PRAVASI

ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ

Blog Image

അമേരിക്കയിൽ ഞങ്ങൾ താമസിക്കുന്ന ബോസ്റ്റണും ഇന്ത്യയും തമ്മിലുള്ള സമയവ്യത്യാസം പത്തര മണിക്കൂറാണ്. അതായത് ഇവിടെ രാത്രി പത്തര മണി ആകുമ്പോൾ നാട്ടിൽ സമയം രാവിലെ 8 മണി. എല്ലാ ദിവസവും ഏതാണ്ട് ഈ നേരത്താണ് അമ്മയുടെ ഫോൺകോൾ  എന്നെ തേടിയെത്തുന്നത്. പരസഹായമില്ലാതെ ഇപ്പോൾ കാര്യങ്ങൾ ചെയ്യാൻ പ്രയാസമുള്ള അമ്മയെ ഈയിടെ എത്ര ശ്രമിച്ചാലും, രാത്രിയിൽ ഉറക്കം കടാക്ഷിക്കുന്നത് വെറും മുന്നോ നാലോ മണിക്കൂറുകൾ മാത്രമാണ്. അതിനാൽ തന്നെ പ്രഭാതകർമ്മങ്ങൾ ഒക്കെ കഴിഞ്ഞ് രാവിലത്തെ ചായ കുടിക്കുമ്പോൾ ഏകദേശം ആ സമയം ആയിട്ടുണ്ടാവും. പറഞ്ഞു വന്നത് മറ്റൊന്നുമല്ല. ഇത്ര അനാരോഗ്യത്തിലും അമ്മ ആദ്യം ഓർക്കുന്നതും വിളിക്കുന്നതും എന്നെയോ എന്റെ ഒരേയൊരു അനിയത്തിയെയോ തന്നെയായിരിക്കും. രാത്രിയിൽ  മീരയെ settle ആക്കാനും കിടത്താനും ഉള്ള തിരക്കിൽ പലപ്പോഴും എനിക്കാ call എടുക്കാൻ കഴിയാറില്ല. എന്നാലും ഒരു പരിഭവവുമില്ലാതെ ആ കോളുകൾ കൃത്യസമയത്ത് എന്നെ തേടിയെത്തും, സംസാരിക്കാൻ ഏതെങ്കിലും ഒരു ദിവസം വൈകിയാൽ, എത്ര ദിവസമായി ശബ്ദം കേട്ടിട്ടെന്ന് വേവലാതിപ്പെടുന്ന, മിക്ക ദിവസവും ഒരു മണിക്കൂറോളം സംസാരിച്ചാലും ഫോൺ വെയ്ക്കാൻ നേരവും പറഞ്ഞു തീരാതെ, പുതിയ പുതിയ വിശേഷങ്ങളുടെയും കഥകളുടെയും മന്ത്രച്ചെപ്പ് തുറക്കുന്ന എന്റെ അമ്മ. വിശന്നു വരുന്നവർക്കായ് എന്നും അരനഴിയരിയുടെ ചോറെങ്കിലും എന്നും കരുതി വെയ്ക്കുന്ന, അയല്പക്കത്തെ പൂച്ചയ്ക്കും പട്ടിയ്ക്കും പോലും മീൻ വാങ്ങി അവർക്കായ് പ്രത്യേകം തയ്യാറാക്കുന്ന, ആരോ ഇടവഴിയിൽ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞിനെ പട്ടി കടിച്ചുകൊല്ലുമോ എന്നോർത്ത് എനിക്കൊപ്പം ഉറങ്ങാതിരുന്ന, പിന്നെ അതിനെ വീട്ടിൽ കൊണ്ടുവന്ന് സ്നേഹിച്ചു വളർത്തവേ ഒരു ദിവസം നിർഭാഗ്യവശാൽ അതിനെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്ന നിസ്സഹായതയിൽ  എനിക്കൊപ്പം ദിവസങ്ങളോളം നെഞ്ചു  പൊട്ടിക്കരഞ്ഞ, ആരോഗ്യം നശിക്കുന്നതിന്റെ പേരിൽ ഒന്നിനെയും, ആരെയും തള്ളിക്കളയാൻ പാടില്ല എന്ന് പ്രവൃത്തിയിലൂടെ പഠിപ്പിച്ച, എന്റെ അമ്മ.  അന്നും ഇന്നും കഥകൾ പറയാൻ ഒരുപാടിഷ്ടമുള്ള ആ അമ്മയോട് ചേർന്നിരുന്ന്, കഥകൾ ആസ്വദിക്കുന്ന മകളാണ് ഞാൻ. മാമ്പഴക്കാലമായാൽ മുറ്റം നിറയെ പൊഴിഞ്ഞു വീഴുന്ന മാങ്ങകളുടെ വിശേഷം ആകും അമ്മയ്ക്ക് പറയാൻ ഉണ്ടാവുക. എന്നാൽ  ആ വിശേഷങ്ങളുടെ എല്ലാം അവസാനം മാമ്പഴം പോലെ മധുരമുള്ള ഒരു സ്നേഹവിശേഷം അമ്മ ഒളിച്ചു വെച്ചിട്ടുണ്ടാവും, അടുത്ത അവധിക്കെത്തുമ്പോൾ മാമ്പഴ പുളിശ്ശേരിയായും കണ്ണിമാങ്ങ അച്ചാർ ആയുമൊക്കെ എന്റെ രസമുകുളങ്ങളെ കോരിത്തരിപ്പിക്കാൻ അമ്മ ഫ്രീസറിൽ വെച്ചും അല്ലാതെയും കാത്തു വെച്ചിരിക്കുന്ന മാങ്ങകളുടെ വിശേഷം.  

