PRAVASI

എസ്.എസ്.എൽ.സി. ഫലം ആര് പ്രഖ്യാപിക്കും?ഭരണമാറ്റം തടസ്സമാകുന്നു

Blog Image

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം നടന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ. മുൻ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നതനുസരിച്ച് ഈ വെള്ളിയാഴ്ചയാണ് ഫലം വരേണ്ടതെങ്കിലും, പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തത് പ്രഖ്യാപനത്തെ ബാധിച്ചേക്കും. മൂല്യനിർണയം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി പരീക്ഷാബോർഡ് ബുധനാഴ്ച യോഗം ചേരുന്നുണ്ട്.

പതിവുപോലെ ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തിയാക്കിയെങ്കിലും, ഉത്തരവാദിത്തപ്പെട്ട മന്ത്രി ഇല്ലാത്തത് ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നുണ്ട്. 2021-ലെ തിരഞ്ഞെടുപ്പ് സമയത്ത് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ഷാജഹനായിരുന്നു ഫലം പ്രഖ്യാപിച്ചത്. സമാനമായ രീതിയിൽ ഇത്തവണയും ഉദ്യോഗസ്ഥർ ഫലപ്രഖ്യാപനം നടത്തുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനമായിട്ടില്ല.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ. വാസുകി സ്ഥലംമാറി പോയതോടെ ഷർമിള മേരി ജോസഫിനാണ് നിലവിൽ ചുമതല. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷും നിലവിലുണ്ട്. ഇവരുടെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടത്തി തീരുമാനമെടുക്കാവുന്നതാണെങ്കിലും ഇതുവരെ അത്തരം നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.

സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള ബോർഡുകൾ ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, എസ്.എസ്.എൽ.സി. ഫലവും ഉടൻ പുറത്തുവിടണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ.എസ്.ടി.യു. വിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.