PRAVASI

മന്ത്രിസ്ഥാനം വീതംവയ്പ്പിൽ മുന്നണിക്ക് തലവേദന

Blog Image

മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതോടെ ഇനി രാഷ്ട്രീയ ചർച്ചകൾ മന്ത്രിസഭാ രൂപീകരണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മന്ത്രിസ്ഥാനം വീതംവയ്പ്പിലാണ് മുന്നണിക്കുള്ളിലെ അടുത്ത വലിയ കീറാമുട്ടി. അഞ്ച് മന്ത്രിസ്ഥാനം വേണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. ഏഴ് സീറ്റുകളിൽ വിജയം നേടിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമേ ലഭിക്കൂ എന്ന സൂചനകളാണ് പുറത്തുവരുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 13 പദവികളെന്നതാണ് നിലവിലെ ധാരണ. ആർഎസ്പി ഒരു മന്ത്രി സ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് പുറമെ സിപി ജോൺ വിഭാഗം, ജേക്കബ് വിഭാഗം, ആർഎംപി, സിപിഎമ്മിൽ നിന്ന് എത്തിയ ജി സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളെ എങ്ങനെ പരിഗണിക്കുമെന്നതിലും അനിശ്ചിതത്വമുണ്ട്. തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. എന്നാൽ ഉഭയകക്ഷി ചർച്ചകൾ ഇനിയും പൂർത്തിയായിട്ടില്ല. 21ന് നിയമസഭ ചേരുമ്പോൾ എംഎൽഎമാരുടെ സത്യപ്രതിജ്ഞയും നടക്കും.

ഇതിനിടെ സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറെ കണ്ടു പിന്തുണക്കത്ത് കൈമാറി. തുടർന്ന് സർക്കാർ രൂപീകരിക്കാൻ ഗവർണർ അദ്ദേഹത്തെ ക്ഷണിച്ചു. ഇന്ന് ചേർന്ന കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിലാണ് വി ഡി സതീശനെ ഏകകണ്ഠമായി നേതാവായി തെരഞ്ഞെടുത്തത്. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. കെ സി വേണുഗോപാലിന്റെ സേവനം പ്രത്യേകം പരാമർശിച്ച സതീശൻ, മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി കേരളത്തിലെത്തണമെന്ന് ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല ഞങ്ങളുടെ നേതാവാണ് എന്നും അദ്ദേഹം പറഞ്ഞു. നല്ല ഭരണമാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കി.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.