കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഡിജോ കാപ്പൻ എന്ന പേര് വെറുമൊരു രാഷ്ട്രീയ പ്രവർത്തകന്റേതല്ലായിരുന്നു. അതൊരു വലിയ സൗഹൃദക്കൂട്ടായ്മയുടെയും, സാധാരണക്കാരന്റെ അവകാശങ്ങൾക്കായി പൊരുതിയ ഒരു മനുഷ്യസ്നേഹിയുടേതുമായിരുന്നു. ഡിജോ കാപ്പന്റെ വിയോഗം മലയാളക്കരയെ നൊമ്പരപ്പെടുത്തുമ്പോൾ, ഏറ്റുമാനൂർ മുൻ എം.എൽ.എ സുരേഷ് കുറുപ്പ് അനുസ്മരണ വേദിയിൽ പൊട്ടിക്കരഞ്ഞ ദൃശ്യം ആ സൗഹൃദത്തിന്റെ ആഴം എത്രത്തോളമായിരുന്നു എന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
നാല് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമായിരുന്നു സുരേഷ് കുറുപ്പും ഡിജോ കാപ്പനും തമ്മിലുണ്ടായിരുന്നത്. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിൽ നിൽക്കുമ്പോഴും അവരുടെ മനസ്സ് എപ്പോഴും ഒന്നായിരുന്നു. അനുസ്മരണ പ്രസംഗത്തിനിടെ വാക്കുകൾ കിട്ടാതെ സുരേഷ് കുറുപ്പ് വിതുമ്പിയത് കേവലം ഒരു സഹപ്രവർത്തകന്റെ നഷ്ടത്തിലായിരുന്നില്ല, മറിച്ച് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കൂടപ്പിറപ്പിന്റെ വേർപാടിലായിരുന്നു. "ഡിജോയെപ്പോലെ മറ്റുള്ളവരെ സ്നേഹിച്ച മറ്റൊരു സുഹൃത്തിനെ ഞാൻ കണ്ടിട്ടില്ല" എന്ന സുരേഷ് കുറുപ്പിന്റെ വാക്കുകൾ ആ ബന്ധത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു.
ഏതൊരു കാര്യവും ഏറ്റെടുത്താൽ അത് 101 ശതമാനം കൃത്യതയോടെ പൂർത്തിയാക്കുന്ന ഡിജോയുടെ ശൈലിയെ സുരേഷ് കുറുപ്പ് പ്രത്യേകം ഓർമ്മിച്ചു. രാഷ്ട്രീയത്തിന് പുറമെ സിനിമ, സാമൂഹിക സേവനം, നിയമപോരാട്ടം തുടങ്ങി എല്ലാ മേഖലകളിലും ഡിജോ മുദ്ര പതിപ്പിച്ചു. കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്ന കാലം മുതൽക്കേ സർഗ്ഗാത്മകമായ മാറ്റങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ ആദ്യമായി സിനിമ അവാർഡ് ഏർപ്പെടുത്തിയത് ഡിജോയുടെ നേതൃത്വത്തിലായിരുന്നു.

രാഷ്ട്രീയത്തിൽ അരികുകളിലേക്ക് മാറ്റപ്പെട്ടപ്പോഴും ഡിജോ കാപ്പൻ തന്റെ പോരാട്ടം അവസാനിപ്പിച്ചില്ല. 'ഡാറ്റ'യെ തന്റെ ആയുധമാക്കി അദ്ദേഹം ഉപഭോക്തൃ സംരക്ഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. വൈദ്യുതി നിരക്ക് വർദ്ധനവ്, ബ്രഹ്മപുരം മാലിന്യ പ്രശ്നം തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ അദ്ദേഹം കോടതിയിൽ നടത്തിയ ഇടപെടലുകൾ കേരളം എന്നും ഓർമ്മിക്കും. ഒരു പ്രിൻസിപ്പൽ സെക്രട്ടറി പോലും സ്ഥിതിവിവരക്കണക്കുകൾക്കായി ഡിജോയുടെ സഹായം തേടിയിരുന്നു എന്നത് അദ്ദേഹത്തിന്റെ അറിവിനുള്ള അംഗീകാരമായിരുന്നു.
രാഷ്ട്രീയത്തിലെ ചതിക്കുഴികളിൽ പരിക്കേറ്റ ഡിജോ കാപ്പൻ പിന്നീട് പ്രാർത്ഥനയുടെയും ആത്മീയതയുടെയും വഴി തിരഞ്ഞെടുത്തു. എങ്കിലും തന്റെ സുഹൃത്തുക്കളെ അദ്ദേഹം കൈവിട്ടില്ല. പി.ടി തോമസ്, സുരേഷ് കുറുപ്പ് തുടങ്ങി എല്ലാവരുമായും ആ സുഹൃദ്ബന്ധം അചഞ്ചലമായി തുടർന്നു. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളിൽ അസാമാന്യ വൈദഗ്ദ്ധ്യമുള്ള അദ്ദേഹം പല നേതാക്കളുടെയും വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു .
അവസാന നാളുകളിൽ രോഗബാധിതനായിരിക്കുമ്പോഴും നിറഞ്ഞ പുഞ്ചിരിയോടെയാണ് അദ്ദേഹം ഏവരെയും സ്വീകരിച്ചത്. ആ പുഞ്ചിരിയും കരുത്തും ഇനി ഓർമ്മകളിൽ മാത്രം. "ഡിജോ കാപ്പൻ കേരള നിയമസഭയിലും മന്ത്രിസഭയിലും എത്തേണ്ട വ്യക്തിയായിരുന്നു" എന്ന സുരേഷ് കുറുപ്പിന്റെ വാക്കുകൾ ഒരു ജനതയുടെ മൊത്തം ആഗ്രഹമായിരുന്നു.
സൗഹൃദം എന്നത് വെറും വാക്കല്ലെന്നും അത് ഹൃദയം കൊണ്ടുള്ള കെട്ടിയവരിയലാണെന്നും സ്വജീവിതം കൊണ്ട് തെളിയിച്ചാണ് ഡിജോ കാപ്പൻ മടങ്ങുന്നത്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ പൊതുപ്രവർത്തന രംഗത്തും സൗഹൃദക്കൂട്ടായ്മകളിലും നികത്താനാവാത്ത ഒരു വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്.

ജോസ് കണിയാലി

