റെ ചെറിയ വിജയം എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് വിശേഷിപ്പിച്ചിരിക്കുന്നത്.
============
കടപ്പാട്
ബാലഗോപാൽ ബി നായർ
Special Correspondent
Mathrubhumi News

