പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്നത് ഇന്ത്യൻ വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിന് മുന്നറിയിപ്പ് നൽകി. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്ന സാഹചര്യത്തിൽ, എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കണമെന്നും വില നിർണ്ണയത്തിൽ ഏകീകരണം കൊണ്ടുവരണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
ഒപെകിൽ നിന്നുള്ള യുഎഇയുടെ പിന്മാറ്റം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇനിയും വർധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. ഇത് വിമാനക്കമ്പനികളെ മാത്രമല്ല, ആഭ്യന്തര വിപണിയിലെ പെട്രോൾ, ഡീസൽ വിലയെയും ബാധിച്ചേക്കാം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിക്കുന്നതോടെ ഇന്ത്യയിലും ഇന്ധനവിലയിൽ വലിയ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രവർത്തനച്ചെലവ് ഉയർന്നതോടെ അന്താരാഷ്ട്ര സർവീസുകൾ പലതും ലാഭകരമല്ലാതായി മാറിയ സാഹചര്യത്തിൽ, ടിക്കറ്റ് നിരക്കുകളിലും വരും ദിവസങ്ങളിൽ വലിയ മാറ്റം ഉണ്ടായേക്കാം.

