PRAVASI

(വഴിവിളക്കുകള്‍-6 ) മാട്ടേല്‍ മറിയ

Blog Image

മറിയയുടെ കണ്ണ് മരത്തിലോ, മാട്ടേലോ ആണെങ്കില്‍ ഉറപ്പിക്കാം, ഭൂമിയിലുള്ള നിങ്ങളെ ആരെയോ ആണ് അവര്‍ നോക്കുന്നതെന്ന്. മറിയയുടെ കണ്ണ് നിങ്ങളുടെ മുഖത്ത് ആണെങ്കില്‍ തീര്‍ച്ചയാണ്; അവര്‍ നിങ്ങളെയല്ല നോക്കുന്നത്. കോങ്കണ്ണ് അത്രമേല്‍ ഗുരുതരമായിരുന്നതുകൊണ്ടാണ് മറിയ, മാട്ടേല്‍ മറിയയായത്. പക്ഷേ, ആ കോങ്കണ്ണ് അവര്‍ക്ക് ഒരു അലങ്കാരം തന്നെയായിരുന്നു. കോങ്കണ്ണിന്‍റെ പേരില്‍ മറിയക്ക് ഒരു അപകര്‍ഷതാബോധം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഏതു പ്രതിസന്ധികളെയും അഭിമുഖീകരിക്കാനുള്ള ഒരു വല്ലാത്ത ധൈര്യവും അതവര്‍ക്ക് നല്‍കിയിരുന്നു. മകന്‍ ജനിച്ച് ഏറെ താമസിക്കുന്നതിനു മുന്‍പുതന്നെ മറിയക്ക് അവരുടെ ഭര്‍ത്താവിനെ നഷ്ടമായതാണ്. പിന്നെ മകനെ ഓമനിച്ചു വളര്‍ത്തിയതും അവന്‍റെ കാര്യങ്ങളെല്ലാം മുടക്കം കൂടാതെ നടത്തിയിരുന്നതും മറിയയാണ്. അതിന് അവര്‍ ഒരുമാതിരിപ്പെട്ട ജോലികളൊക്കെ ചെയ്തു. വീടുകളില്‍ ജോലിക്ക് പോയി, പാടത്തും പറമ്പിലും പണിതു, ആളുകള്‍ക്ക് ചൂലു കെട്ടിനല്‍കി, വീടിനോട് ചേര്‍ന്നുള്ള ഇത്തിരി സ്ഥലത്ത് കപ്പയും കാച്ചിലും പച്ചക്കറിയുമെല്ലാം കൃഷിചെയ്തു.


മറിയ ജീവിച്ചതു മുഴുവന്‍ മകനുവേണ്ടിയാണ്. മകന് കല്യാണപ്രായം ആയതോടെ നാടുമുഴുവന്‍ മകന് പറ്റിയ ഒരു പെണ്‍കൊച്ചിനെ അന്വേഷിക്കലായി മറിയയുടെ ജോലി. മകന് ഏറ്റവും മികച്ച പെണ്‍കുട്ടിയെ തന്നെ വേണം എന്നുള്ളതിനാല്‍ ആ അന്വേഷണം ഒരുപാട് കാലം നീണ്ടു. മകന് വയസ്സ് മുപ്പത്തഞ്ചോടടുത്തു. എങ്കിലും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും മറിയ തയ്യാറായില്ല. പോകുന്നിടത്തൊക്കെ തന്‍റെ മകന് പറ്റിയ സുന്ദരിയായ, മിടുക്കിയായ ഒരു പെണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം അവര്‍ തുടര്‍ന്നു.
അങ്ങനെ മകന്‍റെ മുപ്പത്തിയാറാമത്തെ വയസ്സില്‍ മറിയ അവനിണങ്ങിയ നല്ലൊരു പെണ്‍കുട്ടിയെ കണ്ടുപിടിച്ചു. മകനും ഇഷ്ടക്കുറവ് ഒന്നുമുണ്ടായിരുന്നില്ല. വര്‍ഷങ്ങളോളം മറിയ സ്വപ്നം കണ്ട മകന്‍റെ വിവാഹം അങ്ങനെ ഭംഗിയായി കഴിഞ്ഞു.
ആറുമാസം തികഞ്ഞില്ല. മറിയയെ തനിച്ചാക്കി മകനും മരുമകളും മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. ജീവിതം മുഴുവന്‍ പരീക്ഷണങ്ങളും പോരാട്ടങ്ങളും ആയിരുന്നെങ്കിലും പെട്ടെന്നുള്ള ഈ ഒറ്റപ്പെടല്‍ മറിയയെ വല്ലാതെ തകര്‍ത്തു. തോറ്റുകൊടുക്കാനോ, ഒളിച്ചോടാനോ അവര്‍ തയ്യാറായില്ല. പതിവുപോലെ മറിയ വിവിധതരം ജോലികളില്‍ വ്യാപൃതയായി. നാട്ടുകാരുടെ പരിഹാസം കലര്‍ന്ന ചോദ്യങ്ങള്‍ക്ക് സംയമനത്തോടെ മറുപടി നല്‍കി. എങ്കിലും ഉള്ളില്‍ അവര്‍ തേങ്ങുകയായിരുന്നു. അത്ര നാളും എനിക്ക് ഒരു പ്രഹേളിക ആയിരുന്ന മറിയയുടെ കണ്ണില്‍, പതുക്കെ പതുക്കെ നിരാശ കനം വെച്ചു. തികച്ചും അപ്രതീക്ഷിതമായി ഒരു ദിവസം മകനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍, അതുവരെ ആര്‍ക്കും പിടിതരാതിരുന്ന അവരുടെ കണ്ണുകള്‍ അവരെ വഞ്ചിച്ചു. ഉതിര്‍ന്നു വീഴുന്ന ആ കണ്ണീര്‍ക്കണങ്ങളെ ഞാന്‍ നിസഹായതയോടെ നോക്കി നിന്നു. ഒന്നോ രണ്ടോ നിമിഷങ്ങള്‍ക്കു ശേഷം അവര്‍ എന്‍റെ വലതുവശത്തുള്ള മരക്കൊമ്പിലേക്ക് സധൈര്യം നോക്കി. എനിക്കറിയാമായിരുന്നു, തീക്ഷ്ണമായ ആ നോട്ടം എന്‍റെ കണ്ണുകളെയും തുളച്ച് ഹൃദയത്തിന്‍റെ അടിത്തട്ടിലെത്തുമെന്ന്. ആ നോട്ടത്തെ, എങ്ങനെ നേരിടുമെന്നറിയാതെ ഞാന്‍ എന്‍റെ ഇടതുവശത്തെ കയ്യാലപ്പുറത്തേക്ക് കണ്ണുതിരിച്ചു.

NB പേര് യഥാര്‍ത്ഥമല്ല

(ആന്‍സി സിറിയക് ഇലക്കാട്ട് (കോട്ടയം ബിസിഎം കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക) രചിച്ച്, മഷിക്കൂട്ട് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ച, നാട്ടുവഴിയിലെ വിളക്കുമരങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.