PRAVASI

അമ്പരപ്പിച്ച 92%, ചരിത്രമെഴുതി ഒന്നാം ഘട്ട പോളിംഗ്, ആർക്കനുകൂലം? മെയ് 4 ടിഎംസിയുടെ എക്സ്പയറി ഡേറ്റെന്ന് മോദി, ബിജെപിയുടെ പതനം തുടങ്ങുമെന്ന് മമത

Blog Image

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ സർവകാല റെക്കോഡുകൾ ഭേദിച്ച് പോളിംഗ് ശതമാനം ഉയർന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒന്നാം ഘട്ടത്തിൽ 92 ശതമാനത്തിലേറെയാണ് പോളിംഗ്. ഏറ്റവും ഒടുവിൽ ലഭിച്ചത് 92.03% ശതമാനമെന്നാണ്. വടക്കൻ ബം​ഗാളുൾപ്പടെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ ജനങ്ങളാണ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്. എല്ലായിടത്തും രാവിലെ മുതൽ തന്നെ സ്ത്രീകളടക്കം കൂട്ടത്തോടെയെത്തി വോട്ട് രേഖപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ഏപ്രിൽ 29 ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് ജനവിധി തേടുക. ഇതുകൂടി കഴിഞ്ഞാൽ മാത്രമേ ഇന്ത്യ ചരിത്രത്തിലെ സർവകാല റെക്കോർഡ് ബംഗാൾ ജനത സ്വന്തമാക്കുകമോയെന്ന് അറിയാനാകു. 2021 ൽ സംസ്ഥാനത്ത് 82.64 ശതമാനമായിരുന്നു ആകെ പോളിം​ഗ്. പോളിംഗ് സമയം കഴിഞ്ഞെങ്കിലും 6 മണിക്കുള്ളിൽ ബൂത്തിലെത്തിയവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ വോട്ടെടുപ്പ് കണക്കുകളിൽ വ്യത്യാസം ഉണ്ടാകും. അതേസമയം ഇത്തവണത്തെ അമ്പരപ്പിക്കുന്ന പോളിംഗ് ശതമാനത്തിൽ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിക്കഴിഞ്ഞു. ഉയർന്ന പോളിം​ഗ് തൃണമൂൽ കോൺഗ്രസിന് അനുകൂലമെന്നാണ് ബംഗാൾ മമത ബാനർജിയുടെ പക്ഷം. ജനങ്ങളുടെ പൾസ് ഞങ്ങൾ ഇതിനോടകം ബം​ഗാളിന്റെ ഡ്രൈവിം​ഗ് സീറ്റിൽ എത്തി എന്ന് വ്യക്തമാക്കുന്നതാണ്. ടി എം സി വീണ്ടും അധികാരത്തിലേറുമെന്നും ബി ജെ പിയുടെ പതനം തുടങ്ങിയെന്നും മമത അഭിപ്രായപ്പെട്ടു.
അതേസമയം രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. വലിയ വാഗ്ദാനങ്ങളുമായി ബംഗാളിൽ ഇന്ന് റാലി നടത്തിയ മോദി, സ്ത്രീകള്‍ക്ക് പ്രതിമാസം മൂവായിരം രൂപ, ​ഗർഭിണികൾക്ക് 21000 രൂപ, ബിരുദപഠനത്തിന് അൻപതിനായിരം രൂപ, വീട് നിർമ്മിക്കാൻ ഒന്നരലക്ഷം അടക്കം പത്ത് പ്രഖ്യാപനങ്ങളും നടത്തി. മെയ് നാല് ടി എം സി സർക്കാറിന്‍റെ എക്സ്പയറി ഡേറ്റാണെന്നും മോദി അഭിപ്രായപ്പെട്ടു. അതേസമയം മ മ തയെ ബി ജെ പി അധിക്ഷേപിക്കുന്നുവെന്ന പ്രചാരണം പോളിം​ഗ് ദിനത്തിലും ടി എം സി സജീവമാക്കിയിരുന്നു. 2.4 ലക്ഷം സൈനിക വിന്യാസം ചൂണ്ടിക്കാട്ടി ബം​ഗാളിൽ പട്ടാള ഭരണത്തിന് തുല്യമായ അവസ്ഥയാണെന്ന് അഭിഷേക് ബാനർജി പറഞ്ഞു. ഉയർന്ന പോളിം​ഗ് ഭരണ വിരുദ്ധ വികാരമാണെന്ന് ബി ജെ പി കരുതുമ്പോൾ, ന്യൂനപക്ഷ വോട്ടുകളടക്കം സുരക്ഷിതമായി തങ്ങളിലെത്തിയെന്ന ആത്മവിശ്വാസത്തിലാണ് ടി എം സി.

വോട്ടെടുപ്പിനിടയിലും ബംഗാളിലെ പലമേഖലകളിലും സംഘർഷമുണ്ടായി. മുർഷിദാബാദിലെ നൗദയിൽ ഇന്നലെ രാത്രി പ്രൈമറി സ്കൂളിന് സമീപം റോഡിൽ പെട്രോൾ ബോംബ് എറിഞ്ഞ് സ്ത്രീക്ക് പരിക്കേറ്റിരുന്നു. ഇവിടേക്ക് വന്ന ആം ജനത ഉന്നായൻ പാർട്ടി നേതാവ് ഹുമയൂൺ കബീറിനെതിരെ ടി എം സി പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. കേന്ദ്രസേന ലാത്തി ചാർജ് നടത്തിയാണ് ആളുകളെ നീക്കിയത്. 2 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. സൗത്ത് ദിനാജ്പൂരിലെ ബി ജെ പി സ്ഥാനാർത്ഥി സുബേന്ദു സർക്കാറിനെ ടി എം സിക്കാർ വളഞ്ഞിട്ട് തല്ലി. അസൻസോൾ ദക്ഷിൺ സ്ഥാനാർത്ഥി അ​ഗ്നിമിത്ര പോളിന്റെ വാഹനത്തിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു. ബിർഭൂമിലെ ലാബ്പൂരിൽ ബി ജെ പി ബൂത്ത് എജന്റിനെ ആക്രമിച്ച് തലക്ക് പരിക്കേൽപിച്ചു. സി ആർ പി എഫ് ജവാന് നേരെ ആൾക്കൂട്ടം കല്ലെറിഞ്ഞ് താടിക്ക് പരിക്കേറ്റു. അക്രമ സംഭവങ്ങള്‍ക്കിടയിലും പോളിം​ഗ് സു​ഗമമായി നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.