"പ്രിയ ക്രിസ്റ്റി....
ചിരിക്കാനറിയാത്ത നഗരത്തിൽ നിന്ന്
നീ അറിയുവാനെഴുതുന്നത്...
കവിത പടരാത്തപ്പോൾ
ചോര വാർന്നു തളർന്നവളെപ്പോൽ
അടുക്കള ചുമരിലും
ഓഫീസ് മുറിയിലെ പൊടി പിടിച്ച ഫയലുകളിലും
ചുറ്റിനും രക്തമൂറ്റും കൊതുകുകൾക്കിടയിലും
ചിരിയുടെ മുഖാവരണമണിഞ്ഞു
ഞാൻ ചുരുണ്ടു കിടക്കും...
"നിനക്കൊന്നു വിളിച്ചാലെന്താ?
ഒന്ന് മിണ്ടിയാലെന്താ?
എന്ന് ചോദിച്ചൊന്നു കലഹിക്കാൻ...
പിണങ്ങി പിന്നെയുമിണങ്ങാൻ
മഴ ചാറുമ്പോൾ
അത്രമേൽ പ്രണയാതുരമായ്
നാല് വരി മൂളാൻ
സൗഹൃദമില്ലായ്മയിൽ
വെറും ദരിദ്രരായി പോകില്ലേ
ക്രിസ്റ്റി...മനുഷ്യർ...
നീ എന്തേലും കഴിച്ചോ?
ബസ് കിട്ടിയോ?
വീടെത്തിയോ?
വയ്യായ്ക എങ്ങനുണ്ട്?
തലവേദന കുറഞ്ഞോ?
ലാഭങ്ങളുടെ കണക്കെടുപ്പില്ലാത്തയീ
ചോദ്യങ്ങൾ കൊരുത്തിടാനൊരു കേവല
സൗഹൃദമില്ലായ്മയിലാണ്
മനുഷ്യരൊക്കെ തളരുന്നതെന്നു
നീ അറിയുന്നുവോ ക്രിസ്റ്റി...
അലാറം വിളിക്കെ
കിടക്കയിൽ നിന്ന് പിടഞ്ഞെണീറ്റു
അടുക്കളപ്പാത്രങ്ങളോട്
നിരന്തരം കലഹിച്ചും
കണ്ണാടി നോക്കി നിറഞ്ഞു ചിരിച്ചും
കണ്തടങ്ങളിലെ കറുപ്പോർത്തു ആകുലപ്പെട്ടും
എങ്കിലും മഷിപകർന്നും
പൊട്ടുതൊട്ടും
ഇന്നുകളിൽ
ഞാനെനെന്നെയിങ്ങനെ കൊരുത്തിടുന്നുണ്ടു ക്രിസ്റ്റി...
ഗ്ലോബൽ വാമിങ്നെ കുറിച്ചും
ഇൻഫോസിസ് വിവാദങ്ങളിലും
ആളോഹരി വരുമാനത്തിലും
കുരുങ്ങി കിടക്കുന്നോർക്കിടയിൽ നിന്ന്
പുതിയ റീൽസ് ഇടാൻ
പല്ലിളിച്ചും മുടിയൊരുക്കിയും
ചായമടിച്ചൊരുങ്ങുന്നോർക്കിടയിൽനിന്ന്
അന്നന്നത്തെ അന്നത്തിനു കൈനീട്ടുന്നവരിൽ നിന്ന്
ഉത്സവമാഘോഷിക്കപ്പെടുമ്പോൾ
ജീവിതതോണി തുഴയാൻ
തത്രപ്പെടുന്നവർക്കിടയിൽ നിന്ന്
നികത്തിയ വയലുകളുടെ
അനാഥമായ ചതുപ്പുകൾ ക്കിടയിൽ നിന്ന്...
അത്രമേൽ പ്രീയപ്പെട്ട മാമ്പഴക്കാലത്തിന്റെ
വെട്ടി മുറിക്കപ്പെട്ട ശിഖരങ്ങൾക്കിടയിൽ നിന്ന്
തണലുനഷ്ടപ്പെടുത്തിയ ആൽമരങ്ങൾക്കിടയിൽ നിന്ന്...
യാത്രക്കാർ തിങ്ങിയ ബസിന്റെ വേഗത്തിൽ
പതിനൊന്നു വയസ്സുകാരിയെ തഴുകിയ എഴുപതുകാരന്റെ വൈകൃതങ്ങളെ കണ്ടു
ശബ്ദമുയർത്തിയിട്ടും
നിർവികാരത എടുത്തണിഞ്ഞ മുഖവുമായി യാത്രചെയ്യുന്ന
അപകടകാരികളായ
സഹയാത്രികരിൽ നിന്ന് അനാഥാലയങ്ങളിലെ
ജനലിനപ്പുറം കനത്ത നെഞ്ചുമായി
അഴൽ കണ്ണുമായ് നീതി തേടിയ വാർദ്ധക്യങ്ങളിൽ നിന്ന്....
ലഹരി നുരഞ്ഞു പൊന്തുന്ന ക്ലാസ്സ്‌മുറികൾക്കുള്ളിൽ നിന്ന്...
വേഗത അലങ്കാരമാക്കി തെരുവിലൂടെ
ചീറിപാഞ്ഞൊടുവിൽ 108 ൽ ആശുപത്രി
തേടുന്ന യുവത്വങ്ങളിൽ നിന്ന്
പിഞ്ചുടലിൽ കാമം തിരയുന്ന
കാടത്തങ്ങളിൽ നിന്ന് ഞാൻ എങ്ങോട്ടാണ്
ക്രിസ്റ്റി ഓടി ഒളിക്കേണ്ടത്
തെക്കു വടക്കു പടിഞ്ഞാറു കിഴക്കതിരുകളോളം...
അത് കഴിഞ്ഞാൽ പിന്നെങ്ങോട്ട്
നോക്കു.... പിന്നെയും തോറ്റംപാട്ടുപോലെ
ഞാനിതൊക്കെ പാടി നോക്കും എഴുതി വയ്ക്കും
പതിവായി കലഹിക്കും
സമരസപ്പെടും...
ഒടുവിലൊരു ചിതവിളിക്കും
പകുതി പൂക്കാനൊരുങ്ങിയ ഒരൊറ്റ നക്ഷത്രമായി
പ്രപഞ്ചത്തിന്റെ അതിരുകളിൽ കവിത കോറി വരയ്ക്കും
ഇതെല്ലാം കണ്ടും കേട്ടും വിഷാദിച്ചും
പുഞ്ചിരിച്ചും മുനിഞ്ഞു കത്തും....

സുമ രാമചന്ദ്രൻ

