PRAVASI

"അച്ഛനില്ലാ നേരത്ത് പാതിരാത്രി സമയത്ത്..."

Blog Image


"അച്ഛനില്ലാ നേരത്ത്
പാതിരാത്രി സമയത്ത്..." അടുത്തകാലത്ത് കേട്ടതില്‍ ഏറ്റവും നിന്ദ്യവും നികൃഷ്ടവും ക്രൂരവും പൈശാചികവുമായ ഒരു മുദ്രാവാക്യമായിരുന്നു അത്.
മന്ത്രിക്കൊച്ചമ്മയുടെ പിടലി നാടകത്തിനു പിന്നാലെ, അവരുടെ ഉളുക്കാത്ത കഴുത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വാഴക്കുല ഡോക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ ഉയര്‍ന്നുകേട്ടതാണീ ശബ്ദം.
തെറ്റു പറ്റിയെന്നു മനസ്സിലാക്കിയ ചിന്ത പോലും ഒരു താളത്തിനു താനും അത് ഏറ്റുപാടിയതാണെന്നു പറഞ്ഞ് ഖേദപ്രകടനം നടത്തി. അത് അവരുടെ മാന്യത!
ഇതേ മുദ്രാവാക്യം മുഴക്കിക്കൊണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് എതിരേ ആരെങ്കിലും ഒരു പ്രകടനം നടത്തിയാല്‍, അവരെ വിജയിപ്പിച്ച കോണ്‍ഗ്രസുകാര്‍ തന്നെ അത് പതിന്മടങ്ങ് ശബ്ദത്തില്‍ ഏറ്റുപറഞ്ഞേനേ!
അത്ര നാണംകെട്ട, തരംതാണ പരിപാടികളാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്.
'കോലക്കുഴല്‍ വിളി കേട്ടോ രാധേ... എന്‍ രാധേ..' എന്ന ഗാനവുമായി ഇതിനു നേതൃത്വം കൊടുക്കുന്നത് നമ്മുടെ പ്രിയങ്കരനായ വേനുഗോപാല്‍ജിയാണ്.
പണവും പ്രതാപവും വാഗ്ദാനം ചെയ്യുന്ന ഈ മുരളീഗാനത്തില്‍ ആകൃഷ്ടരായി, എംഎല്‍എമാര്‍ ഓരോരുത്തരായി ആ ആകര്‍ഷവലയത്തിലേക്ക് നിരനിരയായി നീങ്ങുന്നുണ്ട് (പോകുന്ന പോക്കില്‍ തങ്ങളെ തെരഞ്ഞെടുത്ത സമ്മതിദായകരെ ജൗളിപൊക്കി പൃഷ്ടം കാണിക്കാനും അവര്‍ മറക്കുന്നില്ല.)
'നാശത്തിലേക്കാണ് നിങ്ങളുടെ ഈ പോക്ക്...' എന്നൊരു സിനിമാ ഡയലോഗ് ഓര്‍മ്മവരുന്നു.
'താന്‍ ഒരു കാരണവശാലും മുഖ്യമന്ത്രിപദവിയിലേക്കില്ല' എന്ന് മാളോരുടെ മുന്‍പില്‍ 'നേരെ ചൊവ്വേ' വിളിച്ചുപറഞ്ഞ വേണു, അതിവിദഗ്ദ്ധമായി, ഒരു കുതന്ത്രത്തിന്‍റെ തിരക്കഥ മെനയുകയായിരുന്നുവെന്ന് ആരും വിചാരിച്ചില്ല.
കേരളത്തിലെ എംപിമാര്‍ ആരുംതന്നെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട എന്നൊരു തീരുമാനം ഹൈക്കമാന്‍ഡിനെക്കൊണ്ട് എടുപ്പിച്ചാണ് വേണു കരുക്കള്‍ നീക്കിയത്. തന്‍റെ ഇഷ്ടത്തിനൊത്ത് ചാടിക്കളിക്കുന്ന വാനരന്മാരെ സ്ഥാനാര്‍ത്ഥികളാക്കുക എന്നതായിരുന്നു അടുത്ത നീക്കം.
ഇതിന്‍റെ പിന്നിലെ ചതി മനസ്സിലാക്കാതെ കൈയും മെയ്യും മറന്ന് അതിശക്തമായ ചില അപ്രിയ തീരുമാനങ്ങളെടുത്ത് ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച് തകര്‍ച്ചയുടെ വക്കിലെത്തിയ കോണ്‍ഗ്രസിന്‍റെ അണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത് വി.ഡി. സതീശനാണ്.