  ചെറുപ്പത്തിൽ അച്ഛൻ ജോലിസ്ഥലത്തായിരുന്ന സമയത്ത് കുട്ടികളായ ഞങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്കൂളിലെയും വർഷം തോറുമുള്ള യുവജനോത്സവങ്ങൾ പോലുള്ള കലാപരിപാടികളുടെയുമൊക്കെ കാര്യങ്ങൾ മുതൽ അഴിച്ചു പണിതു കൊണ്ടിരുന്ന ഞങ്ങളുടെ വീട് പണിയുടെ വരെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഭംഗിയായി ഒറ്റയ്ക്ക് നടത്തുകയും ചെയ്ത മിടുക്കിയായ എന്റെ അമ്മയിൽ നിന്ന് ഇന്ന് അച്ഛന്റെ നിഴലില്ലാതെ ഒരു ആശുപത്രിയിൽ പോലും പോകാൻ മടിക്കുന്ന, ഒരു ചെറിയ സങ്കടം പോലും സഹിക്കാൻ മനസ്സിനു കട്ടിയില്ലാത്ത സാധുവായ എന്റെ അമ്മയിലേക്കുള്ള ദൂരം കൂടുതലാണ്.  എങ്കിലും ബന്ധങ്ങൾ സൂക്ഷിക്കാൻ ആർക്കും സമയം തികയാതെ വരുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, എഴുപത്തിയാറാം വയസ്സിലും സുഹൃത്ത്ബന്ധങ്ങൾ സൂക്ഷിക്കാൻ അമ്മ എടുക്കുന്ന മുൻകൈ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എല്ലാം തുറന്നു പറയാനും, മറയില്ലാതെ മനസ്സ് തുറക്കാനും മറ്റുള്ളവരെ കേൾക്കാനും അമ്മ കാണിക്കുന്ന ജാഗ്രത തന്നെയാവാം ഈ പ്രായത്തിലും അമ്മയുടെ ദിവസങ്ങൾക്ക് നിറം കൊടുക്കുന്നത്. 

 എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാൻ ഞാൻ പഠിച്ചത് അമ്മയിൽ നിന്നാണ്. എത്ര വയ്യാതെ ഇരുന്നാലും വന്നണയുന്ന ഓരോ വിശേഷദിവസങ്ങളെയും അത്യധികം ആവേശത്തോടെ വരവേൽക്കാൻ പഠിച്ചതും അമ്മയിൽ നിന്ന് തന്നെ. അമ്മ തന്ന രുചികൾ, അമ്മ തന്ന ശീലങ്ങൾ, അമ്മ ചൊല്ലിപഠിപ്പിച്ച കീർത്തനങ്ങൾ, വർഷങ്ങൾക്കിപ്പുറവും രണ്ട് ദേശത്തായിരിക്കുമ്പോഴും എന്നെ ഞാനായ് ജീവിക്കാൻ സഹായിക്കുന്നത് എന്നും അതൊക്കെ തന്നെയാണ്.  

 

വിവാഹം കഴിഞ്ഞ നാൾ മുതൽ മറ്റൊരമ്മ കൂടി ജീവിതത്തിലേക്ക് വന്നിട്ടുണ്ട്. ഒരാളെ പോലും വേദനിപ്പിക്കാൻ കഴിയാത്ത, ഭർത്താവിനും മക്കൾക്കും അപ്പുറം ഒരു ലോകവും സ്വപ്നത്തിൽ പോലും കാണാത്ത പൊന്നു പോലെ മനസ്സുള്ള ഒരമ്മ. എന്റെ അമ്മയെപ്പോലെതന്നെ, എന്റെ എല്ലാ സന്തോഷങ്ങളിലും എനിക്കൊപ്പം ചിരിക്കുന്ന, എല്ലാ സങ്കടങ്ങളിലും എനിക്കൊപ്പം വേദനിക്കുന്ന എന്റെ പ്രിയപ്പെട്ട അമ്മ.  ഓരോ അവധിക്കാലവും സ്നേഹം കൊണ്ട് പൊതിഞ്ഞു വെച്ച്,  സ്വന്തം ആരോഗ്യം പോലും വകവെയ്ക്കാതെ ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരാനും അവധി കഴിഞ്ഞു പോരുമ്പോൾ, അമ്മയ്ക്ക് മാത്രം സാധിക്കുന്ന കൈപ്പുണ്യത്താൽ,  രുചിയുടെ കടലായ  അച്ചാറുകളും ഉപ്പേരികളും പൊതികളിൽ നിറച്ച് തന്നു വിടാനും ഉത്സാഹത്തോടെ ഓടി നടക്കുന്ന അമ്മ. ആരിൽ നിന്നും തിരികെ ഒന്നും പ്രതീക്ഷിക്കാതെ, കൂടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സാധ്വിയായ ഒരമ്മ.  ജീവിതവീഥിയിൽ കൂട്ടായിരുന്ന അച്ഛന്റെ മരണം ഏൽപ്പിച്ച ആഘാതത്തിലും, ചുറ്റുമുള്ളവരെ ഒരുതരത്തിലും വേദനിപ്പിക്കാതിരിക്കാൻ വേണ്ടി, വേദനയുടെ ഒരു തീമഴ ഉള്ളിൽ പെയ്യുമ്പോഴും, ഒരു  തുള്ളി പോലും തുളുമ്പാതെ, ചിരിയുടെ മുഖംമൂടി മുഖത്തണിയുന്ന കരുത്തയായ അമ്മ.  26 വർഷങ്ങൾക്ക് ശേഷവും മനസ്സ് നിറഞ്ഞു തന്നെ പറയുന്നു, ഇങ്ങനെ ഒരു അമ്മായി അമ്മയെ അല്ല അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം. ജീവിതത്തിലെ സ്നേഹമായി തീർന്ന എല്ലാ ഭാഗ്യങ്ങൾക്കും ഒപ്പം ഏറ്റവും മുകളിലായി ഞാൻ ഈ അമ്മയെ ചേർത്തു വെയ്ക്കുന്നു. 

