PRAVASI

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13 ആയി, 5 പേരുടെ നില ​ഗുരുതരം, 13 പേർ ചികിത്സയിൽ

Blog Image

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ വെന്‍റിലേറ്ററിലാണ്. 40ഓളം പേരുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്.5 ഏക്കറിലായി 8 വെടിപ്പുരകളാണ് ഉണ്ടായിരുന്നത്. ഇതിൽ 5 പുരകൾ പൂർണമായി കത്തി നശിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.  പ്രദേശത്ത് സ്ഫോടക വസ്തുക്കൾ ഇനിയും പൊട്ടാതെ കിടക്കുന്നതായുള്ള സൂചനയുണ്ട്. അപകടത്തിൽ പെട്ടവരിലേറെയും മുണ്ടത്തിക്കോട് - കുണ്ടന്നൂർ സ്വദേശികളാണ്. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസെൻസി മുണ്ടത്തിക്കോട് സതീശന്‍റെ നില അതീവ ഗുരുതരമെന്ന വിവരം പുറത്തുവരുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ 50 ലക്ഷം രൂപ കേരള സര്‍ക്കാര്‍ അനുവദിച്ചു.

ശരീരഭാഗങ്ങൾ മൃതദേഹങ്ങളായിട്ടാണ് കണക്കാക്കുന്നത് എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ ഫോറെൻസിക്ക് വിഭാഗത്തിന് പരിശോധനക്ക് മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉൾപ്പടെയുള്ള പ്രത്യേക ക്രമീകരണം സജ്ജീകരിച്ചിട്ടുണ്ട്. 

അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടിരിക്കുകയാണ്. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്ടേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി. ആദ്യ സ്ഫോടനം നടന്നത് 3.30നാണ്. ഇപ്പോഴും പ്രദേശത്ത് പൊട്ടിത്തെറി തുടരുകയാണ്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. 

സംഭവസ്ഥലത്ത് കൺട്രോൾ റൂം തുറന്നു നമ്പര്‍: 8075011853. വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തത്‌സമയ വിവരങ്ങൾ ലഭ്യമാകുന്നതിന് രണ്ട് കൺട്രോൾ റൂമുകൾ കൂടി തുറന്നിട്ടുണ്ട്. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620 തൃശൂർ താലൂക്ക് ഓഫീസ് : 04884232226

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.