നൂറിലധികം സീറ്റ് എന്ന് ഉറപ്പിച്ചു പറഞ്ഞത് സതീശന്‍ മാത്രമാണ്. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊള്ളാമെന്നും അദ്ദേഹം പ്രസ്താവിച്ചു.
കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലായിരുന്നെങ്കില്‍, സതീശനെ അദ്ദേഹത്തിന്‍റെ കഷണ്ടിത്തല മൊട്ടയടിച്ച്, ചുട്ടികുത്തി, കഴുതപ്പുറത്തു കയറ്റി വേണുവിന്‍റെ നേതൃത്വത്തില്‍ നാടുകടത്തിയേനെ.
അവസാനം കോണ്‍ഗ്രസിന് വമ്പിച്ച ഭൂരിപക്ഷം കിട്ടിയപ്പോള്‍ പൊട്ടനു ലോട്ടറി കിട്ടിയ അവസ്ഥയായി.
ഞാന്‍ നിങ്ങളെ പറ്റിച്ചേ എന്ന വളിച്ച ചിരിയുമായി എംപിമാര്‍ മത്സരിക്കണ്ട എന്ന തീരുമാനമെടുപ്പിച്ച ഹൈക്കമാന്‍ഡിന്‍റെ സൂപ്പര്‍മാന്‍ വേണുഗോപാല്‍ജി, എംഎല്‍എമാരുടെ മൊത്തം പിന്തുണ ഉറപ്പിച്ചുകൊണ്ട് തന്‍റെ അവസാന കരുക്കള്‍ നീക്കിത്തുടങ്ങി.
എത്ര സമര്‍ത്ഥമായാണ് അദ്ദേഹം കര്‍ട്ടനു പിന്നില്‍ നിന്നും ചരട് വലിച്ചതെന്ന് പിന്നാലെ ചില എംഎല്‍എമാര്‍ നടത്തിയ പ്രസ്താവനകളിലൂടെ നമുക്കു മനസ്സിലായി.
തലയില്‍ ആളുതാമസമുണ്ടെന്നു നമ്മള്‍ കരുതിയ മാത്യു കുഴല്‍നാടന്‍റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഞെട്ടിച്ചുകളഞ്ഞു. കോണ്‍ഗ്രസിന്‍റെ കാര്യം കോണ്‍ഗ്രസ് നോക്കിക്കൊള്ളാമെന്നും അതില്‍ ലീഗ് ഇടപെടേണ്ട എന്നുമാണ് അദ്ദേഹം ഒരു താക്കീതുസ്വരത്തില്‍ പ്രസ്താവിച്ചത്. താന്‍ ആരുവാ? താഴ്ചയിലും വീഴ്ചയിലും കോണ്‍ഗ്രസിനെ താങ്ങിനിര്‍ത്തിയത് ലീഗ് ആണെന്നുള്ള കാര്യം ഈ പുത്തന്‍ കോണ്‍ഗ്രസുകാരന്‍ മറന്നു.
കേരളത്തില്‍ കോണ്‍ഗ്രസ് ഭരണമല്ല, മറിച്ച് ഒരു മുന്നണി സംവിധാനമാണെന്നുള്ള ബോധംപോലും ഈ ബുദ്ധിജീവി വക്കീലിനുണ്ടായില്ല.
ലീഗ് നേതാക്കന്മാര്‍ മുഖ്യമന്ത്രിയായാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? എക്കാലത്തും മുന്നണിസംവിധാനത്തില്‍ ലീഗ് മന്ത്രിമാര്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.
മറ്റൊരു മരപ്പൊട്ടന്‍ തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തുകാരുടെ മുന്നില്‍ നിന്നു കരഞ്ഞു മെഴുകിയ എം. ലിജുവാണ്. ഒരു സതീശന്‍ പോയാല്‍ കോണ്‍ഗ്രസിന് വെറും പുല്ലാണ് എന്ന അര്‍ത്ഥത്തിലാണ് അയാള്‍ മാപ്രാകളുടെ മുന്നില്‍നിന്ന് വീരവാദം മുഴക്കിയത്. കുടിലില്‍ നിന്നു കൊട്ടാരത്തിലേക്ക് കുടിയേറുവാനുള്ള അതിമോഹമാണ് ലിജുമോന്.