 

സത്യത്തിൽ ഒരമ്മ ആവുമ്പോൾ മാത്രമേ അമ്മ എന്ന വാക്കിന്റെ ആഴം പൂർണമായ് നമുക്ക് മനസ്സിലാവുകയുള്ളൂ. അപ്പോൾ മാത്രമേ മക്കളെ ഒന്ന് കാണാതിരിക്കുമ്പോഴും ഒരു ദിവസം ശബ്ദം കേൾക്കാതിരിക്കുമ്പോഴും പിടയുന്ന അമ്മമനസ്സിന്റെ നീറ്റൽ നാം അറിയുകയുള്ളൂ. പ്രായം കൂടുന്തോറും അമ്മമാരുടെ പല ശീലങ്ങളും കടം കൊണ്ട്,  മുന്നിൽ നടന്ന അവരുടെ കാല്പാടുകളിൽ പാദം ചേർത്തു വെച്ചാണ് നമ്മൾ  നടക്കാൻ ശ്രമിക്കുന്നത്. സ്നേഹം കൊണ്ട് തെളിഞ്ഞു കത്തുന്ന വിളക്കുകൾ പോലെ, വഴിതെറ്റാതെ അവർ  നമ്മെ എന്നും കാത്തു സൂക്ഷിക്കുന്നു. തളർന്നു വീണു പോകുമോ എന്നു ഞാൻ സംശയിക്കുന്ന ഓരോ സമയത്തും ദൂരെ ഇരുന്ന്  സ്നേഹം കൊണ്ട് ചേർത്തു പിടിക്കുന്ന, കണ്ണും മനസ്സും നീറുമ്പോൾ അകലെയിരുന്നും ആ നീറ്റൽ ഏറ്റ് പൊള്ളുന്ന എന്റെ പ്രിയപ്പെട്ട രണ്ടമ്മമാർക്കും  ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ. 

 

അമ്മ എന്നാൽ ദൈവം എന്ന് പറയാതെ പറയുന്ന ഈ അമ്മമാരുടെ ഒപ്പം വേറെയും ഒരുപാടു അമ്മമാരെ ഈ മാതൃദിനത്തിൽ ഓർക്കേണ്ടതുണ്ട്. രാജ്യത്തിന് വേണ്ടി സ്വന്തം മക്കളെ ബലി നൽകേണ്ടി വന്ന അമ്മമാർ മുതൽ മറ്റൊരു പെണ്ണിന് അമ്മയാകാൻ വേണ്ടി സ്വന്തം ഗർഭപാത്രം തന്നെ കടം കൊടുക്കുന്ന അമ്മമാർ വരെ, ഏതു കഷ്ടപ്പാട് സഹിച്ചും മക്കളെ ജീവിതം എന്ന പാലത്തിലൂടെ സൂക്ഷ്‌മമായി കൈ പിടിച്ചു നടത്തുന്ന അമ്മമാർ മുതൽ ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സ്വന്തം നെഞ്ചോട് ചേർത്തു വളർത്തുന്നവർ വരെ, എത്രയെത്ര അമ്മമാർ . രോഗം കൊണ്ടും വൈകല്യം കൊണ്ടും പിടയുന്ന മക്കളെ ഹൃദയത്തിന്റെ തൊട്ടിലിൽ കണ്ണീരോടെ താരാട്ടു പാടി ഉറക്കി ഉറക്കം നഷ്ടപ്പെട്ടവർ, കണ്ണിലെ സ്വപ്നത്തിളക്കം നശിച്ചു പോകുമ്പോഴും പ്രതീക്ഷയുടെ മിന്നാമിനുങ്ങുകളെ കുഞ്ഞുങ്ങൾക്ക് കാട്ടി അവരെ കഥ പറഞ്ഞുറക്കുന്നവർ, അതിലുമുപരിയായ്  സ്വയം തളരുമ്പോഴും ചുറ്റും തളർന്നു വീഴുന്ന ഒരുപാട്  അമ്മമാർക്ക്  താങ്ങും തണലുമായ് തീരുന്ന അമ്മമാർ.. സ്നേഹത്തോടെ, ആദരവോടെ നമിക്കുന്നു, ഓരോ അമ്മയെയും, അമ്മ എന്ന വാക്കിലെ നിത്യമായ സത്യത്തെയും..

HAPPY MOTHER"S DAY TO ALL WONDERFUL MOMS OUT THERE  


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.