ജനങ്ങളുടെ പിന്തുണയൊക്കെ മാറിമറിയുവാന്‍ ഒരൊറ്റ രാത്രി ഇരുണ്ടുവെളുത്താല്‍ മതിയെന്നു ജനങ്ങളുടെ കണ്ണിലുണ്ണിയായ ഷാഫി പറമ്പിലും ഓര്‍ത്താല്‍ നന്ന്.
ഭരണവിരുദ്ധ വികാരം ഉണ്ടാക്കുവാന്‍ പിണറായി വിജയന് പത്ത് വര്‍ഷം വേണ്ടിവന്നു. ഭരണത്തിലെത്തും മുമ്പേ ഭരണവിരുദ്ധ വികാരം ഉണ്ടാക്കുവാന്‍ കഴിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ബിഗ് സല്യൂട്ട്!
ഇപ്പോള്‍ ഹൈക്കമാന്‍ഡ് കളിക്കുന്ന നാടകം കാണികളുടെ കൂക്കുവിളിയോടുകൂടി മാത്രമേ അവസാനിക്കൂ.
ഹൈക്കമാന്‍ഡിനെ നയിക്കുന്നത് എട്ടുംപൊട്ടും തിരിയാത്ത അന്‍പത്തിയാറുകാരനായ ഒരു ടീഷര്‍ട്ടുകാരനാണ്. കുറേ നാളായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ തെക്കുവടക്കു യാത്ര ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ ഹോബി. ഇടയ്ക്കിടെ കടലില്‍ ചാടുക, തട്ടുകടയില്‍ കയറി പുട്ടടിക്കുക, സൈക്കിള്‍ യജ്ഞം നടത്തുക തുടങ്ങിയ ചെപ്പടിവിദ്യകള്‍ കാണിച്ച് അദ്ദേഹം കാണികളെ രസിപ്പിക്കുന്നുണ്ട്. ഈ രാജകുമാരന്‍ തലപ്പത്തിരിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസ് പാര്‍ട്ടി സൈക്കിള്‍ യജ്ഞക്കാരനെപ്പോലെ വട്ടത്തില്‍ക്കിടന്നു കറങ്ങുകയേയുള്ളൂ.
കേരളത്തിലാണെങ്കില്‍ പച്ചവെള്ളം ചവച്ചിറക്കുന്ന ഒരു കെപിസിസി പ്രസിഡണ്ടുണ്ട്-എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍.~
അവസാന അദ്ധ്യായം ശ്രീവേണുഗോപാല്‍ജി കേരള മുഖ്യമന്ത്രിയാകും. മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്‍റെ പ്രധാന കുഴലൂത്തുകാര്‍ പ്രധാന പദവികള്‍ അലങ്കരിക്കും.
ആറുമാസത്തിനകം നിയമപ്രകാരം ഉപതെരഞ്ഞെടുപ്പ് നടക്കും. കേരളത്തിലെ ഏതു മണ്ഡലത്തില്‍ നിന്നു മത്സരിച്ചാലും വേണുഗോപാല്‍ എട്ടുനിലയില്‍ പൊട്ടും. അദ്ദേഹത്തിനു മുഖ്യമന്ത്രിപദം രാജിവെക്കേണ്ടിവരും. അതോടെ കൂട്ടത്തിലുള്ള മന്ത്രിമാര്‍ക്കും അധികാരം നഷ്ടമാകും.
ആലപ്പുഴ പാര്‍ലമെന്‍റ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. അതില്‍ വിഷമിക്കാനൊന്നുമില്ല. എങ്ങനെവന്നാലും അടുത്ത പത്തുകൊല്ലം കഴിയുമ്പോള്‍ കേരളം ഭരിക്കേണ്ടത് ബിജെപി അല്ലേ?
അധികം താമസിയാതെ വെളുത്ത പുക ഉയരുമെന്നാണ് കെപിസിസി പ്രസിഡണ്ട് പറയുന്നത്. അതിലും നല്ലത് കോണ്‍ഗ്രസിന്‍റെ പുക കണ്ടേ ഞങ്ങള്‍ അടങ്ങൂ എന്നു പറയുന്നതായിരിക്കും.
***** *****  *****
ഒരിക്കലും ചിരിക്കാത്ത വിജയേട്ടന്‍ പോലും കോണ്‍ഗ്രസിന്‍റെ ഈ പൊറാട്ട് നാടകം കണ്ട് ഏതെങ്കിലും മുറിയില്‍ കയറി കതകടച്ചിരുന്ന് കമലേച്ചി പോലും കാണാതെ പൊട്ടിച്ചിരിക്കുകയാകും. ലാല്‍സലാം സഖാവേ!
We miss you!

രